ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ ആരോപണങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടിന്െ്റ ഓഫീസ് സെക്രട്ടറിയാണെന്നും മാധ്യമപ്രവര്‍ത്തനം ഒരു മറ മാത്രമാണെന്നും യു.പി സര്‍ക്കാര്‍ ആരോപിച്ചു. ജാതി സംഘര്‍ഷവും ക്രമസമാധാന പ്രശ്നവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാപ്പന് ഹത്രാസിലേക്ക് പോയതതെന്നും യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അവരുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാക്കളുമാണ് കാപ്പനൊപ്പം ഉണ്ടായിരുന്നത്. മാധ്യമപ്രവര്ത്തനത്തിന്െ്റ മറവില്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ തേജസ് പത്രത്തിന്െ്റ ഐഡി കാര്‍ഡാണ് കാപ്പന് ഉപയോഗിച്ചിരുന്നതെന്നും യു.പി സര്‍ക്കാര്‍ ആരോപിച്ചു.
കാപ്പന്െ്റ അറസ്റ്റിനെക്കുറിച്ച് സഹോദരനെയും ഭാര്യയുടെ ബന്ധുവിനെയും അറിയിച്ചിട്ടുണ്ട്. ഇതുവരെ ആരും കാപ്പനെ കാണാന്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. വക്കാലത്ത് ഒപ്പിടീക്കാന്‍ അഭിഭാഷകരും എത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മൂന്ന് തവണ കാപ്പന് കുടുംബവുമായി ബന്ധപ്പെട്ടുവെന്നും യു.പി സര്‍ക്കാര്‍ പറയുന്നു.
സിദ്ദിഖ് കാപ്പനെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജിയിലാണ് യു.പി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. കാപ്പനെ കാണാന്‍ മജിസ്ട്രേറ്റിനെ സമീപിച്ചപ്പോള്‍ ജയില്‍ അധികൃതരെ കാണുവാനും ജയില്‍ അധികൃതര്‍ തിരിച്ചുമാണ് പറഞ്ഞതെന്ന് യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബില്‍ കോടതിയെ അറിയിച്ചു. എതിര് സത്യവാങ്മൂലം നല്കാന് കോടതി യൂണിയന് സമയം അനുവദിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.






