
മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവ്, നടന്, ഗായകന്, ജോസ്പ്രകാശെന്ന പ്രതിഭയുടെ സഹോദരന്, തിരക്കഥാകൃത്തുക്കളായ ബോബിയുടെയും സഞ്ജയ്യുടേയും പിതാവ്, അടുപ്പക്കാരുടെയെല്ലാം കറിയാച്ചന് അങ്ങനെ പ്രേം പ്രകാശിന് വിശേഷണങ്ങള്‍ ഏറെയാണ്. നടനായി തുടക്കംകുറിച്ച് സിനിമാരംഗത്ത് എത്തിയിട്ട് 50 വര്‍ഷം. മികച്ച നടനും നിര്മ്മാതാവുമെന്നനിലയില് ലഭിച്ച പുരസ്കാരങ്ങളും ധാരാളം. ഇത്രവര്‍ഷത്തെ സിനിമ ജീവിതത്തെക്കുറിച്ചും, തന്റെ എല്ലാമായ കുടുംബത്തെക്കുറിച്ചും സഹോദരനെക്കുറിച്ചും പ്രേം പ്രകാശ്.
അഭിനേതാവായി വന്നിട്ട് 50 വര്‍ഷമായി. 1970 ല്‍ അരനാഴിക നേരം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. അതിനുമുന്‍പ് 1968 ല്‍ ഗായകനായാണ് സിനിമയില്‍ അരങ്ങേറ്റം. ചെറുപ്പം മുതല്‍ കലയോട് താല്പര്യമുണ്ട്. പാട്ടിനോടായിരുന്നു കൂടുതല്‍ കമ്പം. ചേട്ടന് ജോസ്പ്രകാശിന്റെ മേല്‍വിലാസത്തില്‍ സിനിമയില്‍ പാടാന്‍ അവസരങ്ങള്‍ക്കായി ശ്രമിച്ചു. അങ്ങനെ ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ കാര്‍ത്തിക എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്.
സിനിമയില്‍ വന്നിട്ട് അര നൂറ്റാണ്ട്.?
അഭിനേതാവായി വന്നിട്ട് 50 വര്‍ഷമായി. 1970 ല്‍ അരനാഴിക നേരം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. അതിനുമുന്‍പ് 1968 ല്‍ ഗായകനായാണ് സിനിമയില്‍ അരങ്ങേറ്റം. ചെറുപ്പം മുതല്‍ കലയോട് താല്പര്യമുണ്ട്. പാട്ടിനോടായിരുന്നു കൂടുതല്‍ കമ്പം. ചേട്ടന് ജോസ്പ്രകാശിന്റെ മേല്‍വിലാസത്തില്‍ സിനിമയില്‍ പാടാന്‍ അവസരങ്ങള്‍ക്കായി ശ്രമിച്ചു. അങ്ങനെ ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ കാര്‍ത്തിക എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്.

പിന്നെയെന്തേ ഗായകനാവാതിരുന്നത്?
റേഡിയോയിലൂടെ ഹിന്ദി പാട്ട് മാത്രം കേള്‍ക്കുന്നവരായിരുന്നു എന്റെ സഹോദരങ്ങള്‍. സ്വാഭാവികമായും ഞാനും ആ ശീലക്കാരനായി. ചേട്ടന് ജോസ് പ്രകാശും ഗായകനായിട്ടാണ് സിനിമയില്‍ അരങ്ങേറിയത്. സംഗീതത്തോടുള്ള എന്റെ താല്പര്യം കണ്ട് വീട്ടുകാര്‍ എനിക്ക് പാട്ട് പഠിപ്പിച്ചുതരാന്‍ ഒരു ഭാഗവതരെ ഏര്‍പ്പാടാക്കി, അദ്ദേഹത്തിന് അല്‍പ്പം ചട്ടുണ്ടായിരുന്നു. കുസൃതിക്കാരനായ ഞാന്‍ അദ്ദേഹത്തെ ചട്ടന്‍ ഭാഗവതരേ എന്ന് വിളിച്ചു. അതിന് വീട്ടുകാരുടെ കൈയില്‍നിന്ന് പൊതിരെ തല്ലുകിട്ടിയെന്ന് മാത്രമല്ല ഭാഗവതര്‍ വേദനയോടെ പിണങ്ങി പോവുകയും ചെയ്തു. ഇപ്പോഴും കുറ്റബോധംകൊണ്ട് എന്നെ നീറ്റുന്ന ഒരു കാര്യമാണത്. അഭിനയം പോലെയല്ല, സംഗീതം അടിത്തറയിട്ട് പഠിച്ചില്ലെങ്കില്‍ അതില്‍ ശോഭിക്കാന്‍ പറ്റില്ല.
1970 ലാണ് ആദ്യം അഭിനയിച്ചതെന്ന് പറഞ്ഞല്ലോ. അതിനെന്നെ സഹായിച്ചത് സംവിധായകന് സേതുമാധവന് സാറാണ്. അദ്ദേഹത്തിന്റെ ചട്ടക്കാരി, പണിതീരാത്ത വീട് ഈ ചിത്രങ്ങളിലും അഭിനയിച്ചു. അങ്ങനെ അഭിനയത്തോട് താല്പര്യം വര്‍ധിച്ചു. ചെറിയ വേഷങ്ങള്‍ ചെയ്തു. 1978 ആയപ്പോഴാണ് ഒരു സിനിമ നിര്‍മ്മിക്കണമെന്ന് ആഗ്രഹം തോന്നിയത്. പണം കൂടുതലുണ്ടായിരുന്നതുകൊണ്ടല്ല, നല്ല സിനിയോടുള്ള ആഗ്രഹംകൊണ്ടുമാത്രം. അങ്ങനെയാണ് പെരുവഴിയമ്പലം നിര്‍മ്മിക്കുന്നത്.
അവിടുന്ന് പത്മരാജനുമായി മനോഹരമായ ഒരു ബന്ധം തുടങ്ങുകയായിരുന്നു?
പത്മരാജന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പെരുവഴിയമ്പലം. ഞാന്‍ നിര്‍മ്മിച്ച ആദ്യത്തെ ചിത്രവും. പത്മരാജന് എന്ന വലിയ കലാകാരന് ആദ്യമായി സംവിധായകനാകാന്‍ നിമിത്തമായത് ഞാനാണ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ആ ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു, അശോകന് എന്ന നടനെയും നമുക്ക് കിട്ടി.
പത്മരാജനുമായുള്ള സൗഹൃദവും പെരുവഴിയമ്പലം എന്ന സിനിമയും ഉണ്ടായതിനെക്കുറിച്ച് പറയാം.
ഒരു സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്ന കാലം. അക്കാലത്ത് റീഡേഴ്സ് ഡൈജസ്റ്റ് എന്നൊരു ഇംഗ്ലീഷ് മാഗസിന് ഉണ്ടായിരുന്നു. അതില്‍ വന്ന ഒരു കഥ വായിച്ച് ഭാര്യ ഡെയ്സി എന്നോട് പറഞ്ഞു. ഈ കഥ സിനിമയ്ക്ക് പറ്റുമോ എന്ന് നോക്കൂ.

അക്കാലത്ത് ഏറ്റവും പ്രശസ്തനായിട്ടുള്ള തിരക്കഥാകൃത്ത് പത്മരാജനാണ്. അദ്ദേഹത്തെക്കൊണ്ട് തിരക്കഥ എഴുതിച്ച് ഐ. വി ശശിയെക്കൊണ്ട് സംവിധാനം ചെയ്യിക്കാം എന്ന് മനസില്‍ പ്ലാന്‍ ചെയ്തു. തിരുവനന്തപുരത്ത് പോയി പത്മരാജനെ കണ്ടു. എന്റെ അഡ്രസ് ജോസ് പ്രകാശിന്റെ സഹോദരന് എന്നത് മാത്രമാണ്. അദ്ദേഹം സ്നേഹത്തോടെ സ്വീകരിച്ചിരുത്തി, കാര്യങ്ങള്‍ കേട്ടു. ഡ്രഗ് അഡിക്ഷന് കൊണ്ട് നശിച്ചുപോകുന്ന ഒരു കുടുംബത്തിന്റെ കഥയായിരുന്നു അത്. പക്ഷേ പത്മരാജന് പറഞ്ഞു, ഇക്കാലത്ത് ഡ്രഗ്ഗ് അഡിക്ഷന് കുടുംബത്തെ അധികം ബാധിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു വേറെ എന്തെങ്കിലും കഥ താങ്കളുടെ കൈയിലുണ്ടോ. എന്റെ കൈയില്‍ ഒരു കഥയുണ്ട്. ഇപ്പോള്‍ അതൊരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ എന്നെങ്കിലും ആ കഥ സിനിമയാക്കിയാല്‍ അത് സംവിധാനം ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. പത്മരാജന് പറഞ്ഞു.
പെരുവഴിയമ്പലമാണോ കഥ ഞാന്‍ ചോദിച്ചു. (സ്ഥിരമായി ആ കഥ വായിക്കുന്നവരില്‍ ഒരാളായിരുന്നു ഞാന്‍). ആണെങ്കില്‍ ആ കഥ എനിക്ക് തന്നേക്കൂ. സംവിധാനവും എഴുത്തും പത്മരാജന്റേതാവട്ടെ. അപ്പോള്‍ പത്മരാജനും അതിശയം. ഐ. വി ശശിയെപ്പോലൊരു ആളെക്കൊണ്ട് സംവിധാനം ചെയ്യിക്കാനിരുന്നയാള് പുതിയ ഒരാള്‍ക്ക് അവസരംകൊടുക്കുന്നു. കറിയാച്ചാന്‍ മൂന്ന് ആഴ്ചകഴിഞ്ഞ് എന്നെ വിളിക്കൂ. മൂന്നാഴ്ച കഴിഞ്ഞ് ഞാന്‍ വിളിച്ചു. അദ്ദേഹം സമ്മതമറിയിച്ചു.
പ്രൊഡ്യൂസര്‍, എഴുത്തുകാരന് ബന്ധമായിരുന്നില്ല ഞങ്ങള്‍ തമ്മില്‍. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. കൂടെവിടെയും പറന്ന്പറന്ന് എന്ന ചിത്രവും പത്മരാജനെക്കൊണ്ട് ചെയ്യിപ്പിച്ചു. അദ്ദേഹം എഴുതിയ പല ചിത്രങ്ങളിലും എന്നെ കാസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ എനിക്ക് കിട്ടിയ ഏറ്റവും അടുത്ത ബന്ധമായിരുന്നു അദ്ദേഹവുമായുണ്ടായിരുന്നത്.
തിരക്കഥാകൃത്തുക്കളായ ബോബിയുടെയും സഞ്ജയ് യുടേയും പിതാവെന്ന നിലയില്‍?
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മക്കളും എന്നെയും ചേട്ടനേയും പോലെ ഈ രംഗത്തേക്ക് വന്നു. ചെറുപ്പത്തിലെ കഥകള്‍ എഴുതുന്ന കുട്ടികളായിരുന്നു അവര്‍.
അവസ്ഥാന്തരങ്ങള്‍ എന്ന സീരിയലാണ് അവര്‍ ആദ്യമായി എഴുതിയത്. അതിന് ഏഴ് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.
പിന്നീട് അവിചാരിതം എന്ന സീരിയല്‍. എനിക്ക് ഏറ്റവും നല്ല സ്വഭാവനടനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയത് മക്കളെഴുതിയ നിര്‍ണ്ണായകം എന്ന ചിത്രത്തിനാണ്. മൂന്ന് തവണ നടനും രണ്ട് പ്രാവശ്യം സഹനടനും രണ്ട് പ്രാവശ്യം മികച്ച നിര്മ്മാതാവിനുമുളള പുരസ്കാരങ്ങള്‍ ലഭിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ തൃപ്തനാണ്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പ്രാര്‍ഥനയും, ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പിന്തുണയും ധാരാളമുണ്ട്. ഒരുമാറ്റവും ഇന്നേവരെ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടായിട്ടില്ല.

നിര്‍മ്മാതാവായ ശേഷം കലയും കച്ചവടവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോയതിനെക്കുറിച്ച്?
യഥാര്‍ഥത്തില്‍ ഞാനൊരു നല്ല ബിസിനസുകാരനല്ല. കലയോടുള്ള പാഷന് കൊണ്ട് ഈ രംഗത്തേക്ക് ഇറങ്ങിയതാണ്. ബിസിനസിലെ കള്ളക്കളികള്‍ എനിക്കറിയില്ല. പക്ഷേ രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ ദൈവം എന്നെ സഹായിച്ചു. അതിന് കുടുംബം കൂടെനിന്നു. നമ്മള് നിമിത്തം കുറേയാളുകള്‍ രക്ഷപെടാനിടയായി. നമ്മള് നോക്കിനില്‍ക്കെ നമ്മളായി കൊണ്ടുവന്നവര്‍ വലുതാകുമ്പോള്‍ കിട്ടുന്ന സന്തോഷം ഇരട്ടിയാണ്.
എന്റെ പടത്തില്‍ കൂടിയാണ് സിബി മലയില്‍ സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയത്. ലാല്‍ ജോസ് ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് വാങ്ങിയത്. സിനിമയിലൂടെ ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. സിബി മലയില്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജഗതി, നെടുമുടി വേണു, അശോകന്. 50 വര്‍ഷത്തെ ജീവിതമുണ്ടല്ലോ. പക്ഷേ സിനിമയിലെ എല്ലാ ബന്ധവും നിഷ്കളങ്കമാണെന്ന് ഞാന്‍ പറയില്ല.
കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നയാളാണ്?
മൂന്ന് മക്കളുടെ പഠനം, അവരുടെ സ്വഭാവ രൂപീകരണം ഇതിനൊക്കെ അവരെ സഹായിച്ചത് എന്റെ ഭാര്യയാണ്. അവള് കോട്ടയത്ത് ബി. സി. എം കോളജില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്നു. അധ്യാപികയായതുകൊണ്ടാവണം ചെറുപ്പംമുതല്‍ കുട്ടികളെ വായിക്കാന്‍ ശീലിപ്പിച്ചതും പഠനത്തില്‍ താല്പര്യം ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചതും. ഞാന്‍ മക്കളുടെ കാര്യത്തിലൊന്നും അധികം ശ്രദ്ധിച്ചിട്ടില്ല. സാമ്പത്തികമായ പിന്തുണ കൊടുത്തു. എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ സാധിച്ചു. മക്കളാണ് നമ്മുടെ അസറ്റ്. ആറ് കൊച്ചുമക്കളുമായി. എല്ലാത്തിനും ഞാന്‍ നന്ദി പറയുന്നത് എന്റെ മാതാപിതാക്കള്‍ക്കാണ്. അവര്‍ എന്നെ പഠിപ്പിച്ചതൊക്കെ ഞാന്‍ എന്റെ മക്കളേയും പഠിപ്പിച്ചു. സിനിമചെയ്യുന്നതും പണം കിട്ടുന്നതുമൊന്നുമല്ല കാര്യം. ജീവിതം ഒന്നേയുള്ളൂ. ജീവിതത്തില്‍ ലാളിത്യം സൂക്ഷിക്കണം. ഞങ്ങള്‍ അത്തരത്തിലുള്ള സാധാരണക്കാരാണ്.
ഭാര്യയാണ് ഏറ്റവും വലിയ ശക്തി?
1968 ഡിസംബര്‍ 30 നായിരുന്നു ഞങ്ങളുടെ വിവാഹം ഈ ഡിസംബറാകുമ്പോള്‍ 52 വര്‍ഷമാകും. ഞാന്‍ സി.എം.സ് കോളജില്‍ പഠിക്കുമ്പോള്‍ ഡെയ്സിയും അവിടെ പഠിക്കുന്നുണ്ട്. അവിടെ വച്ച് പരിചയമുണ്ടായിരുന്നു. പ്രണയ വിവാഹമല്ല, അറേഞ്ച് മാര്യേജാണ്. എല്ലാ പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്ന് പറയാറുണ്ടല്ലോ. എന്റെ ജോലിയിലുളള ഉയര്‍ച്ചയില്‍ ഒപ്പം നിന്ന് സഹായിച്ചതും, മക്കളുടെ കാര്യങ്ങളും, എന്റെ ആരോഗ്യ സംരക്ഷണവും ഏറ്റവും ഭംഗിയായി നിറവേറ്റിയതും ഡെയ്സിയാണ്. എല്ലാ അര്‍ഥത്തിലും ഞാന്‍ ഡെയ്സിക്ക് നൂറ് ശതമാനം മാര്‍ക്കുകൊടുക്കും. പിന്നെ എല്ലാ ഭാര്യാഭര്ത്താക്കന്മാരെപ്പോലെ ഞങ്ങള്‍ തമ്മിലും സൗന്ദര്യ പിണക്കങ്ങളുണ്ടാവാറുണ്ട്. ഇല്ലന്നുപറഞ്ഞാല് കള്ളമാണ്.

സഹോദരന് ജോസ് പ്രകാശ് പിതൃതുല്യനായിരുന്നു?
ചേട്ടന് എന്റെ അച്ഛനെപ്പോലെയായിരുന്നു. ഞങ്ങള്‍ തമ്മില്‍ 17 വയസിന്റെ വ്യത്യാസമുണ്ട്. ഞാന്‍ ജനിക്കുമ്പോള്‍ ചേട്ടന് പട്ടാളത്തിലാണ്. എന്റെ ഒന്നര വയസിലാണ് അദ്ദേഹം എന്നെ കാണുന്നത്. അതുകൊണ്ട് മകനോടുള്ള സ്നേഹമായിരുന്നു. സഹോദരിമാര്‍ക്കും അങ്ങനെതന്നെ. ചേട്ടന് പറഞ്ഞുകേട്ടിട്ടുണ്ട് അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ മുഖത്തടിച്ചിട്ടുണ്ടെന്ന്. എന്നെ ഒരിക്കലും ചേട്ടന് വഴക്കുപറഞ്ഞതായിപോലും ഓര്‍ക്കുന്നില്ല. സഹോദരന്മാരില് ഏറ്റവും സൗമ്യന്‍ അദ്ദേഹമായിരുന്നു. സിനിമയിലെ വില്ലന്‍ ഇമേജൊന്നുമില്ലാത്ത വെറും സാധു. ഞങ്ങളുടെ അപ്പന്റെ മുന്നില്‍ ചേട്ടന് ഇരുന്ന ഓര്‍മയില്ല. ഏറ്റവും മൂത്തയാള്‍ ചേട്ടനും ഏറ്റവും ഇളയ ആള് ഞാനും ആയതുകൊണ്ട് എന്നെ ലാളിച്ചാണ് വളര്‍ത്തിയത്.
അവസാന കാലത്ത് കാല് മുറിച്ച് കഴിഞ്ഞ് വളരെ അസ്വസ്ഥനായിരുന്നു. ഞങ്ങള്‍ തനിച്ച് ഹോസ്പിറ്റലിലുണ്ടായിരുന്നപ്പോള് പലപ്പോഴും കാല് ഇല്ലാത്തതുകൊണ്ട് എനിക്കിനി അഭിനയിക്കാന്‍ പറ്റില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. കുടുംബത്തോടും ചേട്ടന് വലിയ അറ്റാച്ച്മെന്റായിരുന്നു. ചേട്ടന് സിനിമയില്‍ പോകുന്നതിനോട് അപ്പന് എതിര്‍പ്പായിരുന്നു. അക്കാലത്ത് സിനിമ നിഷിദ്ധമാണ്. അമ്മയ്ക്ക് ഇതൊക്കെ ഇഷ്ടമായിരുന്നു. അമ്മ നന്നായി പാടിയിരുന്നു.
മനുഷ്യത്വമുള്ള കലാകാരനാണ് താങ്കളെന്ന് കേട്ടിട്ടുണ്ട്?
സിനിമക്കാരെ താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ ഞാന്‍ ഒരിക്കലും അതില്‍ വിശ്വസിക്കുന്നില്ല. താരം എന്നുള്ള വാക്ക് അവര്‍ക്ക് കൊടുത്തത് തന്നെ തെറ്റാണ്. താരങ്ങള്‍ എപ്പോഴും മിന്നിയും മാഞ്ഞും നില്ക്കുന്നതുകൊണ്ടാവാം അങ്ങനെയൊരു പേര് കിട്ടിയതെന്നു കരുതാം. എന്നാല്‍ ചിലര്‍ ഈ പദവി ദുരുപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അവരൊന്നും മനുഷ്യരല്ല മറ്റെന്തോ ആണ് എന്നുള്ള രീതിയില്‍ പെരുമാറുന്നത് വിഷമിപ്പിച്ചിട്ടുണ്ട്.
നമ്മളെല്ലാം മനുഷ്യരാണ്. ദൈവം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് കഴിവ് തരുന്നത്. അതില്‍ ചിലര്‍ വിജയിക്കും ചിലര്‍ പരാജയപ്പെടും. ആര്‍ക്കും ആരേയും മാറ്റി നിര്‍ത്താനോ തള്ളിപ്പറയാനോ അര്‍ഹതയില്ല. ഞാനിന്നേവരെ ആര്‍ക്കും പിണക്കമുണ്ടാവാത്ത രീതിയിലാണ് പെരുമാറിയിട്ടുള്ളത്. വീട്ടില്‍ നില്ക്കുന്ന വേലക്കാരെന്ന് വിളിക്കുന്ന മനുഷ്യര്‍, പറമ്പില്‍ പണിയെടുക്കുന്നവര്‍. അവരും ഒരു ജോലിയല്ലേ ചെയ്യുന്നത്. അവരും മനുഷ്യരാണ്. ചിലയിടത്ത് ചെന്നാല്‍ സിനിമക്കാരനായതുകൊണ്ടുള്ള പ്രിവിലേജ് കൊടുക്കും. എന്തിനാണ് ഇങ്ങനെ വേര്‍തിരിവ്.

അത്തരത്തില്‍ മനസ്സില്ത്തട്ടിയ അനുഭവങ്ങള്‍ ?
ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഷൂട്ടിംഗിന് പോയി. ഔട്ട് ഡോര്‍ ഷൂട്ടാണ്. ഞാനവിടെ ഒരു കസേരയില്‍ ഇരിക്കുകയാണ്. ഒരാള്‍ എന്റെ അടുക്കല്‍ വന്ന് നിന്നു. ഞാന്‍ സാറിനെ കാണാന്‍ വന്നതാ. ഒരു കസേരയും കൂടി അവിടെ കിടക്കുന്നു. ഞാന്‍ പറഞ്ഞു, ഇരിക്കൂ. എനിക്ക് സാറിന്റെ അടുത്ത് ഇരിക്കാമോ, ഞാന്‍ ചോദിച്ചു അതിനെന്താ കുഴപ്പം?. അങ്ങനെയൊക്കെ ചിന്തിക്കാന്‍ ആരാണ് നമ്മള്. ഒറ്റ നിമിഷംകൊണ്ട് തീരാനുളളതേയുള്ളൂ ഈ ജീവിതം ഞാന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്.
അയാള്‍ എന്റെയടുത്ത് ഇരുന്നു. സാറിനെ ഒന്ന് തൊട്ടോട്ടെട്ട. ഞാന്‍ അയാളുടെ കൈയില്‍ കയറി പിടിച്ചു. മുന്‍പൊരിക്കല്‍ ഇതുപോലൊരു ഷൂട്ടിംഗിന് പോയപ്പോള്‍ ഒരു നടന് അയാളുടെ ശരീരത്തില്‍ തൊടാതെ മാറിനില്ക്കാന് പറഞ്ഞു അതുകൊണ്ടാണ് സര്.
ഈ ആര്‍ട്ടിസ്റ്റുകളെ വലുതാക്കുന്നത് സാധാരണക്കാരായ ഓഡിയന്‍സാണ്. അത് മനസിലാക്കാതെ പെരുമാറുന്നത് വളരെ മോശമാണ്. എന്റെ ചേട്ടന് മറ്റുള്ളവരോട് പെരുമാറുന്നതു കണ്ടാണ് ഞാനും പഠിച്ചത്.
തോറ്റുപോയെന്ന് തോന്നിയടുത്തുനിന്ന് ഉയര്‍ത്തെഴുന്നേറ്റ അനുഭവമുണ്ടായിട്ടുണ്ടോ?
പലപ്പോഴും ഉണ്ടായിട്ടുണ്ട്. നിര്‍മ്മിച്ച ചില സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ കടമൊക്കെ വന്നിരുന്നു. സ്ഥലം വിറ്റും കാറ് വിറ്റും ഒക്കെ കടം വീട്ടിയ അവസരമുണ്ടായിട്ടുണ്ട്. നിര്‍മ്മാതാവെന്ന നിലയില്‍ സങ്കടപ്പെട്ട പല മുഹൂര്‍ത്തങ്ങളും ഉണ്ടായിട്ടുണ്ട്. പണക്കാരനായതുകൊണ്ട് സിനിമയെടുക്കാനിറങ്ങിയ ആളല്ല. കലയോടുള്ള ഇഷ്ടംകൊണ്ട് അതിന്റെ ഭാഗമായതാണ്. ഒറ്റക്കുമല്ല എല്ലാം ചെയ്തത്. പലരും എന്നെ സഹായിച്ചിട്ടുണ്ട്. എല്ലാമനുഷ്യന്റെയും ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാവും. അതൊക്കെ കണ്ടറിഞ്ഞാണ് ഞാന്‍ ഇവിടെവരെയെത്തിയത്.
ഒരു അനുഭവം പറയാം. വലിയ പാട്ടുകാരനായിരുന്ന സി.ഒ ആന്റണി. ഗാനമേളയ്ക്കുംമറ്റും അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാന്‍ ഞാനടക്കമുള്ള ചെറുപ്പക്കാര്‍ പലയിടത്തും കാത്തുനിന്നിട്ടുണ്ട്.
നിര്‍മ്മാണ രംഗത്ത് വന്ന സമയം. ഒരു സ്റ്റുഡിയോയില്‍ റെക്കോഡിങ് നടക്കുന്നു. ജോണ്സണ് മാഷാണ് സംഗീത സംവിധാനം. നോക്കുമ്പോള്‍ കോറസിന്റെ കൂടെ ആന്റണി നില്ക്കുന്നു. ഞാന്‍ ചോദിച്ചു, എന്താ ഇവിടെ?. ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമൊന്നും ഇല്ല. ഇപ്പോള്‍ കോറസിന്റെയൊപ്പമൊക്കെ പോകുമ്പോള്‍ എന്തെങ്കിലും കിട്ടുംം. നോക്കൂ ഇതും ഒരു ജീവിതമാണ്. ഞാനിതെല്ലാം കണ്ടിട്ടുണ്ട്. പലരുടേയും ഉയര്‍ച്ചയും താഴ്ചയും ഒക്കെ. ജീവിതത്തില്‍ എളിമ ആവശ്യമാണ്.
പുതിയ നിര്‍മ്മാണ സംരംഭങ്ങള്‍ ?
മക്കള്‍ തന്നെ എഴുതുന്ന കാണെക്കാണെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. 2021 ല്‍ ബോബിയുടെയും സഞ്ജയുടെയും ഒരു സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

മകള്‍ തങ്കത്തെക്കുറിച്ച് ?
മകള്‍ തങ്കം ആന്റണി. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം അമേരിക്കയിലാണ്. അവളുടെ ഭര്‍ത്താവ് ആന്റണി അമേരിക്കന്‍ സിറ്റി ബാങ്കിലാണ് ജോലി ചെയ്യുന്നത്. എന്റെ പാട്ടിനോടുള്ള ഇഷ്ടം അവള്‍ക്കും കിട്ടിയിയിട്ടുണ്ട്. തങ്കം വളരെ നന്നായി പാടും. എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയിട്ടുണ്ട്. അവള് ഗായികയായി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുറച്ചുകാലം പാട്ട് പഠിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 12 വര്‍ഷം സിങ്കപ്പൂരായിരുന്നു. അത് കഴിഞ്ഞ് അമേരിക്കയിലും. ഇപ്പോള്‍ സ്മ്യൂളില് പാടാറുണ്ട്. ധാരാളം ഫോളോവേഴ്സ് ഉണ്ട് അവള്‍ക്ക്. പാട്ടുകളൊക്കെ പാടി ഞങ്ങള്‍ക്കും അയച്ചുതരും. എന്റെ പെറ്റാണ്. എന്നും വിളിക്കും. വിശേഷങ്ങള്‍ പറയും. ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് തങ്കത്തിന്റെ അടുത്തായിരുന്നു. ഈ വര്‍ഷം ക്രിസ്മസിന് അവള്‍ക്കും നാട്ടിലേക്ക് വരാന്‍ പറ്റില്ല. അതിന്റെ വിഷമമുണ്ട്.
സ്വീറ്റ് ബ്രഡ്ഡ്
ക്രിസ്മസ് വിരുന്നൊരുക്കുമ്പോള്‍ നാവിന് രുചിയും കാണാന്‍ ഭംഗിയുമുള്ള ഈ സ്വീറ്റ് ബ്രഡ്ഡ് കൂടി വിളമ്പാം...
ആവശ്യമുളള സാധനങ്ങള്‍
മൈദ - 500 ഗ്രാം
യീസ്റ്റ് - ഒരു ടീസ്പൂണ്‍
പഞ്ചസാര - 150 ഗ്രാം
ഉപ്പ് - ഒരു ടീസ്പൂണ്‍
ചൂടുള്ള പാല് 200 മില്ലി ലിറ്റര്‍
വെജിറ്റബിള്‍ ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
മുട്ട - ഒരെണ്ണം
കസ്റ്റാര്‍ഡ് പൗഡര്‍ തയാറാക്കാന്‍
പാല് - 250 മില്ലി ലിറ്റര്‍
കസ്റ്റാര്‍ഡ് പൗഡര്‍ - 3 ടേബിള്‍ സ്പൂണ്‍
മുട്ട - 3 എണ്ണം (ഒരു മുട്ടയുടെ ഉണ്ണി മാറ്റി വയ്ക്കുക)
പഞ്ചസാര - ഒരു കപ്പ്
നാരങ്ങാത്തൊലി ചുരണ്ടിയത് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം
മൈദ, യീസ്റ്റ്, പഞ്ചസാര ഉപ്പ് ഇവ ഒരുമിച്ച് മിക്സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് ആദ്യം മുട്ടയും എണ്ണയും പുറകേ പാലും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ചതിന് ശേഷം എണ്ണതടവിയ ഒരു പാത്രത്തില്‍ പൊങ്ങാന്‍ വയ്ക്കുക. മാവ് പൊങ്ങുന്ന സമയത്ത് കസ്റ്റാര്‍ഡ് തയാറാക്കാം.
50 മില്ലി പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍ കട്ടയില്ലാതെ കലക്കിയെടുത്ത് മാറ്റി വയ്ക്കുക.
മുട്ടയും പഞ്ചസാരയും ഒരുമിച്ച് അടിച്ചെടുക്കുക. ഇത് അടുപ്പില്‍ വച്ച് പാലും നാരങ്ങാത്തൊലിയുംചേര്ത്ത് ചെറുതീയില്‍ കാച്ചിയെടുക്കുക. തിളയ്ക്കാറാകുമ്പോള്‍ കസ്റ്റാര്‍ഡ് കലക്കിയത് ചേര്‍ത്ത് കട്ടിയില്‍ കുറുക്കിയെടുക്കുക.
വേണമെങ്കില്‍ 1/2 ടീസ്പൂണ്‍ വാനില എസന്‍സും ചേര്‍ത്തിളക്കാം.
ഇനി മാവ്(പൊങ്ങി ഇരട്ടിയാകണം)ഇടിച്ച് കുഴച്ച് ഏതാണ്ട് ഒരിഞ്ച് കനത്തില്‍ പരത്തിയെടുക്കുക. ഇതിനുമീതെ കസ്റ്റാര്‍ഡ് കുറുക്കിയത് പരത്തുക. വേണമെങ്കില്‍ കുറച്ച് കിസ്മിസ് കൂടി വിതറാം. ഇനി പരത്തിയ മാവ് പായ തെറുക്കുന്നതുപോലെ തെറുത്തിട്ട് ഒരിഞ്ച് കനത്തില്‍ മുറിക്കുക. ഇവ വട്ടത്തിലുളള ഒരു കേക്ക് ടിന്നില്‍ എണ്ണയോ ബട്ടറോ പുരട്ടി അതില്‍ നിരത്തുക. പുറമേ ഒരു മുട്ടയുടെ മഞ്ഞ അടിച്ചത് ബ്രഷ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് 180 ഡിഗ്രി സെല്‍ഷ്യസ് ചൂടായ ഓവനില്‍ 40 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.







Comments