ഛണ്ഡീഗഡ്: കാര്‍ഷിക പരിഷകരണ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ പോരാടുമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചുകഴിഞ്ഞാല്‍ നിയമമായി മാറും. അതിന് ശേഷം കോടതിയെ സമീപിക്കുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
ഭരണ മുന്നണിയില്‍ തന്നെ ഭിന്നിപ്പിനിടയാക്കിയ ബില്‍ കുതന്ത്രങ്ങളിലൂടെ നിയമമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യും. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും അമരീന്ദര്‍ പറഞ്ഞു.
വിവാദ കര്‍ഷക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ പാസായി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടെ ശബ്ദവോട്ടൊടെയാണ് ബില്ലുകള്‍ പാസാക്കിയത്. കാര്‍ഷിക വിപണന നിയന്ത്രണം എടുത്തു കളയുന്ന ബില്ലും കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലുമാണ് രാജ്യസഭ പാസാക്കിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തൊമറാണ് ബില്ലുകള്‍ അവതരിപ്പിച്ചത്.






