
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആള്‍ക്കൂട്ടം ഒഴിവായതോടെ ഉച്ചഭാഷിണി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പണിയില്ലായിരിക്കെ, പിഴകൂട്ടിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനം ഇരുട്ടടിയായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശമനുസരിച്ച് ശബ്ദമലിനീകരണ ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഒരുലക്ഷംരൂപ പിഴയടയ്ക്കാനുള്ള ഉത്തരവിനാണു ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു പൊതുയോഗങ്ങള്‍ക്കും ആളുകള്‍ കൂടുന്ന മറ്റ് പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ഓണക്കാലത്തും പരിപാടികളില്ലാതായതോടെ മൈക്ക് സെറ്റ് സെന്റര്‍ ഉടമകളും തൊഴിലാളികളും പട്ടിണിയിലാണ്. ഇതിനിടെയാണു ശബ്ദമലനീകരണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയും ഇരുട്ടടിയാകുന്നത്.
ദേശീയ തലസ്ഥാനത്ത് ശബ്ദ മലിനീകരണ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓഗസ്റ്റ് 11-ലെ ഉത്തരവില്‍ എന്‍.ജി.ടി. ചെയര്‍പേഴ്സണ്‍ ആദര്‍ശ് കുമാര്‍ ഗോയല്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി എസ്.പി ഗാര്‍ഗി നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. ലൗഡ്സ്പീക്കറുകളുടെയും പൊതു അറിയിപ്പ് സംവിധാനങ്ങളുടെയും ദുരുപയോഗത്തിന് 10,000 രൂപയും 1000 കിലോവാട്ട് ശേഷിയുള്ള ഡീസല്‍ ജനറേറ്ററുകളില്‍ നിന്നുണ്ടാവുന്ന മലിനീകരണത്തിന് ഒരു ലക്ഷവുമാണ് പിഴ ഈടാക്കുക.
നിര്‍മ്മാണ സ്ഥലങ്ങളില്‍നിന്നുള്ള പരിധിയില്‍ കൂടുതലുള്ള ശബ്ദത്തിന് അമ്പതിനായിരം രൂപയാണ് ഈടാക്കുക. ഈ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. ജനവാസകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് 50 ഡെസിബലും രാത്രിയില്‍ 45 ഡെസിബലുമാണ് അനുവദിക്കുക. വ്യവസായ മേഖലകളില്‍ പകല്‍ 75 ഡെസിബലും രാത്രിയില്‍ 70 ഡെസിബലും ആകാം. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിസരത്ത് ഇത് യഥാക്രമം അമ്പതും നാല്‍പ്പതുമാണ്. അനുവദനീയമായ പരിധിക്കപ്പുറം ശബ്ദമുണ്ടാക്കുന്ന പടക്കം പൊട്ടിക്കുന്നതിനും കനത്ത പിഴയാണു ബോര്‍ഡ് നിര്‍ദേശിക്കുന്നത്.
റസിഡന്‍ഷ്യല്‍ ഏരിയയില്‍ പടക്കം പൊട്ടിച്ചാല്‍ ഒരാളില്‍നിന്നു 1000 രൂപയും നിശബ്ദ മേഖലയില്‍ 3000 രൂപയും പിഴ ഈടാക്കാം. പൊതു റാലിയിലോ ഘോഷയാത്രയിലോ ഇതേ കുറ്റത്തിനു യഥാക്രമം 10,000 രൂപയും റസിഷന്‍ഷ്യല്‍ സൈലന്‍സ് സോണുകള്‍ക്ക് 20,000 രൂപയുമാണ് പിഴ. ഒരിടത്തുതന്നെ ലംഘനം ആവര്‍ത്തിച്ചാല്‍ ഇരുപതിനായിരം രൂപയും പിന്നീട് ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപയും പിഴ ഈടാക്കുകയും ആ സ്ഥലം പിടിച്ചെടുക്കുകയും ചെയ്യുമെന്നും സി.പി.സി.ബി. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം വിവാഹങ്ങളിലോ, ഇവന്റുകളിലോ, റെസ്റ്റോ ബാറുകളിലോ രാത്രി 11 നുശേഷം പുറത്തേക്ക് അനുവദനീയമല്ല. ഇത് ലംഘിച്ചാല്‍ ഉപകരണങ്ങള്‍ കണ്ടു കെട്ടുന്നതിനും 50000 രൂപവരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാന്‍ കാരണമാകും. ആഗസ്റ്റ് ആറിന് ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റെസിഡന്‍ഷ്യല്‍, വാണിജ്യ, വ്യവസായിക, നിശബ്ദ മേഖലകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിലവിലുള്ള അഞ്ചെണ്ണത്തിനു പുറമേ 26 പുതിയ ശബ്ദ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ഡി. പി.സി.സി. വ്യക്തമാക്കിയിരുന്നു.
വ്യവസായിക മേഖലകളില്‍ ഒഴികെ പലയിടത്തും ശബ്ദത്തിന്റെ അളവ് രാവും പകലും അനുവദനീയമായ പരിധി കവിഞ്ഞിട്ടുണ്ടെന്ന് ഡി.പി.സി.സി വ്യക്തമാക്കുന്നു. മൈക്ക് സെറ്റ് - സൗണ്ട് സ്ഥാപനങ്ങള്‍ നടത്തി ജീവിക്കുന്നവരുടെ ജീവിതം തകര്‍ക്കുന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് സൗണ്ട് ആന്‍ഡ് ഇല്യൂമിനേഷന്‍ പന്തല്‍ സംസ്ഥാന ജന സെക്രട്ടറി എ.സി പ്രമോദ് ആവശ്യപ്പെട്ടു.






