
ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനമായ പേടിഎം മിനി ആപ്ലിക്കേഷൻ സ്റ്റോർ ആരംഭിച്ചു. അടുത്തിടെ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും പേടിഎം ആപ്പിനെ താത്കാലികമായി ഒഴിവാക്കിയിരുന്നു. ഇപ്പോളിതാ പേടിഎം തങ്ങളുടെ സ്വന്തം മിനി ആപ്പ് സ്റ്റോർ അവതരിപ്പിച്ചു. നേരത്തെ ചൂതാട്ട ഗെയിമിങ്ങിനെക്കുറിച്ചുള്ള ഡെവലപ്പർ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് പേടിഎമ്മിന്റെ പേയ്മെന്റ് ആപ്ലിക്കേഷൻ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്ന് സെപ്റ്റംബർ 18ന് താൽക്കാലികമായി നീക്കം ചെയ്തിരുന്നു. പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ആപ്പ് ഡൗൺലോഡിങ്ങ് രംഗത്തെ ഗൂഗിൾ പ്ലെ സ്റ്റോറിന്റെ കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടിഎം മിനി ആപ്പ് സ്റ്റോർ അവതരിപ്പിച്ചത്. പേടിഎം ആൻഡ്രോയിഡ് മിനി ആപ്പ് സ്റ്റോറിൽ ഓരോ ആപ്പുകളും പ്രത്യേകം ഡൗൺലോഡ് ചെയ്ത ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഉപയോഗിക്കാം. മറ്റുള്ള ആപ്പുകൾ പേടിഎം ആപ്പിലൂടെ തന്നെ ഉപയോഗിക്കാം. പേടിഎം മിനി ആപ്പ് സ്റ്റോറിൽ HTML, ജാവ സ്ക്രിപ്റ്റ് തുടങ്ങിയ ഉപയോഗിച്ച് നിർമ്മിക്കുന്ന വിലക്കുറവുള്ള ലളിതമായ ആപ്പുകളാണ് ഉള്ളത്.
ഇപ്പോൾ തന്നെ പേടിഎം മിനി ആപ്പ് സ്റ്റോറിൽ പ്രശസ്തമായ അപ്പുകളായ ഡികാത്തലോൺ, ഓല, പാർക്ക്+, റാപിഡോ, നെറ്റ്മേഡ്സ്, 1 എംജി, ഡോമിനോസ് പിസ്സ, ഫ്രഷ് മെനു, നോ ബ്രോക്കർ തുടങ്ങിയ ആപ്പുകളുടെ പ്രവർത്തനം ലഭ്യമാണ്. കൂടാതെ, പേടിഎം പേയ്മെന്റ്സ് ബാങ്ക്, പേയ്മെന്റുകൾ പേടിഎം വാലറ്റ്, യുപിഐ, നെറ്റ്-ബാങ്കിങ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ മുഖേന നടത്താനുള്ള സംവിധാനവും ഉണ്ട്. പേടിഎം ആപിന്റെ എതിരാളികളിൽ ഒന്നാണ് ഫോൺപേ. ഫോൺപേ 2018-ൽ തന്നെ ഇൻ ആപ്പ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ സംവിധാനം ഫോൺപേ സ്വിച്ച് എന്ന് റീബ്രാൻഡ് ചെയ്തിരുന്നു.






