
ഇന്ത്യയിലെ തങ്ങളുടെ സ്മാർട്ട് ടിവി ശ്രേണി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് ടെക്നോളജി ഭീമന്മാരായ ഷവോമി . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'ക്വാണ്ടം ലീപ്സ് അഹെഡ്' എന്ന പരസ്യവാചകമായി സമൂഹ മാധ്യമങ്ങളിലൂടെ ഷവോമി ടീസറുകൾ പോസ്റ്റ് ചെയ്തിരുന്നു. പുതിയ ക്യൂഎൽഇഡി 4K ടിവിയാണ് ലോഞ്ച് ചെയ്യാൻ പോകുന്നതെന്ന് കമ്പനി വ്യക്തമാക്കി. പുത്തൻ ടിവി ഡിസംബർ 16-ന് വില്പനക്കെത്തും എന്നാണ് റിപ്പോർട്ട്. എന്നാൽ, ഏതാണ് പുത്തൻ ടിവി എന്ന് ഷവോമി പുറത്തുവിട്ടിട്ടില്ല.
അതേസമയം, ചില പ്രമുഖ മാധ്യമങ്ങളിലെ റിപോർട്ടുകൾ അനുസരിച്ചു ചൈനീസ് വിപണിയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ അവതരിപ്പിച്ച എംഐ ടിവി 5 പ്രോ ആയിരിക്കും ഇന്ത്യയിലെത്തുന്ന ക്യൂഎൽഇഡി 4K ടിവി. നിലവിൽ ഷവോമി ഇന്ത്യയിൽ വില്പനയിലുള്ള എൽഇഡി ടിവി മോഡലുകളെക്കാൾ പ്രീമിയം മോഡൽ ആണ് എംഐ ടിവി 5 പ്രോ. ക്യൂഎൽഇഡി 4K ടിവിയ്ക്ക് എൽഇഡി ടിവികളേക്കാൾ മികച്ച ഡിസ്പ്ലേ ആണ് ലഭിക്കുന്നത്. മികച്ച ബ്രൈറ്റ്നസ്സും കളർ കറക്ഷനും ഈ ടിവിയുടെ ക്വാണ്ടം ഡോട്ട് ലെയർ ഉറപ്പ് വരുത്തും.
എംഐ ടിവി 5 പ്രോയ്ക്ക് 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് എന്നിങ്ങനെ വിവിധ സ്ക്രീൻ സൈസുകളിൽ അൾട്ര എച്ച്ഡി (3840x2160 പിക്സൽ) ക്യൂഎൽഇഡി ഡിസ്പ്ലേ ആണ്. സാംസങ്, ടിസിഎൽ, വൺപ്ലസ് ബ്രാൻഡുകളുടെ ക്യൂഎൽഇഡി 4K ടിവിയുമായാണ് ഷവോമിയുടെ പുത്തൻ ടിവി മത്സരിക്കുക. ന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ടിവിയ്ക്ക് എച്ഡിആർ സപ്പോർട്ടും ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റവും ആയിരിക്കും എന്നാണ് സൂചന.






