
തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ പരിശോധന വിജിലന്‍സ് രഹസ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും ഈ റിപ്പോര്‍ട്ടിന്റെ ഉളളടക്കത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന് രമണ്‍ ശ്രീവാസ്തവയോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിജിലന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ശ്രീവാസ്തവയ്ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും നിഷേധിച്ചു. മന്ത്രിസഭായോഗത്തില്‍ നടക്കാത്ത കാര്യങ്ങള്‍ നടന്നുവെന്ന് പ്രചരിപ്പിച്ചത് ചില സിന്‍ഡിക്കേറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തുടര്‍ച്ചയായ ആരോപണങ്ങള്‍ക്കു പിന്നില്‍ രമണ്‍ ശ്രീവാസ്തവയ്ക്കെതിരേയുള്ള ഗൂഢനീക്കമാണെന്നു സംശയമുയര്‍ന്നു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ആക്ട് പരിഷ്കരണവും കെ.എസ്.എഫ്.ഇ. റെയ്ഡും ശ്രീവാസ്തവയുടെ സൃഷ്ടിയാണെന്നും സര്‍ക്കാരിനെ പേരുദോഷം കേള്‍പ്പിക്കുന്നത് ഇദ്ദേഹമാണെന്നുമായിരുന്നു വ്യാപക പ്രചാരണം. എന്നാല്‍, മുഖ്യമന്ത്രി ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാനാണു മുന്‍ പോലീസ് മേധാവിയായ രമണ്‍ ശ്രീവാസ്തവയെ നിയമിച്ചത്. ഇതില്‍ വിജിലന്‍സ്/ജയില്‍/ഫയര്‍ഫോഴ്സ് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയില്ല. ശമ്പളമില്ലാതെയായിരുന്നു നിയമനം. മുഖ്യമന്ത്രി പോലീസ് വിഷയത്തില്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നേരിട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയാണ് ഉപദേശകന്റെ ജോലി. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനോ ഡി.ജി.പിക്കോ നേരിട്ട് ഉപദേശകന് ഒരു ഫയലും നല്‍കാറില്ല. അതീവരഹസ്യമായ ഫയലുകള്‍ വിളിച്ചുവരുത്താന്‍ അദ്ദേഹത്തിന് അധികാരവുമില്ല.
ഇക്കാര്യം പോലീസ് ഉന്നതകേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുന്നു. എന്നിട്ടും ശ്രീവാസ്തവയ്ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണു സംശയം. പോലീസ് ആക്ട് തയാറാക്കിയത് പോലീസ് ഉപദേശകന്റെ അറിവോടെ ആയിരുന്നില്ലെന്നും സൂചനയുണ്ട്. ഓര്‍ഡിനന്‍സ് നിയമവകുപ്പ് പരിശോധിച്ച ശേഷമാണ് രാജ്ഭവനിലേക്കയച്ചത്. എന്നാല്‍ പഴികേട്ടത് പോലീസ് ഉപദേശകനും.






