
കൊച്ചി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിക്കുന്നു. ഏഴു വര്‍ഷത്തെ വിലക്ക് ഞായറാഴ്ചയോടെ അവസാനിക്കും.
'എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും ഇപ്പോള്‍ സ്വതന്ത്രനാണ്. ഇനി ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കായിക ഇനത്തെ പ്രതിനിധീകരിക്കാന്‍ പോകുകയാണ്. ഒരു പരിശീലന മത്സരമാണെങ്കില്‍ പോലും എറിയുന്ന ഓരോ പന്തിലും ഞാന്‍ എന്റെ ഏറ്റവും മികച്ചത് നല്‍കും.. വിലക്ക് അവസാനിക്കാനിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചതാണിത്.
കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് 37 കാരനായ ശ്രീശാന്ത്. കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 90 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു.





