
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ പ്രതിഷേധത്തിനു പുറമേ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും. ഭാരതീയ കിസാന്‍ യൂണിയനും പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഞായറാഴ്ച രാജ്യസഭ പാസാക്കിയ ബില്ലിന് ലോക്സഭയും അംഗീകാരം നല്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും.
ബില്‍ കര്‍ഷകരുടെ മരണവാറണ്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രതാപ് സിംഗ് ബാജ്വയും വിമര്‍ശിച്ചു. വ്യാഴാഴ്ച പ്രക്ഷോഭത്തിന് തുടക്കമിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ജില്ലാതല മാര്‍ച്ചുകളും രണ്ട് കോടി കര്‍ഷകരുടെ അടക്കം വ്യാപക ഒപ്പ് ശേഖരണവും നടത്തും. ഒപ്പ് ശേഖരണം നവംബര്‍ 14ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം.
ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് കര്‍ഷക സംരക്ഷണ, കര്‍ഷക തൊഴിലാളി ദിനം ആചരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും റാലികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. കര്‍ഷകരെ അടിച്ചമര്‍ത്തുന്നതാണ് സര്‍ക്കാര്‍ നടപടി. അത് അംഗീകരിക്കാനാവില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
റോഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികളാണ് ഭാരതീയ കിസാന്‍ യൂണിയന് വ്യക്തമാക്കി. ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിക്കഴിഞ്ഞു. പേത്താളം ട്രേഡ് യൂണിയനുകള്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.
പഞ്ചാബിനെ കര്‍ഷക സമരത്തെ പിന്തുണയ്ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് 30 ഓളം കര്‍ഷക സംഘടനകളാണ് പ്രതിഷേധിക്കുന്നത്. സംസ്ഥാന വ്യാപകമായി മനുഷ്യചങ്ങല സൃഷ്ടിക്കാനും എഎപി ആഹ്വാനം നല്‍കിയിട്ടുണ്ട്.
ബംഗാളില്‍ ഇടതുകക്ഷികള്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടുകഴിഞ്ഞു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രക്ഷോഭത്തിലാണ്. തമിഴ്നാട്ടില്‍ ഡി.എം.കെയും സഖ്യകക്ഷികളുമാണ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്്






