
കോഫി ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ദിവസവും ഇടയ്ക്കിടയ്ക്ക് കോഫി കുടിയ്ക്കുന്നവരും കുറവല്ല. അപ്പോള്‍ പിന്നെ ഏറ്റവും രുചിയുള്ള കോഫി എവിടെയാണ് കിട്ടുന്നതെന്ന് കോഫി പ്രിയരായ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ലോകത്ത് ഇന്നു കിട്ടുന്ന ഏറ്റവും രുചിയുള്ള കോഫിയുള്ളത് ഇന്തൊനീഷ്യയിലാണ്. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലെ വടക്കേ അറ്റത്തുള്ള പ്രവിശ്യയായ ആഷെയിലെ ചെറിയ ഫാമുകളിലാണ് ഏറ്റവും രുചികരമായ കാപ്പി ഉത്പാദിപ്പിക്കുന്നത്.
ഇന്തൊനീഷ്യയുടെ ഭാഗമാണ് സുമാത്ര. ഫലഭൂയിഷ്ഠമായ അഗ്നിപര്‍വത മണ്ണുള്ള ഇന്തൊനീഷ്യന്‍ ദ്വീപാണ് സുമാത്ര. തോബ തടാകത്തോട് ചേര്‍ന്നുള്ള ലിന്റോങ്, വടക്കന്‍ ആഷെ മേഖലയിലെ ഗായോ എന്നിവയാണ് സുമാത്രയിലെ ഏറ്റവും പ്രശസ്തമായ ഉപപ്രദേശങ്ങള്‍. സുമാത്രന്‍ കോഫി പലപ്പോഴും ഗില്ലിങ് ബസ രീതി ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു. താഴ്ന്ന തീരപ്രദേശങ്ങള്‍ മുതല്‍ കുത്തനെ ഉയരുന്ന പര്‍വത പ്രദേശങ്ങള്‍ വരെ കോഫി കൃഷി ചെയ്യുന്നുണ്ട്. ഈ പ്രദേശത്തെ കോഫി കര്‍ഷകര്‍ 130 വര്‍ഷത്തിലേറെയായി മികച്ച കാപ്പിക്കുരു ഉത്പാദിപ്പിക്കുന്നു.
പുരാതന എത്യോപ്യയിലാണ് കാപ്പി കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. യെമനില്‍ നിന്ന് ഡച്ചുകാരാണ് 1699 ല്‍ ഇന്തൊനീഷ്യയിലേക്ക് കാപ്പി കൊണ്ടു വന്നത്. ഇവിടെ അത് പച്ചപിടിച്ചു. ഇന്തൊനീഷ്യ അതിവേഗം ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറി. ജാവ ദ്വീപിലെ ജക്കാര്‍ത്തയില്‍ നിന്ന് കോഫി കയറ്റുമതി ചെയ്തു. അങ്ങനെയാണ് ചരിത്രത്തിലെ ഒരു കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കോഫിയായി ജാവ അറിയപ്പെടുന്നത്. കോഫി പായ്ക്ക് ചെയ്ത് കയറ്റുമതി ചെയ്തിരുന്ന ബാഗുകള്‍ ജാവ എന്നാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. സുമാത്രന്‍ കോഫി മാന്ഡെലിങ് അല്ലെങ്കില്‍ മാന്ഡെയ്ലിങ് എന്ന പേരിലാണ് വിറ്റിരുന്നത്. ഈ പേര് സുമാത്രയിലെ ഒരു ഗോത്രത്തെയാണ് യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്






