
ഗുവാഹത്തി: ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ പകരക്കാരനെ വെച്ച് പരീക്ഷ എഴുതിയ ഒന്നാം റാങ്കുകാരൻ അറസ്റ്റിൽ. വിദ്യാർത്ഥിയെയും അച്ഛനേയും ഉള്‍പ്പെടെ അഞ്ച് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം റാങ്കുകാരനായ നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന് ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്.
99.8 ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ഥിയായ നീല്‍ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. പരീക്ഷയില്‍ കൃത്രിമം കാണിച്ചതായുള്ള വാട്സ്ആപ്പ് സന്ദേശവും ഫോണ്‍കോള്‍ റെക്കോഡുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്ന വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
ഉത്തരക്കടലാസില്‍ പേരും റോള്‍നമ്പറും രേഖപ്പെടുത്തിയത് നീല്‍ ആണ്.. എന്നാൽ പരീക്ഷ എഴുതിയതാകട്ടെ മറ്റൊരാളും. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്ററുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി പോലീസ് പറഞ്ഞു.






