അടിമാലി: ചികിത്സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വൈദിക ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി കല്ലാർകുട്ടി റോഡിൽ പാലക്കാടൻ ആയൂർവേദ വൈദ്യശാല നടത്തുന്ന ഡോക്ടർ റെജിയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.
അമ്മയോടൊപ്പം വൈദ്യശാലയിൽ മരുന്ന് വാങ്ങാൻ എത്തിയ 22 കാരിയായ യുവതിയോട് വൈദീകൻ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ മൊഴി. ചികിത്സയുടെ ഭാഗമായി പ്രാർത്ഥിക്കുന്നതിനിടെ ശാരീരികമായി പീഡനം നടത്തിയെന്നും പോലീസ് പറഞ്ഞു. ആയുർവേദ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ യുവതി ബന്ധുക്കളോടും വിവരം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി വൈദികനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നാണ് പെൺകുട്ടിയുടെ മൊഴിയനുസരിച്ച് കേസെടുത്തത്.
സെക്ഷൻ 354 ഐ.പി.സി വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് സി.ഐ: അനിൽ ജോർജ് പറഞ്ഞു. ഇന്നു വൈദികനെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.






