
ടെഹ്‌റാൻ: ഇറാനികൾ എന്നുമാത്രമല്ല, ലോകത്തിന്റെ ഏതു കോണിൽ കഴിയുന്നവരാണെങ്കിലും വിതുമ്പിപ്പോകും, ഈ കുഞ്ഞ് ശവപ്പെട്ടി കണ്ടാൽ! ഫെബ്രുവരി 28-ന് നടന്ന യുഎസ്, ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട 14 മാസം പ്രായമുള്ള ചെറുമകൾ സെഹ്‌റ മുഹമ്മദി ഗോൽപയേഗാനിയുടെ ചെറിയ ശവപ്പെട്ടിയും വിലാപയാത്രയിൽ പൊതുദർശനത്തിന് വെച്ചു. കുടുംബാംഗങ്ങളുടെ ശവപ്പെട്ടികൾക്കൊപ്പം കുഞ്ഞ് ശവപ്പെട്ടിയും ആ കുരുന്നിന്റെ നിഷ്കളങ്കമായ മുഖമുള്ള ചിത്രവും ആരുടെയും കരളലിയിക്കുന്നതാണ്. ഖമനേയിയുടെ കുടുംബാംഗങ്ങളുടെ ശവപ്പെട്ടികൾക്കൊപ്പം ദേശീയ പതാക പുതപ്പിച്ച നിലയിലാണ് കുഞ്ഞ് ശവപ്പെട്ടിയും.
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 86-കാരനായ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ശനിയാഴ്ച ടെഹ്‌റാനിൽ ആയിരക്കണക്കിന് ഇറാനികളാണ് ഒത്തുകൂടിയത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ദേശീയ പതാക പുതപ്പിച്ച പരമോന്നത നേതാവിന്റെ ശവപ്പെട്ടിയുടെ മുകളിൽ അദ്ദേഹത്തിന്റെ കറുത്ത തലപ്പാവ് വെച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട ബന്ധുക്കളുടെ മൃതദേഹങ്ങളും ഇതിനടുത്തായിട്ടാണ് സൂക്ഷിച്ചിരുന്നത്. അതേസമയം, പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന ബാനറുകൾ ഏന്തിയ ജനക്കൂട്ടം "അമേരിക്കയ്ക്ക് നാശം", "പ്രതികാരം, പ്രതികാരം" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരും വിലാപയാത്രയിലെ ചടങ്ങിൽ പങ്കെടുത്തു. യുഎസ് ചർച്ചകളിലെ പ്രധാന മധ്യസ്ഥനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് ചടങ്ങിൽ വികാരാധീനനായി കാണപ്പെട്ടു. ഖമനേയി കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുൻഗാമി കൊല്ലപ്പെട്ടതിനെ തുടർന്ന് റവല്യൂഷണറി ഗാർഡ്സിന്റെ പുതിയ മേധാവിയായി ചുമതലയേറ്റ അഹമ്മദ് വാഹിദിയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ആറ് ദിവസം നീണ്ടുനിൽക്കുന്ന പൊതുദർശന ചടങ്ങുകൾക്കായി ഖമനേയിയുടെ ഭൗതികശരീരം വെള്ളിയാഴ്ചയാണ് ടെഹ്‌റാനിൽ എത്തിച്ചത്. ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും വിവിധ നഗരങ്ങളിൽ വിലാപയാത്രകൾ നടക്കും. ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് തന്നെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ നൂറുകണക്കിന് അനുയായികൾ അവിടെ തടിച്ചുകൂടിയിരുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ടെഹ്‌റാനിൽ മാത്രം 1.5 കോടി മുതൽ 2 കോടി വരെ ആളുകൾ ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.ശനിയാഴ്ച ഗേറ്റുകൾ തുറന്നതോടെ ആയിരക്കണക്കിന് വിലാപകരാണ് വൻ സമുച്ചയത്തിന്റെ പ്രധാന മുറ്റത്തേക്ക് പ്രവേശിച്ചത്.
ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിതയും പങ്കെടുത്തു.
തിങ്കളാഴ്ച വരെ ഖമനേയിയുടെ ഭൗതികശരീരം ടെഹ്‌റാനിൽ പൊതുദർശനത്തിന് വെയ്ക്കും. ചൊവ്വാഴ്ച ഇത് മതകേന്ദ്രമായ കോമിലേക്കും ബുധനാഴ്ച ഇറാഖിലെ പുണ്യനഗരങ്ങളിലേക്കും കൊണ്ടുപോകും. അതിനുശേഷം വ്യാഴാഴ്ച വടക്കുകിഴക്കൻ ഇറാനിലെ ഖമേനിയുടെ ജന്മനാടായ മഷാദിൽ സംസ്കാര ചടങ്ങുകൾ നടക്കും.






