
ഹമ്മറിനെ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജനറൽ മോട്ടോർസ്. ഇത്തവണ ഹമ്മർ എത്തുന്നത് ഒരു ഇലക്ട്രിക് പതിപ്പിലായിരിക്കും എന്നാണ് റിപ്പോർട്ട്. ഇവി ഒക്ടോബർ 20 -ന് പുതിയ ഹമ്മർ MLB 2020 വേൾഡ് സീരീസ്, യുഎസ്എയുടെ ‘ദി വോയ്സ്' പതിപ്പ് ഉൾപ്പെടെ ഒന്നിലധികം മാധ്യമങ്ങൾ വഴി ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ ഇവിയ്ക്കായി കമ്പനി മുമ്പ് ഒരു വീഡിയോ ടീസർ പുറത്തിറക്കിയിരുന്നു. ഫ്രണ്ട്, റിയർ ഫെൻഡറുകൾ ഉൾപ്പടെ മസ്കുലർ ഡിസൈൻ GMC ഹമ്മർ ഇവിക്ക് ഉണ്ടാകും. കുത്തനെയുള്ള വിൻഡ്ഷീൽഡ്, ബോഡിയുടെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബോണറ്റ് ചെറുതാണ്. റൂഫിൽ ഘടിപ്പിച്ച സ്പോയിലർ, നോബിൾ ടയറുകളുള്ള ഡ്യുവൽ-ടോൺ അലോയി വീലുകൾ, ചരിഞ്ഞ C-പില്ലറുകൾ, റെയിലുകൾ ഇല്ലാതെ പരന്ന റൂഫ്, ഒരു വലിയ ഗ്ലാസ് ഏരിയ, ഒരു ചെറിയ ലോഡിംഗ് ബെഡ് എന്നിവയും ടീസറിൽ കാണുന്നു.
വരാനിരിക്കുന്ന ഇലക്ട്രിക് ഹമ്മർ ഒരു ഫോർ-വീൽ ഡ്രൈവ് വാഹനമായിരിക്കുമെന്നാണ് റിപ്പോർട്ട്. പരമാവധി 1000 bhp കരുത്തും 15,574 Nm ടോർക്കും ഹമ്മർ ഇവിയുടെ പവർട്രെയിൻ സൃഷ്ടിക്കുന്നു. 96 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 3.0 സെക്കൻഡ് മതിയാകും. ബാറ്ററി സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. GMC ഹമ്മർ ഇവി അടുത്ത വർഷം അവസാനത്തോടെ ഉൽപാദനം ആരംഭിച്ചേക്കാം.






