
മുംബൈ: രാജ്യത്ത് കറൻസിയുടെ അളവിൽ വർധന. കോവിഡ് പ്രതിസന്ധികളെ നേരിടാൻ ജനം കൂടുതലായി പണം സൂക്ഷിച്ചതോടെയാണ് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ ഗണ്യമായ വർധന ഉണ്ടായത്.
റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020 മാർച്ച് 31ന് ഉള്ള കണക്കുകൾ പ്രകാരം വിനിമയത്തിലുള്ള കറൻസി 24.47 ലക്ഷം കോടി രൂപയുടേതായിരുന്നെങ്കിൽ ഈ ജനുവരി ഒന്നിന് അത് 27.70 ലക്ഷം കോടി രൂപയായി ഉയർന്നു.
നോട്ട് നിരോധനത്തെ തുടർന്ന് വിനിമയ കറൻസിയുടെ അളവിൽ 9 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. അതെ സമയം, സർക്കാർ ഡിജിറ്റൽ ഇന്ത്യ ആശയത്തിനു പ്രാധാന്യം നൽകാൻ ശ്രമിക്കുമ്പോഴാണ് കറൻസിയുടെ ഈ മുന്നേറ്റം.
കറൻസിക്ഷാമം ഉണ്ടാകാതിരിക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ മാസങ്ങളിൽ ഒട്ടേറെ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.






