
ലഖ്നൗ: ഉത്തര്‍പ്രദേശിലെ എറ്റാവില്‍ പഞ്ചായത്ത് പ്രസിഡന്റായി പാക് പൗര. അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍. പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് 65 കാരിയായ പാക് വനിതയെ നീക്കി. ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത് ദീര്‍ഘകാല വിസയില്‍ താമസിക്കുകയായിരുന്നു ഇവര്‍.
ജലേസര്‍ ഗ്രമപഞ്ചയത്തിലാണ് ബാനോ ബീഗം എന്ന വനിതയെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യന്‍ പൗര അല്ലാത്ത ഇവര്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പഞ്ചായത്ത് അംഗവും പ്രസിഡന്റുമായി എന്ന് അന്വേഷിക്കാന്‍ മജിസ്ട്രേറ്റ് സുഖ്ലാല് ഉത്തരവിട്ടു. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
40 വര്‍ഷം മുന്‍പാണ് ബാനോ ബീഗം ഇന്ത്യന്‍ പൗരനായ അക്തര്‍ അലിയെ വിവാഹം ചെയ്തത്. നിരവധി തവണ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷച്ചിരുന്നെങ്കിലും പൗരത്വം ലഭിച്ചില്ല. 2015 ല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബാനോ ബീഗം പഞ്ചായത്ത് അംഗമായി തിരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി ബാനോ ബീഗത്തെ തിരഞ്ഞടുത്തത്. ഇതിനെതിരെ തദ്ദേശവാസി നല്കിയ പരാതിയെ തുടര്‍ന്നാണ് സംഭവം അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്.






