
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മാസ്ക് ധാരണം നിബന്ധമാക്കിയത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. മാസ്ക് ഏവരും ധരിക്കുന്നത് പോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റുകളും ധരിക്കുന്നു. നിരവധി ഫാഷന്‍ ട്രെന്ഡിംങ്ങായ മാസ്കുകള്‍ പുറത്തിറങ്ങിയിരുന്നു.
കോട്ടണ്‍ മാസ്ക്കുകളും, എന്‍ 95 മാസ്ക്കുകളും, ഡിസൈനര്‍ മാസ്ക്കുകളും, സ്വര്‍ണത്തിലും, വജ്രക്കല്ലുകള്‍ പിടിപ്പിച്ചതുമായ മാസ്ക്കുകളും വിപണിയില്‍ നമ്മള് കണ്ടു. ഇപ്പോള്‍ പിപിഇ കിറ്റുകളുടെ ഫാഷന്‍ പ്രദര്‍ശനമാണ് ശ്രദ്ധേയമാകുന്നത്. ചൈനയിലെ ലിയോണിംഗ് പ്രവശ്യയിലാണ് പിപിഇ കിറ്റുകളുടെ ഫാഷന്‍ പ്രദര്‍ശനം നടന്നത്. പിപിഇ കിറ്റിന്റെ പരിഷ്കൃത രൂപങ്ങളാണ് ചൈനീസ് കമ്പനി അവതരിപ്പിച്ചതെന്നാണ് രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തീപിടിത്തത്തില്‍ നിന്നു രക്ഷ നേടാനും അലങ്കാര വസ്ത്രമായും ക്ലീനിംങ് ജോലികള്‍ക്കും ഉള്‍പ്പെടെ പിപിഇ കിറ്റുകളുടെ ഉപയോഗം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാഷന്‍ പ്രദര്‍ശനം നടത്തിയത്. അധികം ചൂട് അനുഭവപ്പെടാത്തതും വായു സഞ്ചാരം സുഖമമാക്കുന്നതുമായ രീതിയിലാണ് പിപിഇ കിറ്റുകളുടെ നിര്‍മ്മാണമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെള്ള നിറത്തിലുള്ള കിറ്റിന്റെ ചിലയിടങ്ങളില്‍ മറ്റു നിറങ്ങള്‍ നല്കി കൂടുതല്‍ സ്റ്റൈലാക്കുകയും ചെയ്തിട്ടുണ്ട്.






