
തിരക്കഥാകൃത്ത് ശ്യാം പുഷ്കരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമ്മ ഗീത പുഷ്കരന്. കോവിഡ് കാരണം ശ്യാം പിറന്നാള്‍ ഉണ്ണാന്‍ വരാത്ത ആദ്യ ഉത്രടമാണിതെന്ന് ഗീത പറയുന്നു. വിഡിയോ കോളിലൂടെ ആഘോഷത്തില്‍ പങ്കുചേരുമെന്നും അവര്‍ കൂടി എത്തുന്ന ദിവസത്തിലേക്ക് ഓണം മാറ്റി വയ്ക്കുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ: '1984 ലെ ഉത്രാടപ്പകല്‍.. എനിക്കും ഉത്രാടപ്പാച്ചിലിന്റെ എത്രയോ ഇരട്ടി എരിപൊരി നോവായിരുന്നു.. തലേ രാത്രി തുടങ്ങിയ നോവ്- പതിനേഴു മണിക്കൂര്‍.. ആകെത്തളര്‍ന്ന്, ഇടക്ക് ബോധം പോയി.. നൊന്ത് പിടഞ്ഞ് ഞാന്‍. അവസാനം എന്റെ മകന് വളരെ മെല്ലെ, സമയമെടുത്ത്.. ഈ ലോകത്തേക്ക് വരണമോ വേണ്ടയോ എന്ന് സാവധാനം സൂക്ഷ്മമായി ചിന്തിച്ചു ചിന്തിച്ചു വിശകലനം ചെയ്ത്, മടിച്ചു മടിച്ചു പുറത്തെത്തി.
ആ ഉത്രാടദിനത്തിനു ശേഷം ഇതാദ്യമായാണ് അവന് പിറന്നാള്‍ ഉണ്ണാന്‍ വരാത്ത ഒരു ഉത്രാടം.. കോവിഡ് വഴിതടഞ്ഞു നില്ക്കുന്നു. തങ്കമ്മയും അച്ഛമ്മയെ കാണാന്‍ പോയി. ഏറ്റവും പ്രിയപ്പെട്ടവര്‍ രണ്ടുപേരും എത്തുന്ന ദിവസത്തിലേക്ക് ഞങ്ങള്‍ ഓണം മാറ്റിവയ്ക്കുന്നു.
എങ്കിലും ഉണ്ണിമായയും അവനും മാത്രമായി ഒരുക്കുന്ന ഒരു കുഞ്ഞു പിറന്നാള്‍ സദ്യയും ആഘോഷവും… അതങ്ങു നടക്കട്ടേ. ഞങ്ങള്‍ വീഡിയോ കോള്‍ വിളിച്ച് ആഘോഷത്തില്‍ പങ്കുകൊള്ളും. ചില കാര്യങ്ങള്‍ ഇങ്ങനെയും മധുരതരമാക്കാം.. അവര്‍ രണ്ടുപേരും കൂടി ഒരുക്കുന്ന പിറന്നാള്‍ ആഘോഷവും ഇതാദ്യം,മധുര മധുരവും സ്നേഹനിര്‍ഭരവുമാവട്ടേ ഈ പിറന്നാള്‍, ഇങ്ങനെ ഒരുപാട് ഒരുപാട് പിറന്നാള്‍ ആഘോഷിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടേ എന്ന പ്രാര്‍ത്ഥനയും ആശംസകളും, മക്കളേ.. പിറന്നാള്‍ ആശംസകള്‍ മകനേ..






