
ഡോക്ര്മാര് വേണ്ട, വൈദ്യനിര്‍ദേശം വേണ്ട. എന്തിനും ഏതിനും ആന്റിബയോട്ടിക് മരുന്നുകള്‍. എന്നാല്‍ ഇങ്ങനെ തോന്നുംപടി ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നത് ഉചിതമാണോ? അല്ലെന്നു മാത്രമല്ല, ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
എന്താണ് ആന്റിബയോട്ടിക്സ്
ഒരു രോഗാണുവിനെ മറ്റൊരണുവിനെക്കൊണ്ടു നാമാവശേഷമാക്കുന്ന പ്രക്രിയയാണ് ആന്റിബയോട്ടിക് ചെയ്യുന്നത്. ആദ്യത്തെ ആന്റിബയോട്ടിക്കായ പെനിസിലിന്റെ കണ്ടുപിടിത്തത്തോടെ ആന്റിബയോട്ടിക് യുഗം ആരംഭിച്ചു. 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരങ്ങളായ കണ്ടുപിടിത്തങ്ങളില്‍ പെട്ട ആന്റിബയോട്ടിക്കുകളും വാക്സിനുകളും കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആഗോളതലത്തില്‍ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ഗുണമേന്മയേറിയ ജീവിതം പ്രദാനം ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിക്കാനും കഴിഞ്ഞു.
ജീവന്‍രക്ഷാ ഔഷധങ്ങള്‍
വളരെ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍ ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ ഔഷധങ്ങളാണ്. എന്നാല്‍, യാതൊരു തത്വദീക്ഷയുമില്ലാതെ എന്തിനും ഏതിനും എടുത്തു പ്രയോഗിച്ചാല്‍ ഇവ അപകടകാരികളാകുമെന്നതിനു രണ്ടു പക്ഷമില്ല. ഇപ്പോള്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ കണക്കു നോക്കിയാല്‍ ഏകദേശം 50 ശതമാനം എങ്കിലും അനാവശ്യമായി ഉപയോഗിക്കുകയാണെന്നു കാണാം. പലപ്പോഴും രോഗികള്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍ക്കു മരുന്നിന്റെ പ്രവര്‍ത്തനരീതി, നിര്‍ദേശിക്കുന്ന മരുന്നിന് ഏതെല്ലാം വിഭാഗത്തില്‍ പെട്ട അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്, എന്തൊക്കെയാണു പ്രധാന പാര്‍ശ്വഫലങ്ങള്‍, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ പ്രയോഗിക്കുമ്പോള്‍ അവ ഒന്നു മറ്റൊന്നിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമോ, അതോ ഒന്നു മറ്റൊന്നിനെതിരേ പ്രവര്‍ത്തിക്കുമോ, രോഗിയുടെ പ്രതിരോധശക്തി എത്രത്തോളമുണ്ട് മുതലായ കാര്യങ്ങളെപ്പറ്റി നല്ല പരിജ്ഞാനം ആവശ്യമാണ്. ഇവ കൂടാതെ രോഗിയുടെ പ്രായം, ചികിത്സിക്കാനുദ്ദേശിക്കുന്ന രോഗത്തോടൊപ്പം മറ്റു രോഗങ്ങള്‍ (പ്രത്യേകിച്ചും എയ്ഡ്സ് മുതലായവ) പ്രസ്തുത രോഗിക്കുണ്ടോ, മറ്റെന്തെങ്കിലും മരുന്നുകള്‍ (പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം മുതലായവയ്ക്ക്) രോഗി കഴിക്കുന്നുണ്ടോ, നിര്‍ദേശിക്കാനുദ്ദേശിക്കുന്ന മരുന്നുകള്‍ രോഗി നേരത്തെ ഉപയോഗിച്ചിട്ടുണ്ടോ, ഏതെങ്കിലും മരുന്നുകള്‍ക്ക് അലര്‍ജി ഉണ്ടായിട്ടുണ്ടോ എന്നെല്ലാം അന്വേഷിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
പ്രവര്‍ത്തനരീതി
1. ചില ആന്റിബയോട്ടിക്കുകള്‍ കുത്തിവച്ചാലേ പ്രവര്‍ത്തിക്കുകയുള്ളൂ. മറ്റു ചിലവ വായില്‍ക്കൂടി കഴിച്ചാലും പ്രവര്‍ത്തിക്കും.
2. ചില മരുന്നുകള്‍ കോശഭിത്തിയില്‍ പ്രവര്‍ത്തിക്കുന്നു. ഉദാ: പെനിസിലിന്, വാന്കോമൈസിന്.
3. മറ്റു ചിലവ പ്രൊട്ടീന്‍ ഉല്പാദനത്തെ തടസപ്പെടുത്തുന്നു. ഉദാ: ടെട്രാസൈക്ലിന്‍, എരിത്രോമൈസിന്‍.
4. നൂക്ലിക് ആസിഡ് ഉല്പാദനത്തെ ബാധിക്കുന്ന മരുന്നുകളില്‍ ക്ഷയരോഗത്തിനുപയോഗിക്കുന്ന റൈഫാംപിസിന് ഉള്‍പ്പെടുന്നു. ക്വിനലോണ് ഗ്രൂപ്പില്‍ പെട്ട മരുന്നുകള്‍ ഡി.എന്‍.എ. ഉല്പാദനത്തെ ബാധിക്കുന്നു.
പ്രവര്‍ത്തനമേഖല
ആന്റിബയോട്ടിക്കുകള്‍ വിധിക്കുന്നതിനു മുമ്പ്, രോഗിക്ക് ഏതു വിഭാഗത്തില്‍ പെട്ട രോഗാണുബാധയാണുള്ളതെന്നു കണ്ടുപിടിക്കണം. രോഗിയുടെ രക്തം, കഫം, മൂത്രം മുതലായവയില്‍ നിന്നും രോഗാണുക്കളെ ഏതെല്ലാം മരുന്നുകൊണ്ട് ഉന്മൂലനം ചെയ്യാന്‍ സാധിക്കും എന്നും മറ്റുമുള്ള കാര്യങ്ങള്‍ മനസിലാക്കിയ ശേഷം അതിനു പറ്റിയ ആന്റിബയോട്ടിക്കുകള്‍ മാത്രം കൊടുക്കണം.
മിക്കവാറും മരുന്നുകള്‍ കരള്‍ വഴിയും വൃക്കകള്‍ വഴിയുമാണു പുറന്തള്ളപ്പെടുന്നത്. പ്രസ്തുത അവയവങ്ങള്‍ക്കു രോഗം ബാധിച്ചവര്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കൊടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
ഏറ്റവും ചെലവു കുറഞ്ഞതും ഉദ്ദേശിക്കുന്ന അണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ളതുമായ മരുന്നുകള്‍ മാത്രം കൊടുക്കുകയാണുത്തമം. കാര്യക്ഷമതയുള്ള അളവില്‍, വേണ്ടത്ര ദിവസം മരുന്നു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുതിയതായി ഇറങ്ങുന്ന ആന്റിബയോട്ടിക്കുകള്‍ പലതും, ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നവയേക്കാള് മെച്ചമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ല.
ചിലയവസരങ്ങളില്‍ ഒന്നിലധികം ആന്റിബയോട്ടിക്കുകള്‍ ഒരേയവസരം കൊടുക്കേണ്ടി വരും.
പ്രത്യേകിച്ചും മാരകമായ അണുബാധയുണ്ടാവുമ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗാണുക്കളെ കണ്ടുപിടിച്ച്, ഏതു മരുന്നാണു പ്രയോജനപ്രദമെന്നു നോക്കാന്‍ സമയം കാണുകയില്ല. കൂടാതെ, അണുബാധ മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍, വ്രണങ്ങള്‍, മൂത്രാശയത്തിലെ പഴുപ്പ് മുതലായ രോഗങ്ങള്‍ക്ക് എപ്പോഴും രോഗാണുക്കളെ വേര്‍തിരിച്ചെടുത്ത ശേഷം മാത്രം മരുന്നു കൊടുക്കുക പ്രായോഗികമല്ല.
പാര്‍ശ്വഫലങ്ങള്‍
എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ട്. ഏതെങ്കിലും മരുന്നിന് ഒരു പാര്ശ്വഫലവുമില്ല എന്നവകാശപ്പെട്ടാല്‍, ആ മരുന്നിനു ഫലം തന്നെയില്ല എന്നനുമാനിക്കാം. ഒരേ മരുന്നു തന്നെ പലരിലും പലവിധത്തില്‍ പ്രതികരിക്കുന്നു. മരുന്നുകളുടെ എണ്ണം കൂടുന്തോറും പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ ദോഷഫലങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. പ്രായമേറിയവരില്‍ പാര്‍ശ്വഫലങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ചില പാര്‍ശ്വഫലങ്ങള്‍ മരുന്നിന്റെ അളവുമായി ബന്ധപ്പെട്ടതും ചിലവ അപ്രതീക്ഷിതവും ആണ്.
പ്രതിരോധത്തിന്
രോഗപ്രതിരോധത്തിനായും ആന്റിബയോട്ടിക്കുകള്‍ അപൂര്‍വമായി ഉപയോഗിക്കാറുണ്ട്. രോഗം വന്നാലുണ്ടാകാവുന്ന ദൂഷ്യഫലങ്ങള്‍, പ്രതിരോധ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളേക്കാള്‍ മാരകമാകാവുന്ന അവസ്ഥയില്‍ മാത്രമേ പ്രതിരോധ ചികിത്സയ്ക്കായി മുതിരാവൂ. എങ്കില്‍ തന്നെയും ഏറ്റവും കുറഞ്ഞ സമയത്തേക്കു മാത്രമായി പ്രതിരോധചികിത്സ ചുരുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങളില്‍, ശരിയായ ആന്റിബയോട്ടിക്കുകള്‍, ശരിയായ അളവില്‍, വേണ്ടത്ര ദിവസം ഉപയോഗിച്ചാല്‍ ഇലയ്ക്കും മുള്ളിനും കേടു വരാതെ സൂക്ഷിക്കാം. ആന്റിബയോട്ടിക്കുകള്‍ അനുഗ്രഹമാക്കി മാറ്റാം.
കടപ്പാട്:
ഡോ. മുഹമ്മദ് ഹനീഫ്,
കോട്ടയം