
പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും സ്പെയ്നിന്റെ രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തെ ടെന്നീസ് പ്രേമികള്‍ വളരെ ആകാംഷയോടെയണ് കാണുന്നത്.
സെമിയില്‍ കടുത്ത് പോരാട്ടത്തിന് ശേഷമാണ് രണ്ട് പേരും ഫൈനലിലേക്ക് കിടക്കുന്നത്. ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് ജോക്കോവിച്ച് കരിയറിലെ 27-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍: 6-3, 6-2, 5-7, 4-6, 6-1. മൂന്നു മണിക്കൂറും 46 മിനിറ്റുമാണ് മത്സരം നീണ്ട് നിന്നത്. മറുവശത്ത് അര്‍ജന്റീന താരം ഡിയഗോ ഷ്വാര്ട്ട്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് നദാല്‍ തന്റെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍: 6-3, 6-3, 7-6.
ഫ്രഞ്ച് ഓപ്പണില്‍ ജോക്കോവിച്ചിന്റെ അഞ്ചാം ഫൈനലാണിത്. 2016-ല്‍ കിരീടം നേടിയ ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലാണിത്. ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടം നേടിയ നദാല്‍ 13-ാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും. ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് നദാലിനെ കാത്തിരിക്കുന്നത്.
55 തവണ ഇരുവരും നേര്‍ക്ക് നേര് ഏറ്റുമുട്ടിയിട്ടുണ്ട്. 29 തവണ ജോക്കോവിച്ചും 26 തവണ നദാലും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാന്‍ഡ്സ്ലാം പോരാട്ടങ്ങളില്‍ ആധിപത്യം നദാലിനാണ്. 15 മത്സരങ്ങളില്‍ ഒമ്പത് തവണ വിജയം നദാലിനൊപ്പമായിരുന്നു. ഫ്രഞ്ച് ഓപ്പണിലും നദാലിനാണ് കണക്കുകളില്‍ ആധിപത്യം ഏഴ് തവണ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം നദാലിനായിരുന്നു. ഒരു തവണ ജോക്കോവിച്ചും വിജയിച്ചു.






