
വശ്യമാണ് ആ കണ്ണുകള്... പോസിറ്റിവിറ്റി നിറഞ്ഞൊഴുകുന്ന ചിരി... ഏതു കാര്യം ചെയ്യുമ്പോഴും അതില് നൂറുശതമാനവും ആത്മാര്ത്ഥത പുലര്ത്തണമെന്നു പറയുന്ന കനി കുസൃതി എന്ന പെണ്കുട്ടി ഇന്ന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്ഡ് ജേതാവാണ്.
ഒരു മലയാളി പെണ്കുട്ടിയ്ക്ക് ഒരിക്കലും സ്വപ്നം കാണാനാവാത്ത സ്വാതന്ത്ര്യത്തിലാണ് കനി വളര്ന്നത്. അതുകൊണ്ടുതന്നെ കനിയുടെ അഭിപ്രായങ്ങളും വാക്കുകളും ബോള്ഡാണ്. ജീവിതം സ്വന്തം ഇഷ്ടങ്ങള്ക്കനുസരിച്ച് ജീവിക്കുന്ന കനിയുടെ ജീവിതത്തിലൂടെ.
ആദ്യത്തെ സംസ്ഥാന അവാര്ഡ്, അത് സമര്പ്പിച്ചതാകട്ടെ മലയാളത്തിലെ ആദ്യ നായികയായ റോസിയ്ക്കും. അവാര്ഡ് റോസിയ്ക്ക് സമര്പ്പിക്കാനുള്ള കാരണം?
രണ്ടു ഇന്റര്നാഷണല് അവാര്ഡുകള്ക്കു പുറമെയാണ് സംസ്ഥാന അവാര്ഡ് കിട്ടുന്നത്. കൂടുതല് സന്തോഷം തോന്നുന്നത് ഇപ്പോഴാണ്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം നാട്ടില് നിന്ന് കിട്ടുന്ന അംഗീകാരത്തിന് മധുരം കൂടുതലാണല്ലോ? പി.കെ റോസി മലയാളത്തിലെ ആദ്യ നായികയാണ്. അവരെ ഇവിടെനിന്ന് ആട്ടിപ്പായിച്ചതാണ്. അവര്ക്കല്ലാതെ വേറെ ആര്ക്കാണ് ഈ അവാര്ഡ് സമര്പ്പിക്കേണ്ടത്? മുഖ്യധാരാ സിനിമകളില് കാസ്റ്റിംഗിന്റെ കാര്യങ്ങളിലടക്കം ഇപ്പോഴും ജാതിവിവേചനം പരിപൂര്ണ്ണമായും നിലനില്ക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ടും സ്ത്രീകള്ക്കുനേരെ ഉയരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലുമാണ് അവാര്ഡ് ആദ്യ നായികയ്ക്ക് സമര്പ്പിച്ചത്.
ബിരിയാണി എന്ന സിനിമയിലേക്ക് എത്തുന്നത്? മലയാളത്തില് കനിയുടെ ആദ്യ മുഴുനീള കഥാപാത്രം കൂടിയാണ് ബിരിയാണിയിലെ ഖദീജ?
എന്നെ മനസില് കണ്ടാണ് കഥ എഴുതിയതെന്ന് പറഞ്ഞാണ് സംവിധായകന് സമീപിച്ചത്. ആദ്യം ആ ചിത്രം ചെയ്യണമെന്ന് കരുതിയതല്ല, പിന്നെ കമ്മിറ്റ് ചെയ്തു.
ചില സിനിമകളില് മുഴുനീള കഥാപാത്രങ്ങള് ചെയ്തു തുടങ്ങിയെങ്കിലും പല കാരണങ്ങളാല് ആ ചിത്രം പൂര്ത്തിയാക്കാന് സാധിച്ചിരുന്നില്ല. മലയാളത്തില് റിലീസായ ചിത്രങ്ങളില് ആദ്യത്തെ മുഴുനീള കഥാപാത്രം ബിരിയാണിയിലെ ഖദീജയാണ്.

കനിയ്ക്ക് ഒരു ഇമേജുണ്ട്, അത്തരം കഥാപാത്രങ്ങള് വരട്ടെ, വിളിക്കാം എന്ന് പല സിനിമ പ്രവര്ത്തകരില് നിന്നും കേട്ടിട്ടുണ്ട്. എന്താണ് ആ ഇമേജ് എന്ന് ആലോചിച്ചിട്ടുണ്ടോ?
പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണത്. പക്ഷേ ആ ഇമേജ് എന്താണെന്നു മാത്രം ഇതുവരെ മനസിലായിട്ടില്ല. വേറെ പല ആക്ടേഴ്സിനോടും ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു ഓഡീഷന് നടത്തി നോക്കാതെ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ഞാന് ആലോചിക്കാറുണ്ട്.
മാ, മെമ്മറീസ് ഓഫ് മെഷീന് എന്നിങ്ങനെ ഷോര്ട്ട് ഫിലിമുകളിലായി പലരും ഏറ്റെടുക്കാന് മടിക്കുന്ന കഥാപാത്രങ്ങള് ചെയ്തിട്ടുണ്ടല്ലോ?
മെമ്മറീസ് ഓഫ് മെഷീന് ഷോര്ട്ട് ഫിലിം ആയിരുന്നില്ല, ഷൈലജ പടിന്തല എന്ന സംവിധായികയുടെ ഫീച്ചര് ഫിലിമിലുണ്ടായിരുന്ന സീനാണത്. പ്രൊഡ്യൂസറെ കാണിക്കാന്വേണ്ടി വര്ക്കിംഗ് പ്രോസസ് ആയി ചെയ്തതായിരുന്നു അത്. സിനിമയുടെ കോണ്ടസ്റ്റില് നിന്ന് മാറി ഒരു ഷോര്ട്ട്ഫിലിമായി ഇടാന് ഷൈലജ തീരുമാനിക്കുമ്പോള് അതിന്റെ അര്ത്ഥം മാറുന്നുണ്ട്. പക്ഷേ ഞാനൊരിക്കലും അത്തരമൊരു ഷോര്ട്ട്ഫിലിം അഭിനയിക്കാന് വേണ്ടി പോയ ആളല്ല. സിനിമയിലെ സീന് വര്ക്കിംഗ് പ്രോസസായി ചെയ്യാന് വിളിച്ചപ്പോള് ഞാന് അഭിനയിക്കാന് പോയി.
കന്നഡയിലായിരുന്നു ആദ്യം ചെയ്തത്. പ്രൊഡ്യൂസേഴ്സ് കന്നഡയില് നിന്നുള്ളവരായിരിക്കണമെന്നില്ല, അതുകൊണ്ട് മലയാളത്തില് എടുത്ത് സബ്ടൈറ്റില് നല്കി പലഭാഷകളില് കാണിക്കാമെന്ന് തീരുമാനിച്ചു. ഒരു വര്ഷം കഴിഞ്ഞ് പല പ്രൊഡ്യൂസേഴ്സിനെയും കണ്ട സമയത്ത് അവരുടെ സുഹൃത്തുക്കളാരോ ആണ് ബാംഗ്ലൂരില് നടക്കുന്ന ക്യുവര് ഫിലിംഫെസ്റ്റിവലില് ഷോര്ട്ട്ഫിലിം പോലെ കാണിച്ചാലോ എന്ന് പറയുന്നത്. എന്നോട് ചോദിച്ചപ്പോള്, അതൊരു ഷോര്ട്ട്ഫിലിമല്ല, അങ്ങനെ കാണിക്കുമ്പോള് അതിന്റെ അര്ത്ഥം മാറുമെന്ന് പറഞ്ഞെങ്കിലും ഷൈലജ അത് ഷോര്ട്ട്ഫിലിം ആയി കാണിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നിട്ടും ഒരുവര്ഷം കഴിഞ്ഞാണ് പേരിടുന്നതും. കഥവായിച്ച് കേട്ട് ഒരു ഫീച്ചര്ഫിലിം എന്നരീതിയിലാണ് ഞാനത് കമ്മിറ്റ് ചെയ്തത്.
മറ്റുള്ളവര് ഏറ്റെടുക്കാന് മടിക്കുന്ന കഥാപാത്രങ്ങളാണോ എന്നെനിക്ക് അറിയില്ല, വരുന്ന അവസരങ്ങളില് നിന്ന് എനിയ്ക്ക് ചെയ്യാന് പറ്റുന്നു എന്ന് തോന്നുന്നതാണ് ഞാന് സെലക്ട് ചെയ്യാറ്.
കേരളത്തില് ആദ്യത്തെ ലിവിങ് ടുഗദര് ദമ്പതികളുടെ മകളാണ്. 18 വയസില് പൂര്ണ്ണമായും സ്വതന്ത്ര്യയാക്കിയ അച്ഛന്റെ തീരുമാനത്തെ എങ്ങനെയാണ് കാണുന്നത്?
മൈത്രേയനും ജയശ്രീയും മാത്രമായിരുന്നില്ല അങ്ങനെ ജീവിച്ചത്, രജിസ്റ്റര് മാരേജ് ചെയ്തവരും ലിവിങ് ടുഗദറുമായി ജീവിച്ചവരുമായ പല ആളുകളേയും എനിക്കറിയാം. എന്റെ ചുറ്റുമുള്ളവര്ക്ക് ലിവിങ് ടുഗദര് ശരിയായ രീതിയല്ലെന്ന് തോന്നിയിരുന്നില്ല. അതുകൊണ്ട് എനിക്കും ആ രീതികളെ അംഗീകരിക്കാതെ ഇരിക്കേണ്ട ആവശ്യമില്ല.
മൈത്രേയനും ഞാനും ജയശ്രീചേച്ചിയും ഒരുമിച്ചാണല്ലോ വളരുന്നത്, അവര് മാതാപിതാക്കളായും ഞാന് മകളുമായിട്ടാണ് വളരുന്നത്. ഒരു സുപ്രഭാതത്തില് അല്ല, വളരുമ്പോള്തന്നെ ജീവിതയാത്ര എങ്ങനെയാണെന്ന് അറിയാമല്ലോ? ഒരുദിവസത്തെ മാറ്റമല്ല, കാലക്രമേണ പതുക്കെ ഉണ്ടായ മാറ്റമാണ്. എല്ലാവരും ഒരുമിച്ചാണ് കാര്യങ്ങള് തീരുമാനിച്ചിരുന്നത്, യാത്ര ചെയ്തിരുന്നത്. 18 വയസില് പെട്ടെന്നു തന്ന സ്വതന്ത്ര്യമല്ല, പൂര്ണ്ണമായും സ്വതന്ത്രയാക്കിയത് അച്ഛന്റെ മാത്രം തീരുമാനമായിരുന്നില്ല. ഞങ്ങളെല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു.

പരമ്പരാഗതമായി കണ്ടുവന്ന പല ചട്ടക്കൂടുകളും തകര്ത്തെറിഞ്ഞ കുടുംബമാണ് കനിയുടേത്, കല്യാണത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള കനിയുടെ നിലപാടുകളെന്താണ്?
നമ്മുടെ നാട്ടില് സ്ത്രീകളുടെ സ്വാതന്ത്ര്യം എന്നത് സാമ്പത്തിക സുരക്ഷിത്വം എന്നത് മാത്രമായിട്ടാണ് കണക്കാക്കുന്നത്. ഒരു കൂട്ട്, സുരക്ഷിതത്വം അതിനൊക്കെയുള്ള ഒരു ഓപ്ഷനാണ് വിവാഹം. എല്ലാവര്ക്കും അത്തരമൊരു സപ്പോര്ട്ട് കിട്ടണമെന്നില്ല.
വിവാഹം എന്നത് മോശമായ കാര്യമാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ കല്യാണം കഴിച്ചാലേ ജീവിതം സുരക്ഷിതമാകൂ എന്ന ചിന്ത ശരിയല്ല. നല്ല ജോലിയുള്ള, സാമ്പത്തികമുള്ള സുരക്ഷിതത്വമുള്ള സ്ത്രീകള്ക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയാല് മാത്രം വിവാഹിതയായാല് മതി. അല്ലെങ്കിലും അവരുടെ ജീവിതം സുരക്ഷിതമാണ്. അത്തരമൊരു ഓപ്ഷനില്ലാത്തവര് ജീവിതം സുരക്ഷിതമാക്കാനാണ് കല്യാണം കഴിക്കുന്നത്. അത്തരമൊരു അവസ്ഥ ഇല്ലായിരുന്നെങ്കില് എന്ന് ഞാനാഗ്രഹിക്കാറുണ്ട്. സ്ത്രീകള്ക്ക് സാമ്പത്തിക സുരക്ഷിതത്വവും നല്ലൊരു തൊഴിലും പണം കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്. അതുണ്ടെങ്കില് സ്ത്രീകളുടെ ജീവിതം നല്ലൊരു ലെവലിലെത്തും.
കുടുംബം എന്നതിന്റെ കണ്സെപ്റ്റ് പലര്ക്കും പലതായിരിക്കും. ഒറ്റയ്ക്ക് താമസിക്കാനും സഹോദരങ്ങള്ക്കൊപ്പം താമസിക്കാനും ഭര്ത്താവിനും കുട്ടികള്ക്കുമൊപ്പം താമസിക്കാനും ആഗ്രഹിക്കുന്നവരുണ്ടാകും. കുടുംബമെന്നത് ഒരു ഇന്ഫ്രാസ്ട്രക്ചറിന്റെ ഭാഗമാണ്. ഒരു കുടംബത്തിലെ നിയമങ്ങള് അവിടെ ജീവിക്കുന്നവര്ക്ക് അറിയാമായിരിക്കും. അവിടെ എല്ലാവര്ക്കും ഒരുപോലെ സ്വാതന്ത്ര്യമുണ്ടെങ്കില് വളരെ നല്ല കാര്യമാണ്. പലയിടത്തും ചിലര്ക്ക് സ്വാതന്ത്ര്യമുണ്ടാകും, ചിലര്ക്കുണ്ടാകില്ല. അങ്ങനെയുള്ള ഇടങ്ങളിലാണ് പ്രശ്നമുണ്ടാകുന്നത്. എല്ലാവര്ക്കും ഒരുപോലെ സ്വാതന്ത്ര്യം അനുവദിക്കുന്ന ഇടത്ത് ഒരുമിച്ച് താമസിക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു, പരസ്പരം കെയര് ചെയ്യുന്നു എന്നതൊക്കെ നല്ല കാര്യമാണ്.
ഒരു സാധാരണ കുടുംബമാകണം തന്റേത് എന്ന് ആഗ്രഹിച്ചിരുന്ന കൗമാരക്കാരിയില് നിന്ന് ഇന്നത്തെ കനിയിലേക്കുള്ള ദൂരം?
സാധാരണ കുടുംബമാകണം എന്നാഗ്രഹിച്ചതിന്റെ അര്ത്ഥം പലര്ക്കും മനസിലായിട്ടില്ല എന്ന് തോന്നുന്നു. അങ്ങനെ ആഗ്രഹിച്ചിട്ടുമില്ല. ചുറ്റുമുള്ള മുതിര്ന്ന ആളുകള് എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിക്കുന്നത് കേട്ട് നിവൃത്തികേട് കൊണ്ട് ചിന്തിക്കുന്നതാണ്. സ്വന്തം മാതാപിതാക്കളോട് സ്നേഹമുണ്ടെങ്കില് അവരെ ആരും കുറ്റപ്പെടുത്തുന്നത് കേട്ടുനില്ക്കാന് നമുക്ക് കഴിയില്ല. അതുകൊണ്ടുമാത്രമാണ് ചുറ്റുമുള്ള ആളുകള് കുറ്റം പറയാത്ത രീതിയില് എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കില് എന്ന് ആഗ്രഹിച്ചത്. അതല്ലാതെ അവര് ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയിട്ടില്ല.
മോഡലിംഗും അഭിനയവും തുടങ്ങിയ സമയത്തു തന്നെ മാതാപിതാക്കളാണ് എന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് ഞാന് മനസിലാക്കിയിരുന്നു. മറ്റുള്ളവര് പറയുന്നത് നോക്കേണ്ട കാര്യമില്ല. മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള് ചെയ്യുക. അല്ലാതെ ലോകത്തെ മുഴുവന് ബോധ്യപ്പെടുത്തുന്ന രീതിയില് ജീവിക്കാന് ആര്ക്കും കഴിയില്ല. ഈ തിരിച്ചറിവുണ്ടായശേഷം മറ്റൊരു കാര്യവും എന്നെ നെഗറ്റീവായി ബാധിച്ചിട്ടില്ല.

അച്ഛനില് നിന്നും അമ്മയില് നിന്നും കിട്ടിയ ഏറ്റവും വലിയ സമ്മാനം?
അവര്തന്നെയാണ് ഏറ്റവും വലിയ സമ്മാനം. ഇനിയൊരു ജന്മത്തിലും ഇതിലും നല്ല മാതാപിതാക്കളെ എനിയ്ക്ക് കിട്ടില്ല. എങ്ങനെയാണോ എന്നെ വളര്ത്തിയത് അതുപോലെ ജീവിക്കാനാണ് ഇഷ്ടം. ജീവിതത്തില് ഏറ്റവുമധികം സന്തോഷമുണ്ടായിരുന്ന സമയമാണ് കുട്ടിക്കാലം. ആ മനോഹരമായ കുട്ടിക്കാലമാണ് മാതാപിതാക്കള് തന്ന സമ്മാനം.
മാതാപിതാക്കളുടെ വേര്പിരിയല് കനിയെ എങ്ങനെയാണ് ബാധിച്ചത്?
വേര്പിരിയലായൊന്നും തോന്നിയിട്ടില്ല. ഞാന് ഇപ്പോള് മാതാപിതാക്കളുടെ കൂടെയല്ല താമസിക്കുന്നത്. കുട്ടിക്കാലം ഇനി തിരിച്ച് കിട്ടില്ല എന്നോര്ക്കുമ്പോള് സങ്കടമുണ്ട്. മാതാപിതാക്കള് ജോലിയുടെ ഭാഗമായി രണ്ടിടത്തായി താമസിക്കാറുണ്ട്. മൈത്രേയന് യാത്ര ചെയ്യാന് ഇഷ്ടപ്പെടുന്ന ആളാണ്. ജയശ്രീ ചേച്ചി വീട്ടിലിരിക്കാന് ഇഷ്ടപ്പെടുന്ന ആളും. രണ്ടിഷ്ടങ്ങളുള്ള ആളുകള് ജീവിതകാലം മുഴുവന് ഒരാളുടെ ഇഷ്ടങ്ങള്ക്കുവേണ്ടി ഒരുമിച്ച് താമസിക്കേണ്ട കാര്യമില്ലല്ലോ. അവര് ആവശ്യത്തില് കൂടുതല് സ്നേഹം തന്നിട്ടുണ്ട്. രണ്ടുപേര്ക്കും 50 വയസ് കഴിഞ്ഞു. ഇനിയെങ്കിലും ഇവര് ഇഷ്ടമുള്ള കാര്യങ്ങള് ചെയ്യട്ടെ. അതിലൊന്നും എനിക്കൊരു പ്രശ്നവുമില്ല.
പലരും തുറന്ന് പറയാന് ആഗ്രഹിക്കുന്ന ലൈംഗികതയെക്കുറിച്ചും മറ്റും തുറന്നു പറച്ചിലുകള് നടത്താറുണ്ടല്ലോ?
ഞാന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് ചിന്താഗതിയുള്ള പലരും തുറന്നു സംസാരിക്കാറുണ്ട്.
കലാകാരിയാവാനുള്ള തീരുമാനം എപ്പോഴാണുണ്ടായത്?
കുട്ടിക്കാലത്ത് സയന്സ് വിഷയങ്ങളോടായിരുന്നു താല്പര്യം. ഡാന്സ് ഇഷ്ടമായിരുന്നു. ഇഷ്ടപ്പെട്ട് ചെയ്ത് അഭിനയത്തിലേക്ക് എത്തിയതാണ്. സയന്റിസ്റ്റ്, ഡോക്ടേഴ്സ് ഇവരോടൊക്കെയാണ് കൂടുതല് ബഹുമാനം തോന്നിയിട്ടുള്ളത്.
നാടകം, സിനിമ, സീരിയല് എല്ലായിടത്തും സജീവമാണ്. മുഴുവന് സമയവും അഭിനയത്തിനായി മാറ്റി വച്ചോ?
അങ്ങനെയൊന്നുമില്ല, ഗാര്ഡനിംഗ് ഇഷ്ടമാണ്. സിതാര് പഠിക്കുന്നുണ്ട്. അഭിനയം എപ്പോഴോ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇപ്പോഴതിനെ സീരിയസായാണ് കാണുന്നത്. അഭിനയത്തിലാണോ എന്റെ മനസുള്ളത് എന്ന് സമയം എടുത്ത് ആലോചിച്ച് നടത്തിയ യാത്രയാണ് എന്റേത്. സാമ്പത്തികമായി വരുമാനം കിട്ടിതുടങ്ങിയതും എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതും അഭിനയത്തിലൂടെയാണ്. ആ രീതിയില് അഭിനയം ഏറ്റവും അടുത്ത് നില്ക്കുന്ന കാര്യമാണ്. പക്ഷേ ജീവിതമെന്നത് ഒരുപാട് കാര്യങ്ങള് കൂടിചേര്ന്നതാണ്. പക്ഷേ അഭിനയേത്തക്കാള് ഡാന്സിന് വേണ്ടി കൂടുതല് സമയം ചെലവഴിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ലെഗ് വിവാദം, യൂട്യൂബറെ തല്ലിയത്, ഇടവേള ബാബുവിന്റെ പരാമര്ശം, പാര്വതിയുടെ രാജി.... സിനിമയില് സ്ത്രീകളുടെ ഭാഗത്തുനിന്ന് ശബ്ദമുയരുകയാണ്. എന്തു തോന്നുന്നു?
കാല് കാണുന്ന രീതിയില് വസ്ത്രം ധരിച്ചു എന്നത് കേരളത്തില് മാത്രമാണ് ഇത്തരത്തില് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഈ കാര്യങ്ങള് കേരളത്തിന് പുറത്തുള്ള സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള് ഈ വിഷയത്തില് ഇങ്ങനെയൊക്കെ പ്രശ്നങ്ങള് ഉണ്ടാകുമോ എന്ന രീതിയിലാണ് അവര് സംസാരിച്ചത്.
ഒരു പിന്നോക്കവിഭാഗത്തില് പെട്ട പെണ്കുട്ടിയാണ് ഷോര്ട്സ് ധരിച്ചതെങ്കില് ഉണ്ടാവുന്ന സൈബര് ബുള്ളിംഗ് വേറെ തരത്തിലായിരിക്കും. അവിടെ നിന്റെ കാല് എന്തിന് കൊള്ളാം? ഭംഗിയില്ലാത്ത കാലിന്റെ ചിത്രം എന്തിന് പോസ്റ്റ് ചെയ്തു എന്ന രീതിയിലായിരിക്കും കമന്റ്. വസ്ത്രധാരണമെന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. അവിടെ കുറ്റപ്പെടുത്തലുകളുണ്ടാകുന്നുവെങ്കില് ആ നിലവാരത്തിലേ സമൂഹം എത്തിയിട്ടുള്ളൂ എന്നാണ് മനസിലാക്കേണ്ടത്.
യൂട്യൂബറെ കൈയ്യേറ്റം ചെയ്ത വിഷയത്തില് പറയാനുള്ളത്, അയാളെ ഉപദ്രവിക്കാനാണ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും ദിയസനയും പോയത് എന്ന രീതിയില് അല്ല കാണേണ്ടത്. പല പ്രശ്നങ്ങള് ജീവിതത്തില് ഉണ്ടാകുമ്പോള് ഇടയ്ക്കെപ്പോഴെങ്കിലും നാം പ്രതികരിച്ചു പോകും. ആ ചെറുത്ത് നില്പ്പ് വളരെ പെട്ടെന്ന് പുറത്തേക്ക് വരും. അത്രയും നാള് സഹിച്ച അവഹേളനങ്ങള്ക്ക് തിരിച്ചടി നല്കുന്നതാണ്. ആ ചെറുത്തുനില്പ്പിനെ അതിക്രമമായി കാണുന്നില്ല. അവരോടൊപ്പമാണ് ഞാനും. നിയമങ്ങള് ഉണ്ടെങ്കിലും ശരിയായ സൈബര് നിയമങ്ങള് ഇപ്പോഴുമില്ല. അതൊക്കെ ഉണ്ടാവട്ടെ.
അമ്മയുടെ ഭാരവാഹി നടത്തിയ പരാമര്ശം വിഷമമുണ്ടാക്കുന്നതാണ്. അതിക്രമത്തെ അതിജീവിച്ച ഒരു പെണ്കുട്ടിയോടുള്ള എംപതി വേണമായിരുന്നു. മിനിമം ബഹുമാനം നിലനിര്ത്തി സംസാരിക്കണമായിരുന്നു.
പാര്വതി എപ്പോഴും ഉറച്ച നിലപാടെടുക്കുന്ന പെണ്കുട്ടിയാണ്. ആ തീരുമാനത്തെ പിന്തുണയ്ക്കുന്നു. പാര്വതിയ്ക്ക് അഭിപ്രായങ്ങള് പറയാന് വലിയൊരു സ്പേസ് കിട്ടുന്നുണ്ട്.
സ്ത്രീകളുടെ ശബ്ദം പണ്ടുമുതലേ ഉയരുന്നുണ്ടായിരുന്നു. സിനിമ എന്ന മാധ്യമം വളരെ പോപ്പുലറായതുകൊണ്ട് അവിടെ നിന്നുള്ള ഇത്തരം ചെറുത്തു നില്പ്പുകള് ശ്രദ്ധിക്കപ്പെടുന്നു. ഇതൊന്നും പുതിയ കാര്യമല്ല.
ഇപ്പോള് സംസ്ഥാന അവാര്ഡ് കിട്ടിയതുകൊണ്ട് എനിയ്ക്ക് കുറച്ചുകൂടി സ്വീകാര്യത കിട്ടുന്നു. നാഷണല് അവാര്ഡ് കിട്ടിയപ്പോള് സുരഭിലക്ഷ്മിയെ എല്ലാവരും തിരിച്ചറിഞ്ഞു. നല്ലൊരു അഭിനേത്രിയാണ് സുരഭിയെന്ന് വര്ഷങ്ങള്ക്ക് മുമ്പേ ഞാന് തിരിച്ചറിഞ്ഞതാണ്. നാടകക്കാരില് അഭിനയം സീരിയസായി കാണുന്ന ഒരുപാട് പേരുണ്ട്. അവരൊക്കെ സിനിമയില് വരാത്തത് കൊണ്ടും ആരും തിരിച്ചറിയുന്നില്ല.അവരെല്ലാം വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ളവരായിരുന്നു. പക്ഷേ പ്രശസ്തരല്ലാത്തതുകൊണ്ട് ആരും തിരിച്ചറിഞ്ഞില്ലെന്ന് മാത്രം.







Comments