
ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് വീണ്ടും വംശീയ വിവാദം. കറുത്ത വര്‍ഗക്കാരനായ ഖയ സോന്‍ഡോ ടീമില്‍ ഉണ്ടെങ്കില്‍ ടീമില്‍നിന്ന് പിന്‍വാങ്ങുമെന്ന് അന്ന് ക്യാപ്റ്റന്‍ കൂടിയായിരുന്ന എ.ബി. ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.
2015ല്‍ ദക്ഷിണാഫ്രിക്കന്‍ ടീം നടത്തിയ ഇന്ത്യന്‍ പര്യടനത്തിനിടയിലാണ് വിവാദമായ ഈ സംഭവം അരങ്ങേറിയത്. സോന്‍ഡോയെ ഒഴിവാക്കിയതിനെതിരെ അന്നുതന്നെ താരങ്ങള്‍ പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം ഏകദിനത്തിനു തലേന്ന് സാധ്യതാ ഇലവന് തയാറാക്കിയപ്പോള്‍ അതില്‍ സോന്‍ഡോയുടെ പേരും ഉള്‍പ്പെട്ടിരുന്നുവെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സിഎസ്എ) മുന്‍ പ്രസിഡന്റ് നോര്‍മന്‍ ആരെന്‍ഡ്സെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ടീം കളത്തിലിറങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പു മാത്രം സോന്‍ഡോയെ അന്തിമ ഇലവനില്‍നിന്ന് ഒഴിവാക്കി. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 2018 ഫെബ്രുവരിയില്‍ സെഞ്ചൂറിയനില്‍വച്ച് ഇന്ത്യയ്ക്കെതിരെ തന്നെയാണ് സോന്‍ഡോ അരങ്ങേറ്റം കുറിച്ചത്.






