
സ്വപ്നങ്ങള്‍ വിരിയുന്ന കണ്ണുകളും നനുത്ത പുഞ്ചിരിയുമായി അഴകൊഴുകും പ്രയാഗ് നദിപോലെ മലയാളികളുടെ മനസിലിടം നേടിയ നടിയാണ് പ്രയാഗ മാര്ട്ടിന്. സിനിമയ്ക്കു പുറമേ യാത്രകളും നൃത്തവുമൊക്കെ ചേര്‍ത്തുപിടിച്ച പെണ്‍കുട്ടി. ലോക്ഡൗണ്‍ നാളുകളില്‍ ഷൂട്ടിംഗ് തിരക്കുകളില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ആരോഗ്യകാര്യത്തില്‍ പ്രയാഗ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. കൃത്യമായി വര്‍ക്കൗട്ട് ചെയ്തും ഹെല്‍ത്തി ഡയറ്റ് ഫോളോ ചെയ്തും കൂടുതല്‍ സുന്ദരിയായി പുതിയൊരു തമിഴ് സിനിമയിലൂടെ വെള്ളിത്തിരയില്‍ സജീവമാകാനൊരുങ്ങുകയാണ് പ്രയാഗ മാര്ട്ടിന്.
ലോക് ഡൗണില്‍ മാറിയ ജീവിതശൈലി
ഷൂട്ടിങ്ങും യാത്രകളുമില്ലാതെ വീടിനുള്ളില്‍ ദിവസങ്ങളോളം ചെലവഴിച്ചപ്പോഴാണ് മുമ്പ് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിരുന്നു എന്ന് തിരിച്ചറിയുന്നത്. വെറുതെ ഇരിക്കുന്ന സമയം എങ്ങനെ ഉപകാരപ്രദമാക്കാം എന്ന് മനസിലാക്കിയ സമയം കൂടിയായിരുന്നു അത്. ഇത്രകാലം തുടര്‍ന്നുപോന്ന ജീവിതരീതികളില്‍ നിന്നും പുറത്തുകടക്കാനായി എന്നതാണ് എടുത്ത് പറയാവുന്ന നേട്ടങ്ങളിലൊന്ന്. 24 മണിക്കൂര്‍ സമയം എങ്ങനെ കരിയറിനും ആരോഗ്യത്തിനും പേഴ്സണല്‍ ലൈഫിനും ഉപകാരപ്രദമാകുന്ന രീതിയില്‍ ചെലവഴിക്കാനും റീ കണ്‍സ്ട്രക്ഷന്‍ നടത്താനും കഴിഞ്ഞു. ഫിറ്റ്നെസിനായി കുറേയേറെ സമയം ചെലവഴിക്കാനും സാധിച്ചു.
ഫിറ്റ്നെസിന് ലോക്കില്ല
ശരീരത്തിന് എക്സര്‍സൈസ് നല്‍കുക, കൃത്യസമയത്ത് ഉറങ്ങുക എന്നീ കാര്യങ്ങളില്‍ വ്യക്തമായൊരു ചിട്ട കൊണ്ടുവരാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞു. തിരക്കുകളില്ലെങ്കില്പ്പോലും രാത്രി വൈകി ഉറങ്ങാന്‍ കിടക്കുന്ന ആളാണ് ഞാന്‍. ആ ശീലം മാറ്റണമെന്ന് കുറേ നാളുകളായി വിചാരിച്ചിട്ടും നടന്നില്ല. ഇപ്പോള്‍ നാലരയ്ക്ക് ഉണര്‍ന്നാല്‍ അഞ്ചരയാകുമ്പോഴേക്കും വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങും. ആ ശീലം തുടങ്ങിയതോടെ ആരോഗ്യകരമായ രീതിയില്‍ ഉറങ്ങാന്‍ സമയം കിട്ടുന്നുണ്ട്.
മുമ്പ് ഷൂട്ടിന് പോകുമ്പോള്‍ അവിടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ ദിവസവും രാവിലെ അഞ്ചരയോടെ വര്‍ക്കൗട്ട് തുടങ്ങും. ജോഗിങ്, സൈക്ലിങ്, സ്വിമ്മിങ്. ഡൈവിങ് എന്നിവയൊക്കെ ചെയ്യുന്നുണ്ട്. ജിമ്മില്‍ പോകാന്‍ പറ്റാത്തതിനാല്‍ വര്‍ക്കൗട്ട് ചെയ്യാനുള്ള അത്യാവശ്യ സൗകര്യങ്ങളൊക്കെ വീട്ടിലൊരുക്കിയിട്ടുണ്ട്.
ഹെല്‍ത്തി ഡയറ്റ്
സിനിമയില്‍ വരുമ്പോള്‍ മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ക്കൊപ്പം പോസ്റ്റ്ഗ്രാജുവേഷന് പഠനവും കൂടിയായപ്പോള്‍ ഫിറ്റ്നെസില് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അതോടെ ഇഷ്ടമുള്ളതെല്ലാം കഴിച്ച് ഭാരം കൂടി. ആ സമയത്താണ് കന്നഡയില്‍ ഗീത എന്ന സിനിമയിലേക്ക് ഓഫര്‍ വരുന്നത്. കന്നഡയിലെ കന്നിച്ചിത്രമായിരുന്നു അത്. കഥാപാത്രത്തിന് ശരീരഭാരം അത്യാവശ്യമായതിനാല്‍ അപ്പോഴുള്ള ശരീരഭാരം കുറയ്ക്കരുതെന്ന് സംവിധായകന് പറഞ്ഞിരുന്നു. ആ സിനിമ പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ ഡയറ്റ് തുടങ്ങിയത്.
കുറച്ചധികം കഷ്ടപ്പെട്ടിട്ടാണ് ഫിറ്റ്നെസ് നിലനിര്‍ത്തുന്നത്. പട്ടിണി കിടന്ന് കഷ്ടപ്പെടുന്നതിനേക്കാള്‍ ഹെല്‍ത്തി രീതികളാണ് ഞാന്‍ പരീക്ഷിച്ചത്. വളരെ പെട്ടെന്ന് വണ്ണം കുറയ്ക്കാതെ സമയമെടുത്ത് ഡയറ്റ് ചെയ്തും വര്‍ക്കൗട്ടും ചെയ്തുമാണ് ഇപ്പോഴത്തെ നിലയിലായത്. മണിക്കൂറുകളോളം വര്‍ക്കൗട്ട് ചെയ്താലും ഹെല്‍ത്തിയായ ഡയറ്റ് നോക്കിയില്ലെങ്കില്‍ ഒരു കാര്യവുമില്ല. നാടന്‍ ഭക്ഷണമാണ് പൊതുവേ എനിക്കിഷ്ടം. മധുരം ഒരുപാടിഷ്ടമാണ്. അതുപോലെ മൂന്നു നേരം ബിരിയാണി തന്നാലും കഴിക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് ഭക്ഷണം നിയന്ത്രിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
ധാരാളം ചൂടു വെള്ളം കുടിക്കാറുണ്ട്. ഷുഗര്‍ പൂര്‍ണമായി ഒഴിവാക്കി. ഹോട്ട് ലെമണ്‍ ടീ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ധാരാളം പച്ചക്കറികള്‍ കഴിക്കും. ഇങ്ങനെയുള്ള ഡയറ്റാണ് ഫോളോ ചെയ്യുന്നത്. ഭക്ഷണം തീരെ കുറച്ച് കുറച്ച് ദിവസം കൊണ്ട് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുത് ശരീരത്തിന് നല്ലതല്ല. അതുകൊണ്ട് ട്രെയിനറുടെ നിര്‍ദ്ദേശം പ്രകാരം ആരോഗ്യകരമായ ഡയറ്റാണ് ഫോളോ ചെയ്യുന്നത്.
ബ്യൂട്ടി ടിപ്സ്
സൗന്ദര്യ സംരക്ഷണത്തിനായി ഒരുപാട് സമയം മാറ്റിവയ്ക്കുന്ന ആളല്ല ഞാന്‍. ചര്‍മ്മ, ഹെയര്‍ സംരക്ഷണത്തിനായി പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. ഇപ്പോഴുള്ള സൗന്ദര്യത്തില്‍ തൃപ്തയാണ്. അത് നിലനിര്‍ത്താനായി അത്യാവശ്യ കാര്യങ്ങള്‍ ചെയ്യുമെന്നല്ലാതെ കൃത്രിമമായ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളോട് എനിക്ക് താല്പര്യമില്ല. സമയം കിട്ടുമ്പോഴൊക്കെ ക്ലെന്‍സിംഗ് ചെയ്യാറുണ്ട്. അല്ലാതെ പാര്‍ലറില്‍ പോകുന്ന പതിവൊന്നുമില്ല.
ബി പോസിറ്റീവ്
സ്വന്തം കാര്യം നോക്കി ജീവിക്കുക എന്നതാണ് എപ്പോഴും പോസിറ്റീവായിരിക്കാനുള്ള എളുപ്പ വഴി. മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്ന് നോക്കി ഇരിക്കാതെ കിട്ടുന്ന സമയം സ്വയം കറക്ട് ചെയ്യാന്‍ ശ്രമിക്കണം. കരിയര്‍, ആരോഗ്യം, പേഴ്സണല്‍ ലൈഫ് എന്നിവയിലൊക്കെ നമുക്ക് പറ്റിയിട്ടുള്ള തെറ്റുകള്‍ എന്താണെന്ന് തിരിച്ചറിയണം. സ്വന്തം കാര്യങ്ങളില്‍ ഫോക്കസ് ചെയ്യുമ്പോള്‍ മറ്റുള്ളവരിലെ നല്ല കാര്യങ്ങള്‍ തിരിച്ചറിയാനാകും. താന്‍ ആരാണെന്നും തന്റെ വ്യക്തിത്വം എന്താണെന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ മറ്റൊരാളെ അംഗീകരിക്കാന്‍ നമുക്ക് കഴിയൂ.
ഒരാളുടെ പേഴ്സണാലിറ്റിയാണ് അയാളെയും ചുറ്റുമുള്ളവരെയും ഹാപ്പിയാക്കുന്നത്. ഞാന്‍ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നതെന്ന് എല്ലാവരോടും പറഞ്ഞുകൊണ്ട് നടക്കാന്‍ സാധിക്കില്ല. ആ സന്തോഷം മുഖത്ത് പ്രകടിപ്പിക്കാനേ കഴിയൂ. ഒരാളെ കാണുമ്പോള്‍, സംസാരിക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെങ്കില്‍ പ്രസന്നമായ മുഖത്തോടെ അവര്‍ക്ക് മുമ്പില്‍ നില്ക്കാന് കഴിയും. ചിരിക്ക് വലിയൊരു പവറുണ്ട്. മുഖത്ത് വിരിയുന്ന ചിരിയിലൂടെ നമ്മുടെ സന്തോഷം മുമ്പില്‍ നില്ക്കുന്നവരിലേക്ക് പകര്‍ന്നു നല്‍കാനും കഴിയും. അതോടൊപ്പം നമ്മളിലെ പോസിറ്റിവിറ്റിയും പങ്കുവയ്ക്കാം.
എന്നുകരുതി നെഗറ്റീവുകളൊന്നുമില്ലാത്ത വ്യക്തിയാണ് ഞാനെന്നല്ല. എന്നിലെ നെഗറ്റീവ് എന്തായാലും അതെന്നില്‍ തന്നെ മൂടിവയ്ക്കാനാണിഷ്ടം. പെര്‍ഫെക്ടായ ആരുമുണ്ടാവില്ല. മറ്റുള്ളവര്‍ പറഞ്ഞുതരുന്നതില്‍ നിന്ന് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ഉള്‍ക്കൊള്ളാറുണ്ട്. മറ്റൊരാളുടെ അഭിപ്രായങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കാതെ നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യണം.
എന്നിലുള്ള പോസിറ്റീവായ കാര്യങ്ങള്‍ ഞാന്‍ പറയാതെ മറ്റുള്ളവര്‍ മനസിലാക്കുന്നതാണ് നല്ലതൊണ് എന്റെ വിശ്വാസം.
നൃത്തമെന്ന പാഷന്
അഞ്ച് വയസു മുതല്‍ ശാസ്ത്രീയമായി നൃത്തമഭ്യസിക്കുന്നുണ്ടായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാം ഇതൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ മോഹിനിയാട്ടത്തിലാണ് ഫോക്കസ് ചെയ്യുന്നത്.
കലാപരമായും കായികപരമായുമുള്ള കഴിവുകള്‍ ഏതൊരു വ്യക്തിയുടേയും സമ്പത്താണ്. പോക്കിരി സൈമണ്‍ എന്ന സിനിമയില്‍ ഒരു ക്ലാസിക്കല്‍ ഡാന്‍സറുടെ കഥാപാത്രമായിരുന്നു എന്റേത്. അഭിനയിച്ച സിനിമകളിലെല്ലാം ഒരു ഡാന്‍സര്‍ എന്നതിലെ ഏതെങ്കിലുമൊരു എലമെന്റ് എന്നെ സഹായിച്ചിട്ടുണ്ട്.
ഗാനരംഗങ്ങളിലൊക്കെ അഭിനയിക്കുമ്പോള്‍ ഡാന്സറായതുകൊണ്ടുതന്നെ ആ താളവും സംഗീതവുമൊക്കെ ഉള്‍ക്കൊണ്ട് തന്നെ പെര്‍ഫോം ചെയ്യാന്‍ കഴിയാറുണ്ട്. നൃത്തം ചെയ്യുമ്പോള്‍ പ്രത്യേക സന്തോഷമാണ്. ഒരു നര്‍ത്തകിയുടെ വേഷത്തില്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.
ഐ ലവ് പെറ്റ്സ്
നായ്ക്കുട്ടികള്‍ എന്റെ ജീവനാണ്. മുന്‍പ് വീട്ടില്‍ മൂന്ന് നായ്ക്കുട്ടികളുണ്ടായിരുന്നു. അവയ്ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ മനസ് ശരിക്കും റിലാക്സ്ഡാകും. വീട് വിട്ട് ഫ്ളാറ്റിലേക്ക് മാറിയപ്പോള്‍ നായ്ക്കുട്ടികളെ വളര്‍ത്താന്‍ സൗകര്യമില്ലാതായി. അല്ലായിരുന്നെങ്കില്‍ മൂന്നോ, നാലോ നായ്ക്കുട്ടികളെ വാങ്ങി വളര്‍ത്തുമായിരുന്നു. പെറ്റിനെ വളര്‍ത്തുമ്പോള്‍ അതിനെ കൃത്യമായി സംരക്ഷിക്കാനും ഉത്തരവാദിത്തമുണ്ട്. അതിന് തല്ക്കാലം കഴിയാത്തത് കൊണ്ട് പെറ്റിനെ വളര്‍ത്തുന്നില്ല. പക്ഷേ, ആ ഇഷ്ടം ഇന്നും മനസിലുണ്ട്. കുറച്ചുകൂടി സൗകര്യമുള്ളിടത്തേക്ക് മാറുമ്പോള്‍ പെറ്റ്സിനെ വളര്‍ത്താമെന്ന് കരുതുന്നു.
ഡ്രൈവിങ് ക്രേസ്
പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ എനിക്ക് വലിയ താല്പര്യമാണ്. ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചതും ലൈസന്‍സ് എടുത്തതും ഒക്കെ അത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമാണ്. കാര്‍ ഓടിക്കുന്നതും ഇഷ്ടമാണ്. തിരക്കുകള്‍ ഒഴിവാക്കി ഡ്രൈവിന് പോകുന്ന ശീലമില്ല. പക്ഷേ, ഡ്രൈവിംഗ് എനിക്കെപ്പോഴും റിലാക്സേഷനുള്ള ഒരു മാര്‍ഗമാണ്. സ്വന്തമായി ഡ്രൈവ് ചെയ്ത് പോകുന്നിടത്തോളം സ്വാതന്ത്ര്യം മറ്റൊന്നിനും കിട്ടില്ല. കാറുകളോടാണ് കൂടുതലിഷ്ടം. ഡ്രൈവ് ചെയ്യുമ്പോള്‍ കൈകള്‍ മാത്രമല്ല ചലിക്കുന്നത് മനസും തലച്ചോറുമൊക്കെ അതിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ആണ്‍പെണ്‍ ഭേദമില്ലാതെ ഒരു വ്യക്തി പുറംലോകവുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് ഡ്രൈവിങ്ങും യാത്രകളും.
വെറുതെ യാത്ര ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ കുറവാണെങ്കിലും ഷൂട്ടിംഗിന് വേണ്ടി കുറേ യാത്ര ചെയ്യാറുണ്ട്. എല്ലാ യാത്രകളും ആസ്വദിച്ചു തന്നെയാണ് പോകാറ്. എവിടെയെങ്കിലും പോകാനുണ്ട് എന്നു കേള്‍ക്കുമ്പോഴേ ഞാന്‍ എക്സൈറ്റഡ് ആയിരിക്കും. വയ്യാത്ത അവസ്ഥയിലാണെങ്കില്‍ മാത്രമേ യാത്ര ഒഴിവാക്കാറുള്ളൂ. യാത്രയ്ക്കിടയില്‍ പല പല ഭക്ഷണങ്ങള്‍, ഷോപ്പിംഗ് അങ്ങനെയങ്ങനെ എല്ലാ പുതുമകളേയും പരിചയപ്പെടാനാണ് താല്പര്യം.
പോസിറ്റീവായി ചിന്തിക്കാനുള്ള ബൂസ്റ്റാണ് യാത്രകള്‍. ക്രിയേറ്റീവായ ആളുകള്‍ യാത്ര ഇഷ്ടപ്പെടുന്നതിന്റെ കാരണവും അതുതന്നെയാവും. വീട്ടില്‍ നിന്ന് ദൂരേയ്ക്കാണല്ലോ യാത്ര ചെയ്യുന്നത്. ജീവിതത്തിലെ സ്ട്രെസും ടെന്‍ഷനുമെല്ലാം മാറ്റിവച്ചു യാത്ര ചെയ്യുമ്പോള്‍ മനസ് റിലാക്സ്ഡാകും.
ഇനി സിനിമയാണ് പ്രധാനം
പഠനമൊക്കെ കഴിഞ്ഞു. ഇനി സിനിമയില്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനം. പല കഥകളും കേള്‍ക്കുന്നുണ്ടായിരുന്നു. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഇപ്പോഴത്തെ പ്രതിസന്ധികളൊക്കെ മാറി ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോള്‍ ഒരു തമിഴ് ചിത്രമായിരിക്കും ആദ്യം ചെയ്യുന്നത്.
തയാറാക്കിയത്: അശ്വതി അശോക്