
ഗ്രീസിന്റെ പ്രധാന മന്ത്രി കൈറിയാക്കോസ് മിറ്റ്സോടാകിസ് ടെസ്ല മോഡൽ 3 ഓടിക്കുന്ന ഫോട്ടോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. എന്നാൽ, അമേരിക്കൻ പ്രീമിയം ഇലക്ട്രിക്ക് കാർ നിർമ്മാതാക്കളായ ടെസ്ലയുടെ ഈ കാർ അദ്ദേഹം സ്വന്തമാക്കിയതാണോ അതോ ഓടിച്ചുനോക്കിയതാണോ എന്ന് വ്യകതമല്ല.
ടെസ്ല മോഡൽ 3 ഡ്രൈവ് ചെയ്യാനൊരുങ്ങുന്ന മിറ്റ്സോടാകിസിൻ്റെ ഫോട്ടോ EV G(R)EEK എന്ന ട്വിറ്റർ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ഈ ഫോട്ടോ ടെസ്ല കമ്പനി സിഇഓ ഇലോൺ മസ്ക് ലൈക് ചെയ്തതോടെ സംഭവം വൈറലായി. ഗ്രീസിന്റെ തലസ്ഥാനമായ ആഥൻസിൽ അടുത്തിടെയാണ് ടെസ്ലയുടെ പോപ്പ്-അപ് സ്റ്റോർ ആരംഭിച്ചത്. ഈ സ്റ്റോറിന് മുന്നിൽ നിന്നുള്ള മിറ്റ്സോടാകിസിൻ്റെ ചിത്രമാണ് വൈറലായത് എന്നാണ് റിപ്പോർട്ട്. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന നേതാവാണ് മിറ്റ്സോടാകിസ്. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഗ്രീസിൽ ടാക്സ് ഇളവുകൾ അടുത്തിടെ മിറ്റ്സോടാകിസ് പ്രഖ്യാപിച്ചിരുന്നു.
ഒരു ഫുൾ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷിയുള്ള മോഡൽ 3 ടെസ്ലയുടെ ഏറ്റവും ജനപ്രീയവും വിലക്കുറവുള്ളതുമായ ഇലക്ട്രിക് കാറാണ്. 238 ബിഎച്ച്പി മുതൽ 450 ബിഎച്ച്പി വരെ പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾ മോഡൽ 3-യുടെ വിവിധ വേരിയന്റുകളിൽ പ്രവർത്തിക്കുന്നു






