
''ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം...'' അന്ന് ആദ്യമായി അവള് ഭര്‍ത്താവിനുനേരെ പൊട്ടിത്തെറിച്ചു. സ്വന്തം അനുജത്തിയോട് കയര്‍ത്തു സംസാരിക്കുന്നത് ഏറെനേരം കേട്ടുകൊണ്ടിരുന്ന അവള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.'കുമ്പളങ്ങി നൈറ്റ്സി'ലെ സിമി എന്ന കഥാപാത്രത്തിന്റെ ആ ഒറ്റ ഡയലോഗില്‍ തിയറ്ററുകള്‍ ഒരുനിമിഷം നിശ്ചലമായപ്പോള്‍ ഗ്രേസ് ആന്റണി എന്ന അഭിനയപ്രതിഭയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു അത്.
''കുട്ടിക്കാലം മുതല്‍ സിനിമ എന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ സിനിമ സ്വപ്നം കാണാവുന്ന ജീവിത സാഹചര്യമൊന്നുമായിരുന്നില്ല എന്റേത്. 'നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല സിനിമ' എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് എല്ലാരും ശ്രമിച്ചത്. പക്ഷേ, പിന്മാറാന് ഞാന്‍ തയാറായിരുന്നില്ല. നമ്മുടെ ലക്ഷ്യം നമ്മുടേത് മാത്രമാണെന്ന തിരിച്ചറിവിന്റെ ആകെ തുകയാണ് ഇന്ന് പ്രേക്ഷകര്‍ നല്കുന്ന ഈ അംഗീകാരവും സ്നേഹവും.''
അവഗണനകള്‍ പ്രചോദനമായി
എന്നെ നിരുത്സാഹപ്പെടുത്തിയ അതേ വാക്കുകളാണ് എനിക്ക് പ്രചോദമായത്. നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മറ്റാര്‍ക്കും മനസിലാവണമെന്നില്ല. സിനിമ ഞാന്‍ അത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് വീട്ടുകാര്‍ വൈകിയാണ് മനസിലാക്കിയത്. അതിനു ശേഷം അവര്‍ എനിക്ക് നല്ല പിന്തുണയാണ് നല്‍കിയത്.
സിനിമ നമുക്ക് എത്തിപ്പിടിക്കാനാവില്ലെന്നും വലിയ പണച്ചെലവ് ആവശ്യമാണെന്നും അവര്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു. അതുകൊണ്ട് നൃത്തപഠനത്തിനു വിട്ടു. പക്ഷേ, സിനിമാനടിയാകാന്‍ വേണ്ടിവന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവായത് നൃത്തപഠനത്തിനായിരുന്നു.
ഒരിക്കലും ഒന്നുമാവാന്‍ കഴിയില്ലെന്ന് പറഞ്ഞവരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. അവര്‍ അന്നങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒന്നുമാകില്ലായിരുന്നു.
നൃത്തവും സിനിമയും
എന്നെ നൃത്തരംഗത്ത് എത്തിച്ചത് സിനിമയാണെന്നു പറയാം. സിനിമയോടുള്ള ഇഷ്ടംകൊണ്ടാണ് നൃത്തം പഠിച്ചുതുടങ്ങിയത്. ഡാന്‍സ് സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ എന്റെ ആഗ്രഹം സിനിമയാണെന്ന് വീട്ടുകാര്‍ക്കറിയില്ലായിരുന്നു.
കലാതിലകമായാല്‍ സിനിമ നടിയാകാം എന്നു മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. പണം കൊടുത്ത് പ്രൈസ് വാങ്ങുന്നത് കണ്ടപ്പോഴാണ് ഒരിക്കലും കലാതിലകമാകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ പ്ലസ്ടു ക്ലാസിലെത്തിയപ്പോള്‍ നൃത്തപഠനം ഉപേക്ഷിച്ചു. പിന്നീട് നാടകമായിരുന്നു ലോകം.
കലാതിലകമായതുകൊണ്ട് മാത്രം സിനിമയിലെത്താന്‍ കഴിയില്ല എന്ന വലിയ സത്യം ഞാന്‍ അപ്പോഴേക്കും മനസിലാക്കി. ആ തിരിച്ചറിവാണ് എന്നെ സിനിമയിലെത്തിച്ചത്. അതിന് കൂട്ടായത് നൃത്തം പകര്‍ന്ന ആത്മവിശ്വാസവും.
ഫിറ്റ്നെസ് സീക്രട്ട്
ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് 'കുമ്പളങ്ങി നൈറ്റ്സി'ല്‍ അഭിനയിക്കുമ്പോള്‍ വണ്ണം അധികമുണ്ടായിരുന്നില്ല. അടുത്ത സിനിമയ്ക്കു വേണ്ടി പക്ഷേ, വണ്ണം കൂട്ടേണ്ടി വന്നു. ഡാന്‍സ് പ്രാക്ടീസ് കുറച്ചും നന്നായി ഭക്ഷണം കഴിച്ചും വണ്ണം കൂട്ടി. പിന്നീട് അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിന് വേണ്ടി മെലിയേണ്ടിവന്നു. അതിനായി വര്‍ക്കൗട്ടും യോഗയും ഭക്ഷണ നിയന്ത്രണവും വേണ്ടിവന്നു.
കാലടി ശ്രീശങ്കരാചാര്യ കോളജില്‍ എം.എ ഭരതനാട്യം പഠിക്കുമ്പോഴാണ് യോഗ പരിശീലനം ആരംഭിച്ചത്. അതിനുശേഷം ജിമ്മില്‍ വര്‍ക്കൗട്ടിനൊപ്പം യോഗയും ചെയ്യുമായിരുന്നു. പിന്നീട് സിനിമാതിരക്കുകള്‍ക്കിടയില്‍ ജിമ്മില്‍ പോകാന്‍ കഴിയാതായി. അങ്ങനെ വീട്ടില്‍ വര്‍ക്കൗട്ട് തുടങ്ങി.
വണ്ണം കുറയ്ക്കാന്‍ ഭക്ഷണ നിയന്ത്രണം
സിനിമയ്ക്കു വേണ്ടി വണ്ണം കുറയ്ക്കാന്‍ ആഹാക്രമീകരണവും ചിട്ടയായ വ്യായാമവും വേണ്ടിവന്നു. പതിവില്‍ കൂടുതല്‍ സമയം വര്‍ക്കൗട്ടിനു വേണ്ടി നീക്കിവയ്ക്കേണ്ടിവന്നു.
എല്ലാദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്തു. ഭക്ഷണം വലിച്ചുവാരി കഴിക്കുന്ന ശീലമില്ല എനിക്ക്. അതുകൊണ്ട് ഭക്ഷണ നിയന്ത്രണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാലും ഭക്ഷണം ഒറ്റയടിക്ക് കുറയ്ക്കാന്‍ മടി. അതു മറികടക്കാന്‍ ഡയറ്റീഷനാണ് സഹായിച്ചത്. ഭക്ഷണത്തിന്റെ അളവ് സാവധാനം കുറച്ചുകൊണ്ടുവന്നാല്‍ മതിയെന്ന് ഡയറ്റീഷന്‍ പറഞ്ഞു. അത് ഫലംകണ്ടു. പിന്നീട് അരിയാഹാരവും മധുരവും പൂര്‍ണമായി ഒഴിവാക്കി. സാലഡും വെജിറ്റബിളും കൂടുതല്‍ കഴിച്ചു.
നൃത്തവും വ്യായാവും
വര്‍ക്കൗട്ട് ഇഷ്ടമാണ്. മടിപിടിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ പലപ്പോഴും ആ കാര്യത്തില്‍ രാവിലെയുള്ള വര്‍ക്കൗട്ടിന് സമയം കിട്ടാറില്ല. സിനിമകളൊക്കെ കണ്ടിരുന്ന് രാത്രി വൈകിയാണ് ഉറങ്ങുന്നത്. അതുകൊണ്ട് രാവിലെ വൈകിയേ ഉണരൂ. അപ്പോള്‍ വൈകുന്നേരം വര്‍ക്കൗട്ടിന് സമയം കണ്ടെത്തും. വര്‍ക്കൗട്ടില്‍ ഡാന്‍സും ഉള്‍പ്പെടുത്തും. ഡാന്‍സ് ഏറ്റവും നല്ല വര്‍ക്കൗട്ടാണ്. ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അതില്‍ സ്റ്റെഡി മൂവ്മെന്റ്സാണ് കൂടുതല്‍. അതിലൂടെ സ്ട്രെച്ച് എക്സര്‍സൈസ് ചെയ്യുന്ന ഗുണം കിട്ടും. മുദ്രകള്‍ കൈകള്ക്ക്് എക്സര്‍സൈസ് നല്‍കും. ശരീരത്തിന് വഴക്കം ലഭിക്കുന്ന മറ്റൊരു വ്യായാമമുറ ഉണ്ടെന്നു തോന്നുന്നില്ല. മനസും ശരീരവും ക്ലാസിക്കല്‍ ഡാന്‍സില്‍ ഒത്തുചേരുന്നു. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഡാന്‍സ് സഹായിക്കുന്നുണ്ട്.
വയര്‍ കുറയ്ക്കാന്‍ ബെല്ലി ഡാന്‍സ്
വര്‍ക്കൗട്ട് എങ്ങനെ ചെയ്യണമെന്നും എത്ര സമയം ചെയ്യണമെന്നുമൊക്കെ സ്വയം തീരുമാനിക്കണം. ശരീരത്തിന്റെ ഏത് ഭാഗത്താണ് വണ്ണം കൂടുതലുള്ളതെന്നും അതെങ്ങനെ കുറയ്ക്കണമെന്നും സ്വയം നിശ്ചയിക്കാം.
ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി ഞാന്‍ സൂംബ പരീക്ഷിച്ചു നോക്കി. മാസ്റ്ററൊന്നും ഉണ്ടായിരുന്നില്ല. യൂട്യൂബ് നോക്കി പഠിച്ചു. ശരീരത്തില്‍ ഫാറ്റ് കൂടുതലാണെന്ന് തോന്നിയപ്പോഴാണ് ബെല്ലി ഡാന്‍സ് പ്രാക്ടീസ് ആരംഭിച്ചത്. അക്കാലത്ത് വയര്‍ അധികമായിരുന്നു. ബെല്ലി ഡാന്‍സ് പ്രാക്ടീസ് പതിവാക്കിയതോടെ വിചാരിച്ച രീതിയില്‍ വണ്ണം കുറഞ്ഞു.
ആത്മവിശ്വാസമായി. അപ്പോഴാണ് ബെല്ലി ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്.
ഗാര്‍ഡനിംഗും നല്ലൊരു വര്‍ക്കൗട്ടാണ്. ദിവസവും കുറച്ചുനേരം ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോഴും പരിപാലിക്കുമ്പോഴും മനസിന് സന്തോഷം ലഭിക്കും. ചെടിച്ചട്ടിയില്‍ മണ്ണു നിറയ്ക്കുകയും വളമിടുകയുമൊക്കെ ചെയ്യുമ്പോള്‍ ശരീരത്തിന് നല്ല ആയാസം ലഭിക്കും. ഇത് ശരീരത്തില്‍ നിന്നും അനാവശ്യ കൊഴുപ്പ് കുറഞ്ഞുകിട്ടാന്‍ സഹായിക്കും.
ഇപ്പോള്‍ എത്ര തിരക്കുണ്ടെങ്കിലും ദിവസവും അരമണിക്കൂര്‍ വര്‍ക്കൗട്ടിനായി മാറ്റി വയ്ക്കും. വോക്ക് അറ്റ് ഹോമും ആംസ് വര്‍ക്കൗട്ടുമാണ് ഇപ്പോള്‍ ചെയ്യുന്നത്.
ബ്യൂട്ടി സീക്രട്സ്
മുമ്പൊക്കെ ചര്‍മ്മസംരക്ഷണത്തില്‍ വലിയ ശ്രദ്ധയൊന്നും നല്‍കിയിരുന്നില്ല. സിനിമായതോടെയാണ് മാറ്റമുണ്ടായത്. മേയ്ക്കപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാനിടയുണ്ട്. അതുകൊണ്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ ഇപ്പോള്‍ ആവശ്യമാണ്. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് പതിവില്ല. മടിയാണ് കാരണം. എണ്ണമയമുള്ള ചര്‍മ്മമാണ് എന്റേത്. പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കറുള്ളൂ. ലഭ്യമായിട്ടുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ഫേസ്പായ്ക്കും സ്ക്രബറുമൊക്കെ വീട്ടില്‍തന്നെ ഉണ്ടാക്കും.
ആര്‍ത്തവത്തെക്കുറിച്ച് 'ക്നോളജ് '
സ്ത്രീകളും കുട്ടികളും സമൂഹത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഭയം തോന്നാറുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ആദ്യാര്ത്തവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നിരവധിയാണ്. അത്തരം ചിന്തകളാണ് 'ക്നോളജ്' എന്ന എന്റെ ആദ്യത്തെ ഹ്രസ്വചിത്രത്തിലേക്ക് നയിച്ചത്.
ഉള്ളില്‍ ഉറഞ്ഞുകൂടിയതെല്ലാം കുത്തിക്കുറിച്ച് ഒരു ചെറിയ കഥ രൂപപ്പെടുത്തി. കോളജില്‍ പഠിക്കുമ്പോള്‍ കുറച്ചൊക്കെ എഴുതുമായിരുന്നു. അങ്ങനെ ആ കഥ ഞാന്‍ സുഹൃത്ത് എബി ചേട്ടനോട് പറഞ്ഞു. കഥ ഇഷ്ടപ്പെട്ട അദ്ദേഹം ഇതൊരു ഷോര്‍ട്ട് ഫിലിമാക്കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. എന്നോട് സംവിധാനം ചെയ്യാനും പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു ആ കൊച്ചു ചിത്രം.
'ക്നോളജ്' റിലീസ് ചെയ്തശേഷം ഏറ്റവും കൂടുതല്‍ അഭിനന്ദനം ലഭിച്ചത് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അഹിനയ്ക്കും അന്ഹിരയ്ക്കുമാണ്. ഇരുവരും എന്റെ കസിന്‍സാണ്. ചിത്രം കണ്ട് കുറേ രക്ഷിതാക്കള്‍ വിളിച്ചു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ആര്‍ത്തവത്തെക്കുറിച്ച് പെണ്‍കുട്ടികളോട് നേരിട്ട് പറഞ്ഞുകൊടുക്കാതെ പെണ്മക്കള്ക്ക് 'ക്നോളജ്' കാണിച്ചുകൊടുത്തു എന്നൊക്ക ചില മാതാപിതാക്കള്‍ വിളിച്ചറിയച്ചപ്പോള്‍ ഒരു അവാഡ് കിട്ടിയതുപോലെയാണ് തോന്നിയത്.
തയാറാക്കിയത്:
അശ്വതി അശോക്