
തൃശൂര്‍: സൗജന്യമായി കോവിഡ് സെന്ററിനായി വിട്ടുകൊടുത്ത ഹോസ്റ്റല്‍ ജയില്‍ വകുപ്പ് ഇടിമുറിയാക്കിയതോടെ വലഞ്ഞത് ഹോസ്റ്റല്‍ ഉടമ. കഞ്ചാവ് കേസിലെ പ്രതി മര്‍ദനമേറ്റ് മരിച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞ അമ്പിളിക്കല ഹോസ്റ്റല്‍ ഉടമയാണ് പ്രതിസന്ധിയിലായത്. ഹോസ്റ്റല്‍ സൗജന്യമായി വിട്ടുകൊടുത്തതിന് പ്രത്യുപകാരം ഇത്രയും കടുത്തതാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഉടമ മുരളി പറയുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വിദേശത്തുനിന്നുമെത്തുന്നവരെയും ക്വാറന്റൈന് ചെയ്യാനും കോവിഡ് രോഗികള്‍ക്ക് പരിചരണം നല്കാനുമായി ജില്ലയിലെ ഹോട്ടലുകളും നിലവാരമുള്ള ഹോസ്റ്റലുകളും ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ഇത്തരത്തില്‍ ഏറ്റെടുത്ത നഗരത്തോട് ചേര്‍ന്ന അമ്പിളിക്കല ഹോസ്റ്റല്‍ ജയില്‍ വകുപ്പ് കോവിഡ് സെന്ററാക്കി മാറ്റി.
കഞ്ചാവ്, അടിപിടി കേസുകളിലെ പ്രതികള്‍ക്ക് കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് വരുംവരെ പാര്‍പ്പിക്കാനുള്ള സങ്കേതമായി ഇത് മാറി. സെന്‍ട്രല്‍ ജയിലില്‍നിന്ന് മാറിയുള്ള കേന്ദ്രത്തില്‍ പ്രതികളെ ഒത്തുകിട്ടിയതോടെ ജയില്‍ ജീവനക്കാര്‍ ക്രൂരമര്‍ദനവും തുടങ്ങി. ഒട്ടേറെ പേര് പരാതിയുമായെത്തി. കഞ്ചാവ് കേസിലെ പ്രതി മര്‍ദനമേറ്റ് ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. ഇതോടെ അമ്പിളിക്കല പ്രതികളുടെ പേടിസ്വപ്നമായി മാറി.
പ്രതികള്‍ക്ക് മര്ദനമേല്ക്കലും കസ്റ്റഡി മരണവും വാര്‍ത്തയായതിനൊപ്പം അമ്പിളിക്കലയും കുപ്രസിദ്ധിയാര്‍ജിച്ചു. പെരുന്തല്‍മണ്ണ സ്വദേശി കുട്ടിശങ്കരമേനോന്‍ തൃശൂരില്‍ ആരംഭിച്ചതാണ് അമ്പിളിക്കല പരസ്യ ഏജന്‍സി.
അക്കാലത്ത് വന്‍കിട ബ്രാന്റുകളുടെ പരസ്യവിതരണം അമ്പിളിക്കല വഴിയായിരുന്നു. കുട്ടിശങ്കരമേനോന്റെ മരണത്തെ തുടര്‍ന്ന് മകന് മുരളി പരസ്യ ഏജന്‍സി നിലനിന്ന കെട്ടിടം ഹോസ്റ്റലാക്കി മാറ്റി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികള്‍ക്കായി ഒരുക്കി. ഹോസ്റ്റലില്‍നിന്നുള്ള വരുമാനം ഉപജീവനമാര്‍ഗമാക്കി മാറ്റിയ മുരളിക്ക് മുന്നിലിപ്പോള്‍ പ്രതിസന്ധിയും ആശങ്കയുമാണ്. അമ്പളിക്കല എന്ന പേര് ഒരു കാലത്ത് പരസ്യവിതരണ രംഗത്തെ മായാത്ത മുദ്രയയായിരുന്നെങ്കില് ഇന്ന് സര്‍ക്കാര്‍ റെക്കോര്‍ഡുകളില്‍ പോലും കസ്റ്റഡി മരണത്തിന്റെ ചോരപ്പാടായി മാറി.
ജയില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത മൂലം ഇല്ലാതായത് തന്റെ സ്ഥാപനത്തിന്റെ സല്പേരാണെന്ന് മുരളി പറയുന്നു. സൗജന്യമായി ഹോസ്റ്റല്‍ വിട്ടു കൊടുത്തതിനുള്ള പ്രത്യുപകാരമായി ലഭിച്ചത് കടുത്ത ജീവിത പ്രതിസന്ധി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകളില്‍നിന്ന് ഹോസ്റ്റലിന്റെ പേര് നീക്കണമെന്നാണ് പ്രധാന ആവശ്യം. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരെ പാര്‍പ്പിച്ചതും അമ്പിളിക്കല ഹോസ്റ്റലിലായിരുന്നു.






