
ദുബായ് : ഐ.പി.എൽ 13-ാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുന്നത്.
ഐ.പി.എല്ലിൽ എല്ലാ സീസണിലും കളിച്ചെങ്കിലും ഒരുതവണപോലും ഫൈനലിലെത്താത്ത ഒരേയൊരു ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിയ ഇന്ത്യൻ യുവതാരങ്ങൾ അണിനിരക്കുന്ന ടീമിൽ ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ആർ. അശ്വിൻ, ഇഷാന്ത് ശർമ തുടങ്ങി പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളുമുണ്ട്. ഓസ്ട്രേലിക്കാരായ മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി എന്നിവരും വെസ്റ്റിൻഡീസിന്റെ ഷിമ്രോൺ ഹെറ്റ്മെയറും ചേരുന്ന ബാറ്റിങ് ശക്തമാണ്. ആർ. അശ്വിൻ, അക്ഷർ പട്ടേൽ, അമിത് മിശ്ര, സന്ദീപ് ലമിച്ചാനെ എന്നിവർ ഉൾപ്പെട്ട സ്പിൻ വിഭാഗവും ശക്തമാണ്.
മറുവശത്ത് ഇത്തവണത്തെ ഐ.പി.എല്ലിൽ ഒരു ഇന്ത്യക്കാരൻ പരിശീലകനായ ഒരേയൊരു ടീമാണ് പഞ്ചാബ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണ് കിങ്സ് ഇലവന്റെ പരിശീലകൻ. ക്രിസ് ഗെയിൽ, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയ വമ്പനടിക്കാരും ടീമിനൊപ്പമുണ്ട്. ഒപ്പം മികച്ച ഫോമിലുള്ള ക്യാപ്റ്റൻ രാഹുലും ചേരുമ്പോൾ പഞ്ചാബ് ബാറ്റിങ് ശക്തമാണ്.
ഇംഗ്ലണ്ടിൽ നിന്ന് ഏകദിന പരമ്പരയ്ക്കു പിന്നാലെ യു.എ.ഇയിലെത്തിയ മാക്സ്വെല്ലിന് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഞായറാഴ്ച കളത്തിലിറങ്ങാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ താരം കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ക്രിസ് ഗെയിലിനൊപ്പം ആര് ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന കാര്യത്തിൽ പഞ്ചാബിന് ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. രാഹുലും മായങ്ക് അഗർവാളുമാണ് പരിഗണനയിലുള്ളത്. ഷെൽഡൺ കോട്രലും മുഹമ്മദ് ഷമിയും ക്രിസ് ജോർദാനും അടങ്ങുന്ന ബൗളിങ് നിരയും പഞ്ചാബിന് കരുത്തേകും.






