
മരണം എങ്ങനെയാണെന്നോ ഏത് രീതിയില്‍ ആകുമെന്നോ നമ്മളിലാര്‍ക്കും നിശ്ചയമില്ല. അതിന്റെ തീവ്രതയോ വേദനയോ വിഷമങ്ങളോ എങ്ങനെയാണെന്നും ആര്‍ക്കും അറിയില്ല. മരിച്ചാല്‍ ഏത് ലോകത്തേക്ക് എത്തിപ്പെടുമെന്നും അറിയില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മരണത്തിന്റെ അനുഭവം സാധ്യമാക്കുന്ന ഒരിടമുണ്ട് ലോകത്തില്‍. അത് എവിടെയാണെന്നല്ലേ ? . ചൈനയിലാണ് ഈ സംഭവമുള്ളത്.
ആളുകൾക്ക് മരണം, ശരീരം ദഹിപ്പിക്കൽ,പുനരുജ്ജീവനം എന്നിവയുടെ ഒരു റിയൽലൈഫ് അനുഭവം നൽകുന്ന ഒരു റൈഡാണ് ചൈനക്കാര്‍ പരിചയപ്പെടുത്തുന്നത്. ചൈനയിലെ വിൻഡോ ഒഫ് വേൾഡ് എന്ന അമ്യൂസ്മെന്റ് പാർക്കിലാണ് ഈ റൈഡ്. പേര് ‘സമാധി:4ഡി എക്സ്പീരിയൻസ് ഒഫ് ഡെത്ത്’. ഈ റൈഡില്‍ മരിച്ച് കഴിഞ്ഞാല്‍ ചെയ്യുന്ന എല്ലാ ഘട്ടങ്ങളുമുണ്ട്. റൈഡിനുള്ളില്‍ പ്രവേശിക്കുന്നവരെ ആദ്യം ഒരു മൃതദേഹം കൊണ്ടുപോകുന്നത് പോലെ ഒരു മോർച്ചറിയിലൂടെ കൊണ്ടു പോകും.
പിന്നീട് ദഹിപ്പിക്കുന്നതിനായി ഒരു കൺവയെർ ബെൽറ്റിൽ കിടത്തും. ദഹിപ്പിക്കുന്ന അനുഭവം കിട്ടാൻ ചൂട് വായു 105 ഫാരൻഹീറ്റ് താപനിലയിൽ കടത്തിവിടും. തീയുടെ പ്രതീതി ജനിപ്പിക്കാൻ പ്രത്യേക ലൈറ്റ് സംവിധാനങ്ങളും ഉണ്ട്. ഈ ഘട്ടം കഴിഞ്ഞു ആളുകൾ ഇഴഞ്ഞു ഒരു ചെറിയ വാതിലിനു അടുത്തേയ്ക്ക് നീങ്ങണം. അതിലൂടെ പുറത്ത് കടക്കാം. ഈ റൈഡിനുള്ളില്‍ ഭയം കൊണ്ട് ആരും കയറില്ല എന്ന ധാരണ വേണ്ട. കാരണം ഈ റൈഡ് ഒന്ന് പരീക്ഷിക്കാൻ ആളുകളുടെ വൻ തിരക്കാണ്. ഒരുപാട് ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയാണ് ഈ റൈഡ് ഉണ്ടാക്കിയിരിക്കുന്നത്.






