
പട്ന: ദളിത് വോട്ടുകള്‍ നിര്‍ണായക ശക്തിയാകുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) നേതാവ് ചിരാഗ് പാസ്വാനു മുന്നിലുള്ളതു വലിയ വെല്ലുവിളി. രാഷ്ട്രീയ മാറ്റങ്ങള്‍ കൃത്യമായി വിലയിരുത്തിയിരുന്ന പിതാവിന്റെ ആകസ്മികമായ നിര്യാണം സ്വന്തം മാറ്റ് തെളിയിക്കാനുള്ള അവസരം കൂടിയാണു ചിരാഗിനു മുന്നില്‍ ഒരുക്കിയിരിക്കുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവയിലേക്കു കടക്കാനിരിക്കെയാണു സ്ഥാപക നേതാവ് രാംവിലാസ് പാസ്വാന് അന്തരിച്ചത്. ബി.ജെ.പിക്കും ജെ.ഡി.യുവിനുമിടയില്‍ എല്‍.ജെ.പിയുടെ പ്രസക്തി കാക്കുന്നതിനുള്ള തന്ത്രങ്ങള്‍ പാസ്വാന് തന്റെ അവസാന നാളുകളില്‍ മകന് ഉപദേശിച്ചിരുന്നു. അവ നടപ്പാക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം.
ബി.ജെ.പിയുമായുള്ള സൗഹൃദവും എന്‍.ഡി.എ. സഖ്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ മുഖ്യമന്ത്രിയും മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെ എതിരിടാനാണ് എല്‍.ജെ.പിയുടെ പുറപ്പാട്. അതിനായി ബി.ജെ.പി. സഖ്യത്തില്‍ ജെ.ഡി.യു. മത്സരിക്കുന്ന ചില മണ്ഡലങ്ങളിലെങ്കിലും സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തും.
ഈ മത്സരങ്ങള്‍ എന്‍.ഡി.എയുടെ സാധ്യതയെ ബാധിക്കാതിരിക്കുകയെന്ന ഞാണിന്മേല്ക്കളിയാണു ചിരാഗിനു പൂര്‍ത്തിയാക്കാനുള്ളത്. തന്ത്രശാലിയായ പിതാവിന്റെ അഭാവം തീര്‍ച്ചയായും പ്രകടമാകുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു.
രാഷ്ട്രീയ കാലാവസ്ഥ അളക്കുന്നതിനൊപ്പം രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളും വ്യക്തിജീവിതവും സന്തുലിതമായി കൊണ്ടുനടക്കാനും ആരെയും പിണക്കാതിരിക്കാനും രാംവിലാസ് പാസ്വാനു കഴിഞ്ഞിരുന്നു.
ഉറച്ച രാഷ്ട്രീയ അടിത്തറയും ജനപ്രീതിയുമായിരുന്നു മുന്നണി മാറ്റങ്ങള്‍ക്കിടയിലും ജയിച്ചുകയറാന്‍ അദ്ദേഹത്തിനു കൈമുതല്‍.
അച്ഛന്റെ കൗശലം സ്വന്തം രാഷ്ട്രീയ ജീവിതത്തില്‍ പകര്‍ത്താന്‍ ചിരാഗിനു കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. അതിലേക്കുള്ള ആദ്യത്തെ കടമ്പയാണു ബിഹാര്‍ തെരഞ്ഞെടുപ്പ്. പാസ്വാന്റെ വിയോഗം സഹതാപതരംഗമായി ഇക്കുറി തുണച്ചേക്കാം. പക്ഷേ, രാഷ്ട്രീയത്തിലെ ദീര്‍ഘകാല നിലനില്‍പ്പിന് അതു പോരാതെവരും.






