
കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോ കഴിഞ്ഞെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് നന്ദു മഹാദേവ. ഇനിയും ആറ് കീമോകള്‍ ചെയ്യേണ്ടി വരുമെന്നും അതി കഴിഞ്ഞിട്ടാകും സര്‍ജറിയെ പറ്റി ആലോചിക്കുക എന്ന് നന്ദു ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ പ്രാവശ്യവും ക്യാന്‍സറിന്റെ ധാരണ എന്നെ അങ്ങു തീര്‍ത്തു കളയാമെന്നാണ്. പക്ഷെ ഓരോ വട്ടവും ഞാന്‍ കൂടുതല്‍ കൂടുതല്‍ കരുത്തനാകുകയാണ്. ഓരോ ക്യാന്‍സര്‍ സെല്ലുകളും ശ്രമിക്കുന്നത് എന്റെ ഹൃദയത്തെ നിശ്ചലമാക്കാനാണ്. എങ്കിലും ഓരോ തവണയും എന്റെ ഹൃദയം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.. ഓരോ കീമോയും വിചാരിക്കുന്നത് എന്നെ തളര്‍ത്തി കിടത്തി കളയാമെന്നാണ്.. എന്നിട്ടും ഓരോ നിമിഷവും ഞാന്‍ കൂടുതല്‍ ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്..- നന്ദു കുറിച്ചു.
നന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;
ചങ്കുകളേ എന്റെ കീമോ കഴിഞ്ഞു കേട്ടോ..!
ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും..!!
അതു കഴിഞ്ഞാകും സര്‍ജറിയെപ്പറ്റി ആലോചിക്കുക..
ഓരോ പ്രാവശ്യവും ക്യാന്‍സറിന്റെ ധാരണ എന്നെ അങ്ങു തീര്‍ത്തു കളയാമെന്നാണ്..!
പക്ഷെ ഓരോ വട്ടവും ഞാന്‍ കൂടുതല്‍ കൂടുതല്‍ കരുത്തനാകുകയാണ്..!!
ഓരോ ക്യാന്‍സര്‍ സെല്ലുകളും ശ്രമിക്കുന്നത് എന്റെ ഹൃദയത്തെ നിശ്ചലമാക്കാനാണ്..
എങ്കിലും ഓരോ തവണയും എന്റെ ഹൃദയം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്..!!
ഓരോ കീമോയും വിചാരിക്കുന്നത് എന്നെ തളര്‍ത്തി കിടത്തി കളയാമെന്നാണ്..
എന്നിട്ടും ഓരോ നിമിഷവും ഞാന്‍ കൂടുതല്‍ ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്..!!
ആദ്യം RCC യില്‍ ആറു ഹൈ ഡോസ് കീമോ..
പിന്നെ MVR ല്‍ 3 ഹൈ ഡോസ്..
പിന്നെ മരുന്നു മാറ്റി വീണ്ടും 6 ഹൈ ഡോസ്..
പിന്നെ 15 കടുക്കട്ടി റേഡിയേഷന്..
ഇപ്പൊ ദേ പിന്നേം കീമോ...
ഇതിനിടയ്ക്ക് കാലിലും നെഞ്ചിലും ചെയ്ത രണ്ടു മേജര്‍ സര്‍ജറിയും അതിന് വേണ്ടി ചെയ്ത ശക്തമായ അനസ്തേഷ്യ മരുന്നുകളും കണക്കില്ലാതെ കഴിച്ച മോര്‍ഫിനും വേദന സംഹാരികളും ഒക്കെ പനാമര്‍ വാങ്ങിയപ്പോള്‍ സയനൈഡ് ഫ്രീ ആയി കിട്ടി എന്ന് പറയുന്നത് പോലെയാണ്..
അത്ഭുതം എന്താണെന്ന് വച്ചാല്‍..
ഇത്രയും നേരിടേണ്ടി വന്നിട്ടും മ്മടെ ചങ്കും കരളും വൃക്കയും ഒക്കെ സ്ട്രോങ് ആണ്..
വെറും സ്ട്രോങ് അല്ല ഡബിള്‍ സ്ട്രോങ് ആണ്..
ഡബിളും അല്ല ത്രിബിള്‍ സ്ട്രോങ് ആണ്..!!
അതിന് കാരണം എന്റെ കുലുങ്ങാത്ത മനസ്സ് തന്നെയാണ്..
ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ..
ഇപ്പോള്‍ എടുത്തു കൊണ്ടിരിക്കുന്ന അതിശക്തമായ ഈ മരുന്ന് ഒരു പരീക്ഷണം കൂടിയാണ്..
ഇവിടത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാകും നീണ്ട പതിനാല് ദിവസം അതും 24 മണിക്കൂറും തുടര്‍ച്ചയായി ചെയ്യുന്ന ഇത്തരത്തില്‍ ഒരു വലിയ കീമോ...
അതായത് 340 മണിക്കൂര്‍ ഒരു കട്ടിലില്‍ തന്നെ കിടക്കണം !!
ഈ പരീക്ഷണത്തില്‍ നമ്മള് വിജയിച്ചാല്‍ എനിക്ക് ശേഷം എന്റെ അതേ അവസ്ഥയിലൂടെ കടന്നു വരുന്ന എണ്ണമില്ലാത്ത അനേകായിരം രോഗികള്‍ക്ക് ഈ മരുന്ന് ഒരു കരുണ്യമാകും..
അവരുടെ ആസഹനീയമായ വേദനകള്‍ക്ക് ഈ മരുന്ന് ഒരു ആശ്വാസമാകും..
പരിഹാരമാകും...
അതുകൊണ്ട് തന്നെ ശക്തമായ ഈ മരുന്നിനെ നേരിടാന്‍ എന്റെ ശരീരത്തിന് ശക്തി നല്കാന് എന്റെ പ്രിയപ്പെട്ടവര്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കണം...
ഇതും ഞാന്‍ നേരിടും..
ഇതുവരെ നേരിട്ടത് പോലെ നെഞ്ചു വിരിച്ചു തന്നെ നേരിടും..!
സത്യത്തില്‍ എന്റെ അക്ഷരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്..!!
അത് വെറുതെ വഴിയില്‍ നില്ക്കുന്ന നിങ്ങളെ ഒരിടത്ത് നിന്നും കയറ്റി കുറച്ചു ദൂരെ മറ്റൊരിടത്ത് ഇറക്കി വിട്ടിട്ടു പോകും..!
അങ്ങനെ ഇറക്കി വിടുമ്പോള്‍ ചിലര്‍ക്ക് സന്തോഷമാകും കിട്ടുക, ചിലര്‍ക്ക് ഒരാശ്വാസമാകും കിട്ടുക,ചിലര്‍ക്ക് കൂടെയാരോ ഉണ്ടെന്ന് തോന്നല്‍ വരും , ചിലര്‍ക്ക് ലോകം തലമേല്‍ മറിഞ്ഞാലും നേരിടാനുള്ള ഒരു ആത്മവിശ്വാസം കിട്ടും..
എന്തു തന്നെയായാലും ഓരോരുത്തര്‍ക്കും വേണ്ടത് അവിടെയുണ്ടാകും..!!
യഥാര്‍ഥത്തില്‍ നിങ്ങള്‍ കാണുന്നത് ഞാന്‍ സൃഷ്ടിച്ച വാക്കുകളുടെ ഒരു മാസ്മരിക ലോകമാണ്..
അതിനുള്ളിലൂടി കടന്നുവരുമ്പോള്‍ നിങ്ങളറിയാതെ അവാച്യമായ സ്നേഹത്തിന്റെ ഒരു ലഹരി കൂടി ഞാന്‍ നിങ്ങള്‍ ഓരോരുത്തരിലേക്കും പകരുന്നുണ്ട്..!!!!!
അതാണ് വാക്കുകളുടെ ശക്തി..!
ഈ ലോകത്തില്‍ വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കും ഉള്ള ശക്തിയൊന്നും മറ്റൊരു ആയുധത്തിനും ഇല്ല..!!
ആയിരം അണുബോംബുകളെക്കാള്‍ ശക്തിയുണ്ടതിന്...!
പ്രിയപ്പെട്ടവരേ നമ്മള് തമ്മിലുള്ള സ്നേഹബന്ധവും എന്റെ ഹൃദയത്തിന്റെ ആത്മാര്‍ത്ഥതയില്‍ നിന്നു വരുന്ന അത്തരം വാക്കുകളാല്‍ നിര്‍മ്മിതമാണ്...
അത് അനശ്വരമാണ്..
അതി സങ്കീര്‍ണ്ണവുമാണ്...!!
ഞാനിങ്ങനെ എഴുതിക്കൊണ്ടിരുന്നാല്‍ നിങ്ങളിങ്ങനെ എത്ര നേരം വേണേലും വായിച്ചിരിക്കുമെന്ന് എനിക്കറിയാം.....
നിങ്ങള്‍ സമയം പോലും നോക്കില്ല....
എത്ര പേജ് ആയെന്നോ എത്ര പാരഗ്രാഫ് ആയെന്നോ ഒക്കെ നോക്കാന്‍ നിങ്ങള്‍ ചിലപ്പോള്‍ മറന്നു പോയിട്ടുണ്ടാകും.....
ചിലപ്പോള്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഞാന്‍ നിങ്ങളുടെ മനസ്സില്‍ തോന്നിപ്പിക്കും ഞാനിത് വായിച്ച് തുടങ്ങിയിട്ട് ഇതെത്ര സമയമായി..?
ഇതെന്താ തീരാത്തത്...
അങ്ങനെ തോന്നുമ്പോള്‍ കൃത്യം ഞാന്‍ നിര്‍ത്തുകേം ചെയ്യും...
അതാണ് നിങ്ങളുടെ സ്വന്തം നന്ദൂസ്..
എനിക്ക് നിങ്ങള്‍ ഓരോരുത്തരോടും അടക്കാനാകാത്ത സ്നേഹമാണ്..!!
എപ്പോഴും പറയുന്നത് തന്നെ പറഞ്ഞു കൊണ്ട് വാക്കുകള്‍ ചുരുക്കട്ടെ...
പുകയരുത്..
ജ്വലിക്കണം..!!
ചങ്കുകള്‍ ഓരോരുത്തര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ??






