
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിൻ്റെ കസിൻ ഗ്യാൻ സിങ് മൻ ബിജെപിയിൽ ചേർന്നു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ എന്നിവർ ചേർന്നാണ് ഗ്യാൻ സിങ് മന്നിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
ഗ്യാൻ സിങ് മൻ പഞ്ചാബിലെ എഎപി സർക്കാരിൻ്റെ കടുത്ത വിമർശകനായിരുന്നു . ഭഗവന്ത് സിങ് മൻ സർക്കാരിൻ്റെ നയങ്ങളെ അദ്ദേഹം പലപ്പോഴും ചോദ്യംചെയ്തിരുന്നു.
ഭഗവന്ത് സിങ് മന്നിൻ്റെ പിതൃ സഹോദരൻ്റെ മകനാണ് ഗ്യാൻ സിങ് മൻ. പഞ്ചാബിലെ സഗ്രുർ ജില്ലയിലെ സതൗജ് ആണ് സ്വദേശം. പഞ്ചാബിൽ എഎപിയുടെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുള്ള ഗ്യാൻ സിങ് മൻ, കഴിഞ്ഞ ഒരു വർഷമായി സർക്കാരിൻ്റെ കടുത്ത വിമർശകനായി മാറി.






