
മുംബൈ: ഏറെ ആകാംഷയോടെ കാത്തിരുന്ന മണികര്‍ണിക സിനിമയില്‍ നിന്നും താന്‍ വിടാന്‍ കാരണം നടി കങ്കണാറാണത്ത് സിനിമ സംവിധാനം ഏറ്റെടുത്തതാണെന്ന്് നടന് സോനുസൂദ്. കങ്കണ വര്‍ഷങ്ങളായി തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണെന്നും അതുകൊണ്ടുതന്നെ അവരെ വേദനിപ്പിക്കാനാകില്ലെന്നും സോനു സൂദ് പറയുന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിക്കുകയും അനുരാഗ് കശ്യപിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ തുറന്നടിച്ചും വിവാദനായികയായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെ ആണ് സോനൂസൂദ് താന്‍ സിനിമാ വിടാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുന്നത്.
ഝാന്സിറാ സിനിമ സംവിധാനം ചെയ്തു തുടങ്ങിയത് ക്രിഷ് ആയിരുന്നു. എന്നാല്‍ പിന്നീട് ക്രിഷ് വിട്ടു പോകുകയും കങ്കണ സംവിധാനം ഏറ്റെടുക്കുകയുമായിരുന്നു. സിനിമയുടെ ഏതാണ്ട് മുക്കാല്‍ ശതമാനവും ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് സംവിധായകന് സിനിമ വിട്ടത്. സിനിമ വീണ്ടും തുടങ്ങുന്ന കാര്യം സംസാരിച്ചപ്പോഴാണ് സംവിധായകന് സിനിമ വിട്ട കാര്യം പറഞ്ഞത്. പിന്നീട് സിനിമയുടെ സാഹചര്യം എന്താണെന്ന് കങ്കണയെ വിളിച്ചു ചോദിച്ചപ്പോള്‍ താന്‍ ഈ സിനിമ സംവിധാനം ചെയ്യും എന്നും പിന്തുണയ്ക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഒ കെ പറഞ്ഞെങ്കിലും സിനിമയ്ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്ത ആള് എന്ന നിലയില്‍ സംവിധായകനെ തിരികെ കൊണ്ടു വരാനായിരുന്നു തീരുമാനം. എന്നാല്‍ കങ്കണ ഇത് നിഷേധിക്കുകയും താന്‍ തന്നെ സിനിമ ചെയ്യുമെന്ന് പറയുകയുമായിരുന്നു.
പിന്നീട് ചിത്രീകരിച്ച സീനുകള്‍ കണ്ടപ്പോള്‍ തന്റെ 80 ശതമാനം സീനുകളും വെട്ടിക്കളഞ്ഞതായും തന്നോട് കഥ പറഞ്ഞ രീതിയിലല്ല സിനിമയെന്നും കണ്ടെത്തി. നടിയോട് ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ സിനിമ തന്റേതായ രീതിയില്‍ എടുക്കാന്‍ വേണ്ടിയാണെന്നായിരുന്നു നടിയുടെ മറുപടി. തുടര്‍ന്ന് പഴയ കഥയും പഴയ സംവിധായകനും ഇല്ലെങ്കില്‍ തനിക്ക് സിനിമയില്‍ സഹകരിക്കാന്‍ കഴിയില്ലെന്ന്് സോനുസൂദ് കങ്കണയോട് തുറന്ന പറഞ്ഞു. സിനിമയ്ക്കായി മറ്റ് ഒട്ടേറെ സിനിമകളാണ് താന്‍ മാറ്റി വെച്ചതെന്നും നാലു മാസമാണ് നല്‍കിയതെന്നും ഏറെ വിഷമം തോന്നിയെങ്കിലും ഒന്നും പറയാനായില്ല എന്നും താരം പറയുന്നു.
അതേസമയം വനിതാ സംവിധായകര്‍ക്ക് കീഴില്‍ ജോലിചെയ്യാന്‍ സോനുസൂദ് തയ്യാറല്ല എന്നായിരുന്നു ഇതിന് കങ്കണ നേരത്തേ പറഞ്ഞത്. എന്നാല്‍ ഇതിനെയും സോനുസൂദ് തള്ളി. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ല എന്നായിരുന്നു സോനുവിന്റെ പ്രതികരണം. ഇതിനകം താന്‍ ഫറാ ഖാനൊപ്പം ഹാപ്പി ന്യൂ ഇയര്‍ സിനിമയില്‍ സഹകരിച്ച തനിക്ക് എങ്ങിനെ അങ്ങിനെ പറയാനാകുമെന്ന് സോനു ചോദിക്കുന്നു. ഒരു സിനിമയില്‍ രണ്ടു സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ല എന്നാണ് താന്‍ തീരുമാനം എടുത്തതെന്നും ഇതുവരെ 80 - 90 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താന്‍ ഒരു സമയത്ത് ഒരു സംവിധായകനൊപ്പം മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും പറയുന്നു.






