
ഏത് മീനെയും പറന്ന് കൊത്തിയെടുക്കുന്നവരാണ് പൊന്മാനുകള്. എന്നാല്‍ ഒരു പൊന്മാന് പ്രധാന ആയുധമായ ചുണ്ടുകള്‍ തന്നെ വിനയായ കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
കാസര്‍കോട് നീലേശ്വരത്താണ് മീനെന്നു കരുതി കക്ക കൊത്തിയെടുക്കാന്‍ ശ്രമിച്ച പൊന്മാനാണ് ചുണ്ടുകള്‍ കുടുങ്ങി അബദ്ധം പറ്റിയത്. കക്കയുടെ പിടിയിലകപ്പെട്ട പൊന്മാന്റെ രക്ഷയ്ക്കെത്തിയത് നല്ലവരായ നാട്ടുകാരാണ്.
ആമയ്ക്കും കക്കയ്ക്കും ഞണ്ടിനുമൊക്കെ അതിന്റെ തോടാണ് ശത്രുവില്‍നിന്നുള്ള രക്ഷ, എന്നാല്‍ അത് ഓര്ക്കാതെയോ മനസ്സിലാക്കാതെയോ മീനാണെന്നു കരുതി കക്കയെ കൊത്തിയതാകണം ഈ പൊന്മാന്.
ഓണസദ്യ കഴിഞ്ഞ് കാര്യംങ്കോട് പുഴയുടെ കടവത്തിരിക്കാന്‍ പോയ നാട്ടുകാരാണ് ചിറകിട്ടടിക്കുന്ന പൊന്മാനെ കണ്ടത്. പൊന്മാന്റെ നിസ്സഹായത മനസ്സിലാക്കിയ നാട്ടുകാര്‍ അവസാനം രക്ഷയ്ക്കെത്തുകയായിരുന്നു.






