
ന്യൂഡല്‍ഹി : ഏറെ കാത്തിരിപ്പിനു ശേഷം എത്തുന്ന ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം അല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍ വോട്ട് അനുവദിക്കാത്തത് എന്നാണ് സൂചന.
അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്, ഓസ്ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചേക്കും.
വോട്ട് രേഖപെടുത്തിയ ശേഷം മുദ്ര വച്ച കവറില്‍ ബാലറ്റ് തിരികെ എംബസിക്ക് കൈമാറണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോടെ ബാലറ്റിനൊപ്പം കൈമാറണമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന് നിർദേശിച്ചിട്ടുണ്ട്. ബാലറ്റ് തുടര്‍ന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എംബസ്സി അയച്ചു നല്‍കും.
ഇ- തപാല്‍ വോട്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ തെരെഞ്ഞെടുപ്പ് കമ്മീഷന് എംബസികളില്‍ ഉറപ്പ് വരുത്തണം എന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു






