
പബ്ജിയെ ഈ വർഷം ജൂലായിലാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. കഴിഞ്ഞ മാസമാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ് (FAU-G)' പ്രഖ്യാപിച്ചു. ഫൗജി ഗെയിം തയ്യാറാക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് . ഒക്ടോബറിൽ എത്തും എന്നായിരുന്നു ആദ്യം പ്രഖ്യാപ്പിച്ചത്. എന്നാൽ, ഗെയ്മിനെപ്പറ്റി ഇതുവരെയും ആരുടെ ഭാഗത്ത് നിന്നും വിവരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
അതേസമയം, ഫൗജി ഗെയിം നവംബറിൽ എത്തുമെന്ന് വ്യക്തമാക്കി എൻകോർ ഗെയിംസ് ട്വീറ്റ് ചെയ്തു. ഒപ്പം ഗെയിമിന്റെ ആദ്യ ടീസറും പുറത്ത് വിട്ടു. ആക്ഷൻ സീനുകളും ഇന്ത്യ, ചൈനീസ് ജവാന്മാർ തമ്മിലുള്ള സംഘട്ടനവും ഒരു മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ പ്രമേയമാകുന്നുണ്ട്.
രണ്ട് ദിവസം മുൻപ് അക്ഷയ് കുമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ടീസർ വീഡിയോയ്ക്ക് ഇതിനകം അഞ്ച് ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന 'ഭാരത് കെ വീർ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നൽകും. ഷൂട്ടിംഗ് ഗെയിം ആയ ഫൗജിയുടെ ആദ്യ ലെവലിൽ ഗാൽവൻ താഴ്വര ആയിരിക്കും പശ്ചാത്തലം എന്നാണ് വിവരം.






