
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച നിരവധി അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് രജനി മക്കള്‍ മണ്ട്രത്തിന്റെ യോഗം വിളിച്ചിരിക്കുകയാണ് രജനീകാന്ത്. തിങ്കളാഴ്ച രാവിലെ പത്തിന് ചെന്നൈയിലാണ് യോഗം ചേരുക. പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച തീരുമാനം നാളെ നടക്കുന്ന യോഗത്തില്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.
ചെന്നൈ കോടമ്പാക്കത്ത് താരത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം ചേരുക. രജനി മക്കള്‍ മണ്ട്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ പത്തുമണിക്ക് യോഗത്തില്‍ എത്തണം എന്നതുമാത്രമാണ് തങ്ങള്‍ക്കു ലഭിച്ച നിര്‍ദ്ദേശമെന്നും കൂടുതല്‍ വിവരങ്ങള്‍ യോഗത്തില്‍ പങ്കെടുത്താല്‍ മാത്രമേ വ്യക്തമാകൂ എന്നുമാണ് ഭാരവാഹികള്‍ പറയുന്നത്.
കഴിഞ്ഞ കുറേ നാളുകായി തമീഴ്നാട് രാഷട്രീയത്തിലെ സജ്ജീവ ചര്‍ച്ചകളിലൊന്നായിരുന്നു രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇതു സംബന്ധിച്ച് അവസാനമായി ഉയര്‍ന്നു കേട്ടത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായുമായി രജനി കൂടിക്കാഴ്ച്ച നടത്തുന്നു എന്ന വാര്‍ത്തയാണ്. എന്നാല്‍ തമിഴ്നാട് ബി.ജെ.പി. ഘടകത്തിന്റെ പരിപാടികളില്‍ പങ്കെടുത്തു മടങ്ങിയ അമിത് ഷായോ മറ്റു കേന്ദ്ര നേതാക്കളോ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയില്ല.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഇത്ര തിരക്കിട്ട് യോഗം വിളിച്ചു ചേര്‍ക്കുമ്പോള്‍ അത് സുപ്രധാനമായ നീക്കങ്ങള്‍ക്കു വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






