
ഇന്ത്യ കാണാനെത്തി ഇന്ത്യയില്‍ കുടുങ്ങിപ്പോയതോടെ ഭിക്ഷ യാചിക്കേണ്ട അവസ്ഥ വന്ന റഷ്യക്കാരനാണ് 29-കാരനായ അലക്സാണ്ടര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇന്ത്യ കാണാനായി റഷ്യയില്‍ നിന്ന് അലക്സാണ്ടറും അഞ്ച് സുഹൃത്തുക്കളും എത്തുന്നത്. ഡിസംബറില്‍ ഇന്ത്യയിലെത്തിയ യുവാവ് ട്രെയിന്‍ മാര്‍ഗ്ഗം ആദ്യം ഗോവയിലേക്കാണ് പോയത്. ഇവിടെ താമസിക്കുന്നതിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.
ജൂണ്‍ വരെ ഗോവയില്‍ താമസിച്ചു. എന്നാല്‍ ജൂലൈ ആയപ്പോള്‍ കൈയിലെ പണമെല്ലാം തീര്‍ന്നു. ഇതോടെ ഭക്ഷണത്തിനായി തെരുവുകളില്‍ യാചിച്ചു. ഓഗസ്റ്റില്‍ ലോക്ക്ഡൗണ്‍ ഇളവ് ലഭിച്ചപ്പോള്‍ ഗോവയില്‍ നിന്ന് ലോറി കയറി ഋഷികേശിലെത്തി. അവിടെ രണ്ട് മാസം താമസിച്ചു. ഇതിനിടയില്‍ വീടുകളില്‍ നിന്ന് പണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍ തിരികെപ്പോയി. അലക്സാണ്ടറിന്റെ വീട്ടുകാര്‍ക്ക് പണം നല്കാന് കഴിയാത്തതിനാല്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നു.
ഇതോടെ മടക്കയാത്രയ്ക്കുള്ള പണം സംഘടിപ്പിക്കാന്‍ റോഡരുകില്‍ ഭിക്ഷയാചിക്കുക എന്ന മാര്‍ഗം മാത്രമായി അലക്സാണ്ടറിന്റെ മുന്നില്‍. 'ദയവായി സഹായിക്കണം. ഞാന്‍ ഒരു റഷ്യന്‍ വിനോദസഞ്ചാരിയാണ്. വീട്ടിലേക്ക് മടങ്ങാന്‍ പണമില്ല', ഇങ്ങനെ എഴുതിയ ബോര്‍ഡുമായാണ് റോഡരുകില്‍ ഇരുന്ന് അലക്സാണ്ടര്‍ ഭിക്ഷയാചിക്കുന്നത്. യാദൃശ്ചികമായാണ് ഭിക്ഷയാചിക്കുന്ന അലക്സാണ്ടറെ പൊലീസ് ഇന്‍സ്പെക്ടര്‍ രവീന്ദ്ര ദൗന്ത്കര്‍ കണ്ടത്. ഇദ്ദേഹം ഇപ്പോള്‍ ഇയാളുടെ സഹായത്തിന് എത്തിയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ട താമസവും ഭക്ഷണവും പൊലീസ് സ്റ്റേഷനില്‍ ഒരുക്കി. റഷ്യല്‍ എംബസിയുമായി ബന്ധപ്പെട്ടെന്നും യുവാവിന്റെ മടക്കയാത്രയ്ക്ക് വേണ്ട നടപടികള്‍ക്ക് ശ്രമിക്കുകയാണെന്നും ദൗന്ത്കര്‍ വ്യക്തമാക്കി.
'' ഗ്വാളിയാറിലേക്ക് പോകാന്‍ കുറച്ച് ആളുകള്‍ പണം തന്നെന്ന് യുവാവ് പറയുന്നു. ഒക്ടോബര്‍ ആദ്യ ആഴ്ചകളില്‍ ഞാന്‍ അവിടെയായിരുന്നു. നാട്ടുകാര്‍ ഭക്ഷണം തന്നു, അവരുടെ വീടുകള്‍ക്ക് മുന്നില്‍ ഉറങ്ങാന്‍ അനുവദിച്ചു. ട്രക്കില്‍ കയറിയാണ് ഇപ്പോള്‍ നവി മുംബൈയില്‍ എത്തിയത്. സുഹൃത്തുക്കള്‍ക്ക് ബന്ധുക്കള്‍ പണം അയച്ചു നല്കി, എന്റെ അമ്മയ്ക്ക് പണമില്ലാത്തതിനാല്‍ വിമാനടിക്കറ്റിനുള്ള പൈസ കണ്ടെത്താന്‍ കഴിഞ്ഞില്ല'' - അലക്സാണ്ടര്‍ തന്റെ ദുരവസ്ഥയെ കുറിച്ച് പറയുന്നു.






