
സിനിമാചരിത്രത്തില്‍ ഇതിഹാസം നെയ്ത 1995 ലെ ബ്ളോക്ക് ബസ്റ്റര്‍ 'ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ' ബോളിവുഡ് താരം ഷാരൂഖിന് നല്കിയ ഉയര്‍ച്ച ചെറുതല്ല. എന്നാല്‍ സിനിമയില്‍ ഷാരൂഖിനെ സംവിധായകന് ആദിത്യചോപ്ര നായകനാക്കിയത് നിരന്തരം പിന്നാലെ നടന്ന്. പല തവണ ഒഴിഞ്ഞുമാറിയ ശേഷം ഗത്യന്തരമില്ലാതെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ആദിത്യയ്ക്ക് വഴങ്ങിയതോടെ സിനിമ താരത്തെ ബോളിവുഡിലെ ഏറ്റവും വലിയ പ്രണയനായകനായിട്ടാണ് ഉയര്‍ത്തിയത്.
പത്തു വര്‍ഷത്തോളം മുംബൈയിലെ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംവിധായകന് ആദിത്യ ചോപ്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രണയ വേഷങ്ങള്‍ ചെയ്യാനുള്ള മടിയായിരുന്നു താരത്തെ സിനിമയിലെ നായകനായ 'രാജി' ന്റെ വേഷം ചെയ്യാന്‍ വിസമ്മതിപ്പിച്ചത്. എന്നാല്‍ ആദിത്യ ചോപ്ര വിടാതെ പിന്തുടര്ന്നു. മൂന്നാഴ്ചയോളം പിന്നാലെ നടന്നതോടെയാണ് ഷാരൂഖ് വേഷത്തിന് സമ്മതിച്ചത്. പല തവണ ഷാരൂഖുമായി ആദിത്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചരിത്രം കുറിച്ച സിനിമ പിറന്നത്. ഷാരൂഖ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ സെയ്ഫ് അലി ഖാനെ പോലും ആദിത്യ പരിഗണിച്ചിരുന്നു.
സുന്ദരമായ ലൊക്കേഷനുകളില്‍ പാട്ടുംപാടി നായികയ്ക്ക് പിന്നാലെ മരംചുറ്റി നടക്കുകയും നായകയുമായി ഒളിച്ചോടുകയും പോലെ ബോളിവുഡിലെ പതിവ് പ്രണയനായകന് ആകാന്‍ ഷാരൂഖിന് താല്‍പ്പര്യം ഇല്ലായിരുന്നു. പ്രണയനായക വേഷങ്ങള്‍ ആണത്തം ഇല്ലാത്തവ ആയാണെന്നായിരുന്നു ഷാരൂഖിന്റെ ചിന്ത. എന്നാല്‍ ബോളിവുഡിലെ തന്റെ സഹ ഖാന്മാരായ ആമിറും സല്‍മാനും പ്രണയ നായകന്മാരായതോടെ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടിയായിരുന്നു ഒരു കൈ നോക്കാന്‍ ഷാരൂഖും ഇറങ്ങിയത്. തന്റെ അരങ്ങേറ്റ ചിത്രത്തില്‍ നായകനാക്കാന്‍ ഷാരൂഖിന് പിന്നാലെ മൂന്നാഴ്ചയാണ് ആദിത്യ ചോപ്ര നടന്നത്. സിനിമയിലെ നായകനായ രാജ് താരത്തിന്റെ കയ്യില്‍ ഭദ്രമായിരിക്കും എന്ന് വരുത്താന്‍ അനേകം തവണ കൂടിക്കാഴ്ചകള്‍ നടത്തി. ഒടുവില്‍ പ്രതീക്ഷ കൈവിട്ടപ്പോള്‍ സെയ്ഫിനെ നായകനാക്കുന്ന കാര്യം ആലോചിച്ചും തുടങ്ങിയിരുന്നു.
ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗെയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഷാരൂഖ് കരണ്‍ അര്‍ജുന്റെ സെറ്റിലായിരുന്നു. തന്റെ കഥാപാത്രം നല്ല ബോറായിരിക്കും എന്നാണ് നായിക സിമ്രനെക്കുറിച്ച് കാജല്‍ ധരിച്ചു വെച്ചിരുന്നത്. അമരീഷ് പുരി, അനുപംഖേര്‍, ഫരീദാ ജലാല്‍, പര്‍മീത് സേതി തുടങ്ങിയവരും സിനിമയില്‍ വേഷമിട്ടു. രണ്ടു ദശകങ്ങളോളം മുംബൈയിലെ തീയേറ്ററില്‍ ഓടിച്ച സിനിമ ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച പണംവാരി ചിത്രമാണ്. ഒരു യൂറോപ്യന്‍ ട്രിപ്പിനിടയില്‍ രണ്ട് എന്‍ആര്‍ഐ കള്‍ തമ്മില്‍ പ്രണയിക്കുന്നതാണ് സിനിമ പറഞ്ഞ കഥ. ഒരിക്കലും കണ്ടിട്ടില്ലാത്ത മറ്റൊരാളുമായി കുടുംബം വിവാഹം ഉറപ്പിച്ച തന്റെ പെണ്ണിനെ തേടി രാജ് പഞ്ചാബില്‍ എത്തുന്നതും ഒടുവില്‍ പ്രണയിനിയെ പ്രതിസന്ധികള്‍ മറികടന്നു സ്വന്തമാക്കുന്നതുമായിരുന്നു സിനിമ പറഞ്ഞ കഥ.
ചരിത്രം പിറന്ന സിനിമ ഷാരൂഖിന്റെയും കാജലിന്റെയും വെങ്കല പ്രതിമ ലണ്ടനിലെ ലെസ്റ്റര്‍ സ്ക്വയറില്‍ സ്ഥാപിക്കുന്നത് വരെ എത്തി നില്‍ക്കുകയാണ്. സിനിമയില്‍ ലെസ്റ്റര്‍ സ്ക്വയറില്‍ വെച്ച് ചിത്രീകരിച്ച രംഗത്തിന്റെ പകര്‍പ്പാണ് സ്ഥാപിക്കുന്നത്. ഹാരിപോട്ടര്‍, ലോറല്‍ ആന്റ് ഹാര്‍ഡി, ബഗ്സ് ബണ്ണി, മേരി പോപ്പിന്‍സ്, മി. ബീന്‍, പാഡിംഗ് ടണ്‍, വണ്ടര്‍ വുമണ്‍, ബാറ്റ്മാന് ആന്റ് ജീന്‍ കെല്ലി തുടങ്ങിയ സിനിമകളിലെ പ്രതിമകള്‍ക്കൊപ്പമാണ് രാജും സിമ്രനും നില്ക്കുന്നതും. 1251 ആഴ്ചയായിരുന്നു സിനിമ ബോംബെയിലെ മറാത്താമന്ദിറില് പ്രദര്‍ശിപ്പിച്ചത്. തീയറ്ററില്‍ ജോലി ചെയ്ത ജോലിക്കാരില്‍ ഒരാള്‍ സിനിമ കണ്ടതാകട്ടെ 9000 തവണയും.