
അംഗീകാരങ്ങള്‍ എപ്പോഴും അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാവണം. മുഹമ്മദ് ഷെരീഫ് എന്നയാളെ തേടി രാജ്യത്തിന്റെ ആദരം എത്തുമ്പോള്‍ അത് അങ്ങനെ തന്നെയായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നത് നിരവധി പേരാണ്. ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച കൂട്ടത്തില്‍ 'ചാച്ച ഷെരീഫ്' എന്ന മുഹമ്മദ് ഷെരീഫിന്റെ പേരുമുണ്ട്. 25,000ത്തോളം അജ്ഞാത മൃതദേഹങ്ങളാണ് ഇതുവരെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സ്വദേശിയായ ഇദ്ദേഹം സംസ്കരിച്ചത്.
അഞ്ജാത മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ മുന്നിറങ്ങിയതിന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വേദനിപ്പിക്കുന്ന ഒരു കാരണവും ഉണ്ട്. മുഹമ്മദ് ഷെരീഫിന് 27 വര്‍ഷം മുന്‍പാണ് സ്വന്തം മകനെ നഷ്മായത്. എന്നാല്‍ കാണാതായി ഒരു മാസത്തിന് ശേഷം മാത്രമാണ് തനിക്ക് മകനെ നഷ്ടമായി എന്ന സത്യം ഷെരീഫിന് മനസ്സിലായത്. ആ സംഭവത്തിന്റെ വേദന മനസിലേറ്റ അന്നു മുതല്‍ പ്രദേശത്തെ അജ്ഞാതമൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ചുമതല ഷെരീഫ് സ്വയം ഏറ്റെടുക്കുകയായിരുന്നു.
ഷെരീഫിനെ പോലെ സമൂഹത്തിലെ പ്രത്യേകതയുളള മനുഷ്യരെ കണ്ടെത്തിയ സര്‍ക്കാരിനെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിനന്ദിച്ചു. ഇത്തരത്തിലുളള ആളുകളെ ആദരിക്കുന്നതിലൂടെ ഒരു തരത്തില്‍ ഇന്ത്യയെ കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചണ്ഡിഗഡില്‍ പിജിഐ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വര്‍ഷങ്ങളായി സൗജന്യ ഭക്ഷണം നല്കുന്ന ജഗദീഷ് ലാല്‍ അഹൂജ, ജമ്മു കാശ്മീരിലെ ശരീര വൈകല്യമുളള സാമൂഹ്യ പ്രവര്ത്തകന് ജാവേദ് അഹമ്മദ് തക്ക് എന്നിവരും ഇത്തവണ പദ്മ പുരസ്കാരം ലഭിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് പദ്മ പുരസ്കാര വിജയികളുടെ ലിസ്റ്റ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചത്. 141 പേര്‍ക്കാണ് രാജ്യത്തിന്റെ ആദരം ഈ വര്‍ഷം നല്‍കുക. ഇതില്‍ ഏഴ് പേര്‍ക്ക് പദ്മ വിഭൂഷണും 16 പേര്‍ക്ക് പദ്മ ഭൂഷണും 118 പദ്മശ്രീയുമുണ്ട്.






