
അമരാവതി: തലസ്ഥാനമായി മൂന്ന് നഗരങ്ങളെ പരിഗണിക്കാനുള്ള തീരുമാനം ജനം അംഗീകരിച്ചാല്‍ രാഷ്ട്രീയജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗ്മോഹന് റെഡ്ഡിയെ വെല്ലുവിളിച്ച് തെലുഗു ദേശം പാര്‍ട്ടി നേതാവ് എന്‍ ചന്ദ്രബാബു നായിഡു. നിര്‍ദേശം ജനഹിത പരിശോധനയ്ക്ക് വെയ്ക്കാന്‍ ജഗ്മോഹനെ വെല്ലുവിളിച്ച ചന്ദ്രബാബു നായ്ഡു ജനങ്ങള്‍ വോട്ടിട്ടു നിര്‍ദേശത്തെ വിജയിപ്പിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
സംസ്ഥാന തലസ്ഥാനം മാറ്റാനെടുത്ത തീരുമാനത്തിന് തന്നെ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അമരാവതി സംസ്ഥാന തലസ്ഥാനമാക്കി മാറ്റാന്‍ കര്‍ഷകര്‍ നടത്തിയ സമരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു നായിഡു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഭരണപരമായ കാര്യങ്ങളുടെ സൗകര്യാര്‍ത്ഥം മൂന്ന് തലസ്ഥാനമെന്ന ആശയം പങ്കുവെച്ചത്. വിശാഖപട്ടണത്തെ ഭരണപരവും കുര്‍ണൂലിനെ നീതിന്യായ വിഭാഗത്തിലും അമരാവതിയെ നിയമനിര്‍മ്മാണം സംബന്ധിച്ചതുമായ തലസ്ഥാനമാക്കി സര്‍ക്കാര്‍ നിയമം പാസ്സാക്കിയെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അമരാവതിയെ നഗരമായി വികസിപ്പിക്കുന്നതിനായി 33,000 ഏക്കര്‍ കൃഷിഭൂമി നഷ്ടപ്പെടുത്തിയ കര്‍ഷകര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്് ആന്ധ്രാ ഹൈക്കോടതിയില്‍ നിയമയുദ്ധം നടത്തുകയാണ്. അമരാവതിയെ സംസ്ഥാന തലസ്ഥാനമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ കര്‍ഷകരും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമാധാനപരമായ പ്രതിഷേധം നടത്തുകയാണ്.
ദക്ഷിണാഫ്രിക്കയിലെ പ്യൂട്ടോറിയ, ബ്ളൂം ഫൊണ്ടേയ്ന്, കേപ്പ് ടൗണ്‍ എന്നീ നഗരങ്ങളെ പോലെ മുന്നിടത്ത് നിന്നും ഭരണം നടത്താനുള്ള തീരുമാനം കഴിഞ്ഞ ജനുവരിയിലായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി ജഗ്മോഹന് റെഡ്ഡി നടത്തിയത്. ആന്ധ്രയുടെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃഷ്ണാനദീതീരത്തെ ഫലപുയിഷ്ടമായ അമരാവതിയിലെ 34,281 ഏക്കര്‍ ഭൂമിയാണ് കര്‍ഷകര്‍ തലസ്ഥാനത്തിനായി വിട്ടു നല്‍കിയത്. വര്‍ഷങ്ങളായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയ ഭൂമി തിരികെ കിട്ടിയാല്‍ പോലും എന്തു ചെയ്യുമെന്നറിയാത്ത നിലയിലാണ് കര്‍ഷകര്‍. 120 ലേറെ വിളകള്‍ കൃഷി ചെയ്തിരുന്ന ഭൂമിയാണ് കര്‍ഷകര്‍ തലസ്ഥാന നഗരി വികസിപ്പിക്കാനായി നല്‍കിയത്.
തെലുങ്കാന സംസ്ഥാനം കൂടി നിലവില്‍ വന്നതോടെയാണ് ആന്ധ്രയ്ക്ക് തലസ്ഥാനമായ വിശാഖപട്ടണം നഷ്ടമായത്. വിവേകമുള്ളവര്‍ തലസ്ഥാനം മാറ്റില്ല. ഇനി അത്യാവശ്യമാണെങ്കില്‍ ജനഹിത പരിശോധനയ്ക്ക് തയ്യാറാണോ? ജനങ്ങള്‍ ഈ തീരുമാനത്തെ പിന്തുണച്ചാല്‍ എന്നേയ്ക്കുമായി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാകും. നായ്ഡു പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിനെ ഒറ്റത്തവണ മുഖ്യമന്ത്രി എന്നാണ് ചന്ദ്രബാബു നായിഡു വിളിച്ചത്.






