
ബമകോ: മാലിയില്‍ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അമ്പതില്‍ ഏറെ അല്‍ ക്വയ്ദ ജിഹാദികളെ വധിച്ചുവെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി. മധ്യമാലിയിലെ ബുര്‍കിന ഫാസോയ്ക്കും നൈഗറിനും അതിര്‍ത്തിയിലാണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. മാലിയിലെ ഇസ്ലാമിക ഭീകരത അവസാനിപ്പിക്കാന്‍ നടത്തിയ നീക്കത്തിന്റെ ഭാഗമാണിതെന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി തിങ്കളാഴ്ച അറിയിച്ചു. നാല് ഭീകരരെ പിടികൂടിയതായി സൈനിക വക്താവ് കേണല്‍ ഫെഡെറിക് ബാര്‍ബ്രി പറഞ്ഞു.
ഭീകരരുടെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. 30 മോട്ടോര്‍സൈക്കിളുകളും തകര്‍ത്തതായി പ്രതിരോധമന്ത്രി പറഞ്ഞു. ഫ്ളോറന്‍സ് പാര്‍ലി നേരത്തെ നൈഗര്‍ പ്രസിഡന്റ് മഹമദൗ ഇസ്സൗഫൗവും നൈജീരിയന്‍ പ്രതിരോധ മന്ത്രി ഇസ്സൗഫൗ കതംബെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സേനയുടെ ഡ്രോണ്‍ നിരീക്ഷണത്തില്‍ കുടുങ്ങിയ ഭീകരരെ തിരഞ്ഞുപിടിച്ചു ഇല്ലാതാക്കുകയായിരുന്നു. ഡ്രോണ്‍ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭീകരര്‍ മരങ്ങളുടെ കീഴിലേക്കും മറ്റും മാറിനിന്നുവെങ്കിലും സൈന്യം രണ്ട് മിറാഷ് വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് മിസൈല്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫ്ളോറന്‍സ് പാര്‍ലി അറിയിച്ചു.






