
സ്വന്തമായൊരു ഫാം എന്ന സ്വപ്നത്തിലേക്കുള്ള മഞ്ജു പിള്ളയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും മാറ്റിവച്ച ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ് മഞ്ജു പിള്ളയും സംവിധായകനായ ഭര്‍ത്താവ് സുജിത്തും. പിള്ളാസ് ഫാം ഫ്രഷ് എന്ന ഫാമിലൂടെ കൃഷിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണവര്‍. ലോക്ഡൗണും കൊറോണയും അവര്‍ക്ക് മുമ്പില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അതെല്ലാം മറികടന്ന് ഏഴര ഏക്കറില്‍ ഹരിതവിസ്മയം തീര്‍ക്കുകയാണ് ഈ താരകുടുംബം.
സ്വപ്നത്തിലേക്കൊരു യാത്ര
കുറേ പശുക്കളും ആടും കോഴിയുമൊക്കെയായൊരു ഫാം. അത് എന്റേയും സുജിത്തിന്റെയും വലിയൊരു സ്വപ്നമായിരുന്നു. കുറച്ചുകാലമായി പ്ലാന്‍ ചെയ്യുന്നതാണ്. ഞങ്ങളുടെ തിരക്കുകള്‍മൂലം നീണ്ടുപോയി. ഒരുദിവസം സര്പ്രൈസ്പോലെ സ്ഥലം ലീസിനെടുത്ത കാര്യം സുജിത് പറയുകയായിരുന്നു.
കഴിഞ്ഞ നവംബറിലാണ് ആറ്റിങ്ങല്‍ അവനവന്ചേരിയിലെ കൈപ്പറ്റിമുക്കില്‍ ഏഴര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുക്കുന്നത്. പുഴയുടെ തീരത്താണ് ഫാം. നേരത്തെ അവിടെയൊരു ഡയറി ഫാം പ്രവര്‍ത്തിച്ചിരുന്നു. ഞങ്ങളത് വാങ്ങുമ്പോള്‍ ആറ് ഏക്കറില്‍ തീറ്റപ്പുല്ലും ബാക്കി സ്ഥലത്ത് ഒരു പഴയ തൊഴുത്തും കെട്ടിടവും മാത്രമേ ഇണ്ടായിരുന്നു.
പിള്ളാസ് ഫ്രാംഫ്രഷ്
മാര്‍ച്ച് മാസത്തോടെ ഫാമില്‍ പണികളാരംഭിച്ചു. അപ്പോഴാണ് കൊറോണമൂലം ലോക്ഡൗണാകുന്നത്. അതോടെ ഫാമിലെ പണികെളാക്കെ നിര്‍ത്തി വയ്ക്കേണ്ടി വന്നു. രണ്ടുമാസത്തോളം ഫാമില്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല. പണിക്കാരെ കിട്ടുന്നില്ല എന്നതായിരുന്നു മറ്റൊരു പ്രശ്നം.
തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമുണ്ട് ഫാമിലേക്ക്. രാവിലെ വീട്ടില്‍ നിന്നിറങ്ങും. ഫാമിലെ ജോലികെളാക്കെ ഒതുക്കിയശേഷം വൈകിട്ട് വീട്ടിലേക്ക്. മാസംതോറും റെന്റ് കൊടുക്കണം, കുറച്ചു പണം ഫാമില്‍ മുടക്കിയതുകൊണ്ട് അതിനി ഉപേക്ഷിക്കാനും പറ്റില്ല. ആ സമയത്താണ് ലോക്ഡൗണില്‍ കൃഷിയ്ക്കായി ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. അതോടെ വീണ്ടും ഫാമിലെ പണികള്‍ വിപുലമാക്കാന്‍ തീരുമാനിച്ചു. ഒരു സുഹൃത്ത് വഴി രണ്ടുജോലിക്കാരെ കിട്ടിയതോടെ പകുതി ആശ്വാസമായി. രണ്ടുമാസം കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയി. രണ്ടുമാസത്തിനുശേഷം പെട്ടെന്നൊരു ദിവസം ആ ജോലിക്കാര്‍ പോയതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.
വളര്‍ത്താനായി അഞ്ച് പോത്തിനേയും കുറച്ച് ആടുകളേയും കോഴികളേയും വാങ്ങിയിരുന്നു. ഫാമിന് കാവലായി നാല് പട്ടികളുമുണ്ടായിരുന്നു. ഇവയ്ക്കൊക്കെ സമയത്ത് ഭക്ഷണം കൊടുക്കണം, പോത്തുകളെ കുളിപ്പിക്കണം അങ്ങനെ പല പണികളുണ്ടായിരുന്നു. കോഴികള്ക്കാകട്ടെ ദിവസം ആറോ ഏഴോ തവണ തീറ്റ കൊടുക്കണം. ഇതുവരെ ചെയ്തുശീലിച്ചിട്ടില്ലാത്ത ജോലി ആയിരുന്നെങ്കിലും തോല്‍ക്കില്ലെന്ന് മനസില്‍ കരുതി നന്നായി അധ്വാനിച്ചു.
പോത്തിന് പുല്ലരിഞ്ഞു കൊടുക്കണം, അഴിച്ചു കെട്ടണം, ഫാമിലെ കുളത്തില്‍ കൊണ്ടുപോയി കുളിപ്പിക്കണം, കാലിത്തീറ്റ കൊടുക്കണം അങ്ങനെ പല പണികളുമുണ്ടായിരുന്നു. ഉപദ്രവിക്കില്ലെങ്കിലും പിടിച്ചാല്‍ എന്റെ കൈയില്‍ നില്‍ക്കില്ല എന്നതുകൊണ്ട് പോത്തുകളെ അഴിച്ചുകെട്ടുന്നതും കുളിപ്പിക്കുന്നതും പുല്ലരിഞ്ഞു കൊടുക്കുന്നതുമായ ജോലികളെല്ലാം സുജിത്താണ് ചെയ്തിരുന്നത്.
ആടിനെ കറക്കുന്നതായിരുന്നു മറ്റൊരു പ്രശ്നം. കറക്കാതിരുന്നാല്‍ പാല് അകിടില്‍ കെട്ടിനിന്ന് അകിട് വീക്കമുണ്ടാകും. അതുകൊണ്ട് ഞാന്‍ തന്നെ ആടിനെ കറക്കാനായി മുന്നോട്ട് വന്നു. ആദ്യ ദിവസം ഒരു തുള്ളിപാല് പോലും കിട്ടിയില്ല. രണ്ടാമത്തെ ദിവസം ഞാന്‍ ആടിനെ തഴുകി തലോടി സ്നേഹത്തോടെ പരിചരിച്ച് കറക്കാനായി ചെന്നു. ഭാഗ്യത്തിന് ആട് പാല് ചുരുത്തി. സ്നേഹത്തോടെ അവറ്റകളെ പരിചരിച്ചാല്‍ അവയും തിരിച്ച് നമ്മളെ സ്നേഹിക്കുമെന്ന് അതോടെ മനസിലായി.
ഹരിയാനയില്‍ നിന്നുള്ള മുറ ബ്രീഡ് പോത്തുകളെയാണ് വളര്‍ത്താനായി വാങ്ങിയത്. പെട്ടെന്ന് ഇണങ്ങുന്ന ഇനമാണത്. പോത്തുകളെ പെറ്റായി വളര്‍ത്താമെന്ന് മനസിലായത് ഇപ്പോഴാണ്.
ഫാമിലെ ജോലികളൊക്കെ ചെയ്തു തുടങ്ങിയപ്പോഴാണ് അഭിനയം എളുപ്പമുള്ള ജോലിയാണെന്ന് മനസിലായത്. പക്ഷേ കുറേ നാള് ചെയ്തതുകൊണ്ടാണ് ഇപ്പോള്‍ അഭിനയം ഈസിയായി തോന്നുന്നത്. എല്ലാ ജോലിയ്ക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. ഫാമിലെ ജോലികളൊക്കെ ഇപ്പോള്‍ ആസ്വദിച്ചാണ് ചെയ്യുന്നത്.
ഓരോ ദിവസവും കിടക്കുമ്പോള്‍ നാളെ ഫാമില്‍ എന്തൊക്കെ ചെയ്യണമെന്നാലോചിച്ചാണ് ഉറങ്ങിയിരുന്നത്. ജോലിക്കാര്‍ പോയതോടെ ഞങ്ങള്‍ ഫാമിലേക്ക് താമസം മാറ്റി. അതോടെ കൂടുതല്‍ സമയം അവിടെ ചെലവഴിക്കാനായി.
ഫാം തുടങ്ങിയശേഷം കൃഷിക്കാരോടുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ് ചെയ്തത്. അവര്‍ നമുക്കു കൂടിയുള്ള ആഹാരം ഉത്പാദിപ്പിക്കാനാണ് എല്ലുമുറിയെ പണിയെടുക്കുന്നത്. ആ കഷ്ടപ്പാട് വിലമതിക്കാനാവാത്തതാണ്.
പശു, ആട്, കോഴി, മീന്‍, താറാവ് എന്നിവയെ വളര്‍ത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. ഏഴര ഏക്കറില്‍ നാല് കുളങ്ങളുണ്ട്. ഫാമില്‍ വളര്‍ത്താനായി ക്വയ്ലോണ് ഫാമില്‍ നിന്നാണ് പോത്തിനെ വാങ്ങിയത്. പോത്തിനെ കൊണ്ടുവന്നപ്പോള്‍ അവരാണ് പാര്‍ട്ണര്‍ഷിപ്പില്‍ പോത്ത് കച്ചവടം തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. അവര്‍ക്ക് തിരുവനന്തപുരത്ത് ബ്രാഞ്ച് ഇല്ല. ഒന്നിച്ച് പ്രവര്‍ത്തിക്കാമോ എന്ന് ചോദിച്ചപ്പോള്‍ നല്ലൊരു കാര്യമായി തോന്നി. അങ്ങനെയാണ് പിള്ളാസ് ഫാംഫ്രഷ് ക്വയ്ലോണ് മുറ ഫാമുമായി സഹകരിച്ച് പോത്ത് കച്ചവടം തുടങ്ങുന്നത്.
ഹരിയാനയില്‍ നിന്ന് മുറ ബ്രീഡിലുള്ള പോത്തിനെ കൊണ്ടുവന്ന് മറിച്ചു വില്‍ക്കുന്നതാണ് ഡീല്‍. ഇതുവരെ വന്ന പോത്തുകളൊക്കെ വിറ്റുപോയി. ഒരു ലോഡില്‍ പത്തുമാസം മുതല്‍ ഒന്നര വയസുവരെയുള്ള 35 മുതല്‍ 40 പോത്തുകുട്ടികളാണ് വരുന്നത്. നാട്ടുകാരുടെ സഹായത്തോടെ ഈ ലോഡുകളൊക്കെയും നല്ല രീതിയില്‍ വില്പന നടത്താന്‍ കഴിഞ്ഞു.
ഫാം ടൂറിസം
ഫാം ടൂറിസമാണ് പ്ലാന്‍ ചെയ്യുന്നത്. ഹട്ടുകള്‍ നിര്‍മിക്കുന്നതാണ് അടുത്ത പടി. കൂടാതെ ആടുകൃഷിയും പച്ചക്കറി കൃഷിയുമൊക്കെ സജീവമാക്കണം. കുളമൊക്കെ ഉള്ളതുകൊണ്ട് കുറച്ചുകൂടി വിപുലമായ രീതിയില്‍ മീനും താറാവുമൊക്കെ വളര്‍ത്താനാണ് പ്ലാന്‍.
ലോക്ഡൗണിന് ശേഷം സുജിത് ഷൂട്ടിന് പോയ സമയത്ത് ഞാനിവിടെ ഉണ്ടായിരുന്നു. സുജിത് തിരിച്ചുവന്നശേഷമാണ് ഞാന്‍ ഫ്രൈഡേ ഫിലിംഹൗസിന്റെ ഹോം എന്ന സിനിമയില്‍ അഭിനയിക്കാനായി കൊച്ചിയിലേക്ക് വരുന്നത്. ഇനി തിരിച്ചുപോകുമ്പോഴേക്കും സുജിത് അടുത്ത ഷൂട്ടിന് ജോയ്ന് ചെയ്യും. പിന്നെ ഇപ്പോള്‍ ജോലിക്കാര്‍ ഉള്ളതുകൊണ്ട് കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്.
ഫാം നടത്തുമ്പോള്‍ കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടി വരും. മൃഗങ്ങളാണ് അവിടെയുള്ളത്. അവയുടെ ജീവന് നിലനിര്‍ത്താന്‍ ഭക്ഷണം നല്‍കണം, രോഗങ്ങള്‍ വരാതെ നോക്കണം അങ്ങനെ ഓരോ കാര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്.
ഇപ്പോള്‍ അഭിനയത്തോടൊപ്പം തന്നെ കൃഷിയും ഞാന്‍ ഇഷ്ടപ്പെടുന്നു. അധ്വാനിക്കാനുള്ള മനസും ദൈവാനുഗ്രഹവും ഉണ്ടെങ്കില്‍ ഏത് മേഖലയിലും വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമെനിക്കുണ്ട്. ഇതുവരെ പ്രേക്ഷകരുടെ വലിയൊരു സപ്പോര്‍ട്ട് എനിക്കു ണ്ടായിരുന്നു. ഇനിയും അവര്‍ എനിക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അശ്വതി അശോക്