
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം വര്‍ധിച്ചുവന്നതോടെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ കക്ഷികള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് ബി.എസ്.പി നേതാവ് മമത ബാനര്‍ജി ആവശ്യപ്പെട്ടു. അതിനു അദ്ദേഹം തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കുകയാണ് വേണ്ടത്. അദ്ദേഹത്തെ പഴയ കേന്ദ്രമായ ഗോരഖ്നാഥ് മഠത്തിലേക്ക് തിരിച്ചയക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. അദ്ദേഹത്തിന് ആ ക്ഷേത്രം ഇഷ്ടമല്ലെങ്കില്‍, രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ ചുമതല നല്കി അയക്കണമെന്നും മായാവതി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒറ്റ ദിവസം പോലും യു.പിയില്ല. സ്ത്രീ സുരക്ഷയ്ക്ക് കഴിയുന്നില്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കട്ടെ. സംസ്ഥാനത്തെ ക്രമസമാധാനനില ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
ഹത്രാസ് സംഭവത്തിനു ശേഷമെങ്കിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതേദിവസം തന്നെ ബല്‍റാംപുരില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിനി സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. യു.പിയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ ക്രിമിനലുകളും മാഫിയകളും ബലാത്സംഗം ചെയ്യുന്നവരും സ്വതന്ത്രരായി നടക്കുകയാണ്-മായാവതി കുറ്റപ്പെടുത്തി.
ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കിയിരുന്നു. യോഗിക്ക് അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു. ഇത്രയും പ്രാകൃതവും നാണംകെട്ടതുമായ സംഭവം അപലപിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.
ബി.ജെ.പി ദളിത് വിരുദ്ധമാണെന്നും യോഗി രാജിവയ്ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. 2012ലെ നിര്‍ഭയ കേസിന്റെ സമയത്തു നടന്നുപോലെയുള്ള ഒരു പ്രതിഷേധം മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ മൃതദേഹം സംസ്കരിച്ച രീതിയും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബി.ജെ.പി എം.പിമാര്‍ അടക്കം ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് പരാതി നല്കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും അനുമതി നല്‍കാതെ ബലമായി കൊണ്ടുപോയി സംസ്കരിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ബി.ജെ.പി എം.പി ഹാന്‍സ് രാജ് ഹാന്‍സ് ആവശ്യപ്പെട്ടു.






