
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഏക സൈനിക ഉദ്യോഗസ്ഥൻ നൂറിന്റെ നിറവിൽ. കര, നാവിക, വ്യോമ സേനകളില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച കേണല്‍ പ്രിതിപാല്‍ സിംഗ് ഗില്‍ ആണ് നൂറാം ജന്മദിനം ആഘോഷിക്കുന്നത്.
പഞ്ചാബ് സ്വദേശിയായ അദ്ദേഹം ചണ്ഡിഗഢിലെ വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ പൈലറ്റായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിമാനം പറത്തുന്നതില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ആശങ്ക കണക്കിലെടുത്ത് അദ്ദേഹം അതില്‍ നിന്ന് മാറി നാവിക സേനയില്‍ ചേര്‍ന്നു. പിന്നീട് നാവിക സേനയില്‍ യുദ്ധക്കപ്പലുകളിലെ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് നാവിക സേന വിട്ടു.
സ്വാതന്ത്രാനന്തരം അദ്ദേഹം കരസേനയില്‍ ചേര്‍ന്നു. 1965 ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. വിരമിക്കുമ്പോള്‍ മണിപ്പൂരില്‍ അസം റൈഫിള്‍സിലെ സെക്ടര്‍ കമാന്‍ഡറായിരുന്നു.






