
മറ്റു നെറ്റ്വര്ക്കുകളിലേക്ക് വിളിക്കുന്നതിന് ഉപയോക്താക്കളില്‍നിന്ന് അധിക ചാര്‍ജ് ഇതുവരെ ഈടാക്കിയിട്ടില്ലെന്ന് വോഡഫോണ്‍ ഐഡിയ. ഇനിയും നിരക്കുകളില്‍ മാറ്റമില്ലാതെ എല്ലാം സേവനങ്ങളും തുടര്‍ന്നും ലഭ്യമാവുമെന്നും വി (വോഡഫോണ്‍ ഐഡിയ) പറയുന്നു.
പൂര്‍ണമായും പരിധിയില്ലാത്ത സേവനങ്ങള്‍ ആണ് വി അണ്‍ലിമിറ്റഡ് പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് നൽകിവരുന്നത്. തുടര്‍ന്നും ഉപയോക്താക്കള്‍ക്ക് എല്ലാ നെറ്റ് വര്‍ക്കുകളിലുമുള്ള അവരുടെ സുഹൃത്തുക്കളേും ബന്ധുക്കളേയുമെല്ലാം വിലക്കുകളില്ലാതെ വിളിക്കാന്‍ സാധിക്കിമെന്നും വോഡഫോണ്‍ ഐഡിയ പറഞ്ഞു.
അടുത്തിടെയാണ് ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജുകള്‍ (ഐയുസി) റദ്ദാക്കപ്പെടുമ്പോള്‍ മറ്റ് നെറ്റ്വര്ക്കുകളിലേക്ക് വിളിക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കുന്നത് നിര്‍ത്തലാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഉപയോക്താക്കളില്‍നിന്ന് തങ്ങള്‍ ഇതുവരെയും അധികനിരക്ക് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി വി രംഗത്തെത്തിയത്. റിപ്പോർട്ട് പ്രകാരം 27.2 കോടി ഉപയോക്താക്കളാണ് വിയ്ക്കുള്ളത്. ഉപയോക്താക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ വി-യുടെ സ്ഥാനം.






