
ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ് (FAU-G)' നവംബര്‍ 30 മുതലാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ രജിസ്ട്രേഷനായി ലഭ്യമാക്കിയത്. പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന റെക്കോര്‍ഡ് ഫൗജി സ്വന്തമാക്കി.
ഫൗജിയ്ക്ക് വേണ്ടി പത്ത് ലക്ഷത്തിലധികം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗെയിം ഡെവലപ്പര്‍മാരായ എന്‍കോര്‍ ഗെയിംസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. വരും ദിവസങ്ങളില്‍ എണ്ണം കൂടുമെന്നും കമ്പനി പറയുന്നു. പ്രീ രജിസ്ട്രേഷന് തുടങ്ങിയെങ്കിലും ഗെയിം പുറത്തിറക്കുന്ന കൃത്യമായ തീയ്യതി എന്‍ കോര്‍ ഗെയിംസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന അർത്ഥമുള്ളത് യാദൃശ്ചികമല്ല.) ഗെയിം തയ്യാറാക്കുന്നത്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന 'ഭാരത് കെ വീർ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നൽകും. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്.






