
ചെന്നൈ : ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി എം.എസ് ധോനി തുടരാൻ കാരണം തന്റെ നിർണായക ഇടപെടലായിരുന്നെന്ന് വെളിപ്പെടുത്തി ബി.സി.സി.ഐയുടെ മുൻ പ്രസിഡന്റും ചെന്നൈ സൂപ്പർ കിങ്സ് ഉടമയുമായ എൻ.ശ്രീനിവാസൻ. 2011 ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യ ഓസ്ട്രേലിയയോട് സമ്പൂർണ ടെസ്റ്റ് തോൽവി വഴങ്ങിയപ്പോൾ ധോനിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കുന്നതിനെ കുറിച്ച് സെലക്ടർമാർ ആലോചിച്ചിരുന്നെന്നും എന്നാൽ താൻ അത് ശക്തമായി എതിർത്തുവെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറയുന്നു.
'2011-ലെ ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യ ഓസ്ട്രേലിയയോട് സമ്പൂർണ തോൽവി വഴങ്ങി. ഇതോടെ സെലക്ടർമാരിൽ ഒരാൾ അദ്ദേഹത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടെടുത്തു. എന്നാൽ ഞാൻ ശക്തമായി എതിർത്തു. ഏതാനും മാസങ്ങൾക്കു മുമ്പാണ് അദ്ദേഹം ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത്. അതും 28 വർഷത്തെ കാത്തിരിപ്പിനു ശേഷം. അപ്പോഴേക്കും എല്ലാവരും അത് മറന്നുപോയിരുന്നു. ധോനിയെ പുറത്താക്കിയാൽ ആരെ ക്യാപ്റ്റനാക്കും എന്നുപോലും സെലക്ടർമാർ ചിന്തിച്ചിരുന്നില്ല. ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ എങ്ങനെ മാറ്റുമെന്നതായിരുന്നു എന്റെ ചോദ്യം.
ഒരു അവധി ദിവസം ഗോൾഫ് കളിച്ചുകൊണ്ടിരിക്കുമ്പോൾ ബി.സി.സി.ഐ സെക്രട്ടറി ആയിരുന്ന സഞ്ജയ് ജഗദാലെ എന്റെ അടുത്തു വന്നു പറഞ്ഞു ധോനിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ സെലക്ടർമാർ തീരുമാനിച്ചുവെന്ന്. ക്യാപ്റ്റൻസി ഇല്ലെങ്കിലും കളിക്കാരനായി ധോനി ടീമിലുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഞാൻ അതിനെ ശക്തമായി എതിർത്തു. ബി.സി.സി.ഐ പ്രസിഡന്റെന്ന നിലയിലുള്ള എല്ലാ അധികാരവും ഉപയോഗിച്ച് ഞാൻ അതു തടഞ്ഞു. ശ്രീനിവാസൻ വ്യക്തമാക്കുന്നു.
ബി.സി.സിഐയുടെ മുൻ ഭരണഘടന അനുസരിച്ച് ടീം സെലക്ഷന് പ്രസിഡന്റിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. പുതിയ ഭരണഘടന പ്രകാരം ചീഫ് സെലക്ടർക്ക് തന്നെ ടീമിനെ തിരഞ്ഞെടുക്കാം. എന്റെ തീരുമാനം തെറ്റിയില്ല. ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്ന ധോനി 2013 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ജേതാക്കളാക്കി. മൂന്നു ഐ.സി.സി കിരീടങ്ങളും നേടുന്ന ആദ്യ ക്യാപ്റ്റനായി. 2015-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ സെമിയിലേക്ക് നയിച്ച ധോനി 2017-ലാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്.
ബിസിനിസ് ജീവിതത്തിൽ ഒരുപാട് ആളുകളെ കണ്ടിട്ടുണ്ടെങ്കിലും ധോനിയോളം മാന്യതയുള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും 10 വർഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.






