
തിരുവനന്തപുരം : പ്രതിദിനം 20,000 കോവിഡ് കേസുകൾ വരെ ഉണ്ടാകാമെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന ചോദ്യം ചെയ്ത് കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്. സംസ്ഥാനത്ത് നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും പോസിറ്റീവ് കേസുകളും തമ്മിലുള്ള അന്തരം ഉയർത്തിക്കാട്ടിയാണ് പി.സി.വിഷ്ണുനാഥ് ഫെയ്സ്ബുക്കിൽ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ദിവസവും 20,000 കേസുകൾ ഉണ്ടാകണമെങ്കിൽ ഒരോ 8 ടെസ്റ്റ് നടത്തുമ്പോൾ 5 കോവിഡ് പോസീറ്റീവ് കേസ് സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
കേരളത്തില്‍ പ്രതിദിനം 10,000 നും 20,000നും ഇടയില്‍ കോവിഡ് കേസുകള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. രോഗികളുടെ എണ്ണത്തിലെ വര്‍ധനയെക്കാള്‍ കേരളം നടത്താന്‍ പോവുന്ന പരിശോധനകളുടെ എണ്ണമാണ് ഞെട്ടിക്കുന്നത്.
സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതല്‍ 13 വരെ 3.13 ലക്ഷം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ 16,095 കേസുകള്‍ ഉണ്ടായി. ടെസ്റ്റുകളുടെ പ്രതിദിന ശരാശരി 24,104. അപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.1%.
ഇതേ പോസിറ്റിവിറ്റി റേറ്റ് നിലനില്ക്കും എന്ന് കരുതിയാല്‍ മന്ത്രി പറയുന്ന പ്രതിദിനം 10,000 കേസുകള്‍ കണ്ടുപിടിക്കണമെങ്കില്‍ പ്രതിദിനം 1.95 ലക്ഷം ടെസ്റ്റുകള്‍ നടത്തണം. 20,000 കേസുകള്‍ കിട്ടണമെങ്കില്‍ ഇത് 3.9 ലക്ഷം ടെസ്റ്റുകളാക്കണം. ഓഗസ്റ്റ് മാസത്തെ ദിവസ ശരാശരി ടെസ്റ്റ് 24104 ആണെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി നമ്മൾ 31000 നു അടുത്ത് ടെസ്റ്റുകൾ ദിനംപ്രതി നടത്തുന്നുണ്ട്. അതിൽ പ്രതിദിന പോസിറ്റിവിറ്റി ശരാശരി 5% ആണ്.






