
മഴനൂലില്‍ നനുത്ത തണുവില്‍ അലിഞ്ഞൂര്ന്നുവീഴുന്ന മഞ്ഞുകണങ്ങളുടെ സൗന്ദര്യം പോലെ മനോഹരമാണ് ഓരോ ജയചന്ദ്ര സംഗീതവും. പ്രണയവും, വിരഹവും, കാത്തിരിപ്പുകളുമായി മനസിന്റെ ആഴങ്ങളില്വന്ന് സ്പര്‍ശിച്ചുപോകുന്ന ഈണങ്ങള്‍. വാക്കുകളും വരികളും ജീവന്‍തുടിച്ച് നമ്മിലേക്ക് അലിഞ്ഞിറങ്ങും. ആ മാസ്മരിക സംഗീതം മലയാളികള്‍ അനുഭവിച്ചുതുടങ്ങിയിട്ട് കാല് നൂറ്റാണ്ട്. അമ്മയുടെ സ്വപ്നങ്ങള്‍ക്ക് നിറംനല്‍കി, അമ്മ കണ്ട സ്വപ്നങ്ങളിലൂടെ ജീവിക്കുന്ന മകന്. ഇനിയും വരാനിരിക്കുന്ന വസന്തമായ് നമുക്കദ്ദേഹത്തിന്റെ ബാക്കി ജീവിതത്തെയും കാണാം...
25 വര്‍ഷത്തെ സംഗീത ജീവിതം. ഈ നിമിഷത്തെ എങ്ങനെ കാണുന്നു?
എല്ലാം ഈശ്വരന്റെയും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടേയും അനുഗ്രഹം. ഈ 25 വര്‍ഷങ്ങള്‍ എന്റെ സംഗീതത്തെ ഇഷ്ടപ്പെട്ട്, പ്രോത്സാഹിപ്പിച്ച് ഇവിടെവരെ കൈപിടിച്ചുകൊണ്ടുവന്ന സംഗീത ആസ്വാദകര്‍ ലോകമെമ്പാടും നിറഞ്ഞിരിക്കുന്ന മലയാളികളാണ്. അത്തരത്തില്‍ എന്റെ സഹോദരങ്ങള്‍ സ്നേഹിക്കുന്നതുകൊണ്ട് മാത്രമാണ് ഈ വര്‍ഷങ്ങളത്രയും മനോഹരമായി സഞ്ചരിക്കാനായത്. ഇപ്പോഴും മുന്നോട്ട് പോകാനുള്ള ഊര്‍ജം ലഭിക്കുന്നതും. ഈ അവസരത്തില്‍ എല്ലാവരോടും എന്റെ സ്നേഹം അറിയിക്കുന്നു.
വളരെക്കാലത്തിനുശേഷം സംഗീതരംഗത്ത് സംഭവിച്ച അത്ഭുത വിജയംതന്നെയാണ് വാതില്ക്കല് വെളളരിപ്രാവ് എന്ന ഗാനം?
സത്യമായ പ്രവര്‍ത്തനം ഈശ്വരന് അംഗീകരിക്കും എന്ന് ദൃഢമായി വിശ്വസിക്കുന്നയാളാണ് ഞാന്‍. ചില സമയത്ത് എത്രമാത്രം സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലം കിട്ടാന്‍ കാലതാമസം വന്നുവെന്ന് വരാം. സംഗീതത്തില്‍ സത്യമുണ്ട്. അത് വിജയിച്ചതായിട്ടാണ് ഈ ഗാനം ഹിറ്റായപ്പോള്‍ എനിക്ക് തോന്നിയത്. ഓരോ പാട്ടുകളും സ്വയം സമര്‍പ്പിച്ചും ചിന്തിച്ചും എല്ലാവരും പാടിനടക്കുന്ന ഈണങ്ങളാവണം എന്നുകരുതിയും ചെയ്തവയാണ്.
മലയാള സിനിമയില്‍ ഇന്നേവരെയുളളവയില്വച്ച് ഏറ്റവുമധികം കവര്‍ വേര്‍ഷന്‍ ഇറങ്ങിയ പാട്ടാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഈ ഗാനം. അതിലൂടെ ചരിത്രത്തില്‍ ഇടംനേടാനും കഴിഞ്ഞു. എന്ന് മാത്രമല്ല പാട്ട് റിലീസായ ശേഷം ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചിലര്‍ വിളിക്കുകയും മെസേജയക്കുകയുമുണ്ടായി. അമൃത്സറില്‍നിന്ന് പഞ്ചാബിയായ ഒരാള്‍, കല്‍ക്കട്ടയില്‍നിന്ന് എ. ആര് റഹ്മാന് സാറിന്റെ സഹോദരി, ഗോപിസുന്ദര്‍, ഷാന്‍ റഹ്മാന്, അഫ്സല്, കൈലാഷ് അങ്ങനെ പലരും വളരെ നന്നായിട്ടുണ്ടെന്നറിയിച്ചു.
സോഷ്യല്‍ മീഡിയ കൂടി ഒരു തരംഗമാകുന്നതുകൊണ്ട് ലോകമെമ്പാടും ഈ പാട്ടിനെ ഒരു ഉത്സവമായി കൊണ്ടാടുന്നു. പ്രത്യേകിച്ചും എല്ലാവരിലും വേദനനിറഞ്ഞ ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്റെ സംഗീതംകൊണ്ട് സന്തോഷമുണ്ടായി എന്നത് വലിയൊരു അംഗീകാരമാണ്.
എന്താണ് ജയചന്ദ്ര സംഗീതത്തിന്റെ രഹസ്യം?
എന്‍ജിനീയറിംഗ് അപ്ലയിഡ് സയന്‍സാണ് എന്ന് പറയുംപോലെ സിനിമാ സംഗീതം അപ്ലയിഡ് ആര്‍ട്ടാണ്. അതിന്റെ ആപ്ലിക്കേഷന്‍ നമ്മുടെ അറിവില്‍നിന്നും ജീവിതാനുഭവങ്ങളില്നിന്നുമാണ് ഉണ്ടാകുന്നത്. ജീവിതത്തെ കണ്ണുതുറന്ന് കാണുകയും അതിലെ സങ്കടങ്ങളേയും സന്തോഷങ്ങളേയും ഒരേരീതിയില്‍ ആസ്വദിക്കുകയും ചെയ്യുക. ആ അനുഭവങ്ങളിലൂടെയാവാം സംഗീതവും ഉരുത്തിരിഞ്ഞുവരുന്നത്.
ഒ. എന്‍. വി സാറിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ സംഗീതം സ്വയമേ വാഗതമാണ്. നാച്ചുറലായി സംഭവിക്കണം. ഈണങ്ങളൊക്കെയും ഏതോ ഒരു നിമിഷത്തിന്റെ സൗന്ദര്യമാണ്.
കലാകാരന് എപ്പോഴും സൗമ്യനും മനസലിവുള്ളവനുമാണെന്നാണല്ലോ? താങ്കള്‍ക്ക് ഏറ്റവും ദേഷ്യംതോന്നുന്നത് എപ്പോഴാണ്?
കലാകാരന്മാരുടെ ഗുണമായി പറയുന്ന സൗമ്യതയും അലിവും ഒക്കെയുണ്ടെങ്കിലും ഞാനത്ര സൗമ്യനല്ല. പെട്ടെന്ന് ദേഷ്യംവരുന്നയാളാണ്. സൗമ്യനാണെന്ന് മറ്റുള്ളവര്‍ കരുതുന്നത് ഒരു തെറ്റിദ്ധാരണയായിട്ടാണ് തോന്നുന്നത്. പെട്ടെന്ന് ദേഷ്യം വരികയും പെട്ടെന്ന് തണുക്കുകയും ചെയ്യും. ഭാര്യക്കും മക്കള്‍ക്കും കൂടെ ജോലിചെയ്യുന്നവര്‍ക്കും അത് നന്നായി അറിയാം.
32 വര്‍ഷം മുന്‍പ് താങ്കള്‍ സ്റ്റേജില്‍ പാടുന്ന ഒരു വീഡിയോ ഗായിക സുജാത പങ്കുവച്ചിരുന്നു. അക്കാലത്തേ സംഗീതജ്ഞനാകണമെന്ന് ആഗ്രഹിച്ചിരുന്നോ?
കൊച്ചിലേ മുതല്‍ എന്റെ ആഗ്രഹം അതുതന്നെയായിരുന്നു. ആദ്യം ഒരു കര്‍ണാട്ടിക് സംഗീതജ്ഞനായാല്ക്കൊള്ളാമെന്ന് തോന്നി, പിന്നീട് എം. ബി ശ്രീനിവാസന് സാറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംഗീത സംവിധായകനാകണമെന്ന ആഗ്രഹമുണ്ടായത്. സാര്‍ ഓരോ പാട്ടുകളും ക്രിയേറ്റ് ചെയ്യുന്നത് വലിയ അത്ഭുതമായി തോന്നി. പാട്ടുകാരനെപ്പോഴും സംഗീത സംവിധായകന് വരയ്ക്കുന്ന ചട്ടക്കൂടിനുള്ളില്നിന്നേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അവര്‍ക്ക് സ്വന്തമാെയാരു ഈണം ക്രിയേറ്റ് ചെയ്യാന്‍ പറ്റില്ല. സംഗീതസംവിധായകന് ക്രിയേഷന്റെ പുതിയ തലങ്ങളിലേക്ക് ആളുകളെ വിഹരിക്കാന്‍ വിടാന്‍ കഴിയും. സര്‍ഗ്ഗബോധം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് നേരത്തെ പറഞ്ഞ അപ്ലയിഡ് ആര്‍ട്ടിലാണ്. അത് സിനിമാ സംഗീതത്തിലുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ക്രിയേറ്റീവാകേണ്ടതുണ്ട്. ഒരു ഈണം ക്രിയേറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന ആനന്ദം, സ്വന്തം കുഞ്ഞിനെ ആദ്യമായി കൈയിലെടുക്കുമ്പോഴുണ്ടാകുന്ന ആനന്ദം പോലെയുള്ള അനുഭവമാണ്. അതുതന്നെയണ് ഈശ്വരനിലേക്കുള്ള വഴി. അതുകൊണ്ടാണ് സംഗീതം ഈശ്വരനാണെന്ന് പറയുന്നത്.
അമ്മയാണ് മകന് സംഗീതജ്ഞനാകണമെന്ന് ഏറെ ആഗ്രഹിച്ചത്?
ഉണ്ണിമാമയുടെ അനിയത്തി എന്ന രീതിയിലാണ് എന്റെ അമ്മ ആദ്യമായി ദാസ് സാറിനെ കാണുന്നത്. അദ്ദേഹത്തോട് അമ്മ എന്നെപ്പറ്റി സംസാരിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്. അതുപോലെ ജയറാമേട്ടന്റെയടുത്ത് പറഞ്ഞിട്ടുണ്ട്. ജയറാം എന്റെ മോന് നന്നായി പാടും, സംഗീതം ചെയ്യും അവനൊരു അവസരം കൊടുക്കണംം. പിന്നീട് രാജസേനന് ചേട്ടനെപ്പോലുള്ള പലരോടും. അങ്ങനെ അറിയാവുന്നവരോടൊക്കെ എനിക്കുവേണ്ടി അമ്മ കേണപേക്ഷിച്ചുണ്ട്. ഇപ്പോള്‍ അതാലോചിക്കുമ്പോള്‍ അമ്മ അങ്ങനെ ചെയ്യേണ്ടിവന്നല്ലോ എന്നോര്‍ത്ത് സങ്കടം തോന്നുന്നുണ്ട്. പലപ്പോഴും അവസരങ്ങളൊന്നും കിട്ടാതെ വിഷമിച്ചിരിക്കുമ്പോള്‍ അമ്മ പറഞ്ഞിരുന്നു, എടാ ഒരു കാലത്ത് നിന്നെ അന്വേഷിച്ച് എല്ലാവരും വന്നോളുംം. അതുകൊണ്ടുതന്നെ അമ്മയുടെ ആ സ്വപ്നമാണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.
അച്ഛന് ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. താങ്കളും രണ്ട് ആണ്‍കുട്ടികളുടെ അച്ഛനാണ് ?
എന്റെ അച്ഛന് വളരെ സത്യമായി ജീവിച്ച വ്യക്തിയാണ്. ഇലക്ട്രിസിറ്റിബോര്‍ഡില്‍ എഞ്ചിനിയറായും, ടി.കെ എഞ്ചിനിയറിംഗ് കോളജില്‍ പ്രൊഫസറായും അച്ഛന് ജോലിചെയ്തിരുന്നു. അച്ഛനെന്ന അധ്യാപകനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്ന്മാര്ക്ക് നൂറ് നാവാണ്. സത്യമായി പഠിപ്പിക്കുകയും സത്യമായി ജീവിക്കുകയും ചെയ്തയാളാണ്. അച്ഛന് വളരെ സ്ട്രിക്ടായിരുന്നു ഒരു നെല്ലിടപോലും അക്കാര്യത്തില്‍ കോംപ്രമൈസും ചെയ്തിരുന്നില്ല. ആരോഗ്യപരമായി, ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ് ചേട്ടനും എനിക്കും അച്ഛന് പഠിപ്പിച്ച് തന്നത്. തീര്‍ച്ചയായും ഞങ്ങളുടെ മക്കള്‍ക്കും അച്ഛന്റെ സ്നേഹം കുറച്ചൊക്കെ അറിയാന്‍ കഴിഞ്ഞു.
അച്ഛന് പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാനും അതിന്റെ സത്ത് എന്താണെന്നവര്‍ക്ക് മനസിലാക്കിക്കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ കുറച്ചുകൂടി ഗ്ലോബല്‍ വേള്‍ഡില്‍ ജീവിക്കുന്നവരാണ്. അവരുടെ കാഴ്ചപ്പാടുകളും മറ്റൊന്നാണ്. പഴയകാലത്തെ കാഴ്ചപ്പാടുകള്‍ അവരിലേക്ക് അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്ന് വിചാരിക്കുന്നു. എങ്കിലും ഇതൊക്കെയാണ് എന്റെ എക്സ്പീരിയന്‍സ് എന്ന് പറഞ്ഞുകൊടുക്കാറുണ്ട്.
പെണ്മക്കളില്ലാത്തതുകൊണ്ടുതന്നെ പെണ്‍കുട്ടികളോട് വളരെ ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്, അത്തരത്തില്‍ മനസില്‍ മകളുടെ സ്ഥാനം നല്കിയ ആരെങ്കിലുമുണ്ടോ?
ടോപ് സിങ്ങര്‍ റിയാലിറ്റിഷോയില്‍ അംഗമായിരിക്കുമ്പോഴാണ് അവതാരകയായിവന്ന മീനൂട്ടിയെ(മീനാക്ഷി) അടുത്തറിയുന്നത്. മീനൂട്ടിയെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ അച്ഛന് തന്നെയാണെന്ന് മീനൂട്ടിയോട് പറയാറുമുണ്ട്. അച്ഛാ... എന്നുതന്നെയാണ് അവളെന്നെ വിളിച്ചിരുന്നതും. പ്രിയയോട് പറഞ്ഞിട്ടുണ്ട്, ഇങ്ങനെയൊരു മകള്‍ നമുക്ക് വേണമായിരുന്നല്ലേ എന്ന്. എനിക്ക് ലോകമെമ്പാടും ഒരുപാട് മക്കളുണ്ടെന്നാണ് വിശ്വസിക്കുന്നത്. പലരോടും സംസാരിക്കാറുണ്ട്. അവരെല്ലാം മൂത്ത ജേഷ്ഠനെപ്പോലെയോ പിതൃ സ്ഥാനത്തോ ഒക്കെയാണ് കാണാറും.
ജീവിതത്തിലെ മനോഹരമായ നിമിഷം ഏതാണ്?
നാഷണല്‍ അവാര്‍ഡ് വാങ്ങിയ ദിവസം ജീവിതത്തിലെ നല്ലൊരു നിമിഷമായിട്ടാണ് തോന്നുന്നത്. പ്രസിഡന്റിന്റെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങാന്‍ അവാര്‍ഡ് ജേതാക്കള്‍ താഴെ ക്യൂ നില്‍ക്കണം. ആ ക്യൂവില്‍ നിന്നപ്പോള്‍ ജീവിതം ഒരു ഫ്ളാഷ്ബാക്ക് പോലെ മനസിലൂടെ കടന്നുപോയി. അമ്മയേയും അച്ഛനേയും മനസിലോര്ത്താണ് പടികള്‍ ചവിട്ടി സ്റ്റേജില്‍ കയറി ഇന്ത്യയുടെ പ്രസിഡന്റിന്റെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങിയത്. അത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു.
താന്‍ മലയാളത്തില്‍ പാടില്ല എന്ന് വിജയ് യേശുദാസ് പറയുന്നു. ഇക്കാലത്ത് സംഗീതരംഗത്തും പല പ്രതിസന്ധികളുണ്ട്?
എങ്ങനെ പ്രവര്‍ത്തിക്കണം ഏത് രീതിയില്‍ പ്രവര്‍ത്തിക്കണം എന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. വിജയ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിജയ്യുടെ സ്വാതന്ത്ര്യമാണെന്നേ പറയാനാകൂ. എന്നെ സംബന്ധിച്ചിടത്തോളം കിട്ടുന്ന എല്ലാ സിനിമയും ചെയ്യണം എന്നുള്ള വിചാരത്തിലല്ല. നല്ല പ്രോജക്ടാണ്, സംഗീതവുമായി ബന്ധമുണ്ട്്, അവസരമുണ്ട് എന്നുതോന്നിയാലേ അത് ചെയ്യാറുള്ളൂ. അല്ലാതെ ഒരു സിനിമകൂടി ചെയ്യുന്നു എന്നുപറഞ്ഞ് ക്വാണ്ടിറ്റി കൂട്ടാന്‍ നോക്കുന്നില്ല. പാട്ടിന്റെ ഗുണനിലവാരം കൂട്ടി യുണീക്കായിട്ട് നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
പുതിയ പ്രോജക്ടുകള്‍?
നയന്റീന്‍ സെഞ്ചുറി, കുര്‍ബാനി, സ്റ്റാര്‍ ഈ സിനിമകണ് പുതിയ പ്രോജക്ടുകള്‍.
ഒരു ആഗ്രഹമുള്ളത് ഇതാണ്, മറ്റ് ഭാഷകള്‍ അതായത് തമിഴിലും ഹിന്ദിയിലും സംഗീതം ചെയ്യണം, ഇന്‍ഡോ അറബ് കോണ്‍സപ്റ്റും മനസിലുണ്ട്. സ്വപ്നമാണ്. നടക്കുമെന്ന് വിശ്വസിക്കുന്നു.
ഷെറിങ് പവിത്രന്