
ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ള്യു 3 സീരീസ് സെഡാന്റെ നീളമേറിയ വീൽബേസുള്ള ഗ്രാൻ ലിമോസിൻ ആണ് ഈ മാസം 21-ന് വിപണിയിലെത്തിക്കുമെന്ന് റിപ്പോർട്ട്. അവതരണത്തിന് മുൻപായി 3 സീരീസ് ഗ്രാൻ ലിമോസിന്റെ ബുക്കിങ് ബിഎംഡബ്ള്യു ആരംഭിച്ചു.
ബുക്കിങ് തുക 50,000 രൂപയാണ്. 3 സീരീസ് ഗ്രാൻ ട്യൂറിസ്മോയ്ക്ക് പകരക്കാരൻ ആയെത്തുന്ന ഗ്രാൻ ലിമോസിൻ ആദ്യ ബുക്ക് ചെയ്യുന്ന 50 പേർക്ക് 1 ലക്ഷം രൂപ വരുന്ന ബിഎംഡബ്ള്യു കംഫർട്ട് പാക്കേജ് ലഭിക്കുമെന്നാണ് സൂചന. കോട്ട് ഹാങ്ങർ, കാറിൽ സജ്ജീകരിക്കുന്ന 10.9-ഇഞ്ച് ഐപാഡ് എയർ എന്നിവ ബിഎംഡബ്ള്യു കംഫർട്ട് പാക്കേജിന്റെ ഭാഗമാണ്.
ബിഎംഡബ്ള്യു 3 സീരീസ് ഗ്രാൻ ലിമോസിൻ ലക്ഷ്വറി ലൈൻ, എം സ്പോർട്ട് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ലഭ്യമാവുക. കാഷ്മേർ സിൽവർ മെറ്റാലിക്, കാർബൺ ബ്ലാക്ക് മെറ്റാലിക്, മെൽബൺ റെഡ് മെറ്റാലിക്, മിനറൽ വൈറ്റ് മെറ്റാലിക് എന്നിങ്ങനെ 4 നിറങ്ങളിൽ ഇരു മോഡലുകളും വില്പനക്കെത്തും. ആഡംബരത്തിന് പ്രാധാന്യം നൽകിയാണ് ലക്ഷ്വറി ലൈൻ ഒരുങ്ങുന്നത്. അല്പം സ്പോർട്ടി ലുക്കിലാണ് എം സ്പോർട്ട് എത്തുക.
ലക്ഷ്വറി ലൈൻ മോഡലിൽ 17-ഇഞ്ച് V-സ്പോക്ക് അലോയ് വീലുകളും 18-ഇഞ്ച് എം സ്പോർട്ട് പതിപ്പിൽ ഡ്യുവൽ-സ്പോക്ക് അലോയ് വീലുകളുമാണ് ലഭിക്കുന്നത്. 3 സീരിസിനെക്കാൾ 110 എംഎം വീൽബേസ് വർദ്ധിച്ച് 2,851 എംഎം ആണ് ഗ്രാൻ ലിമോസിൻ പതിപ്പിന്റെ വീൽബേസ്. ഗ്രാൻ ലിമോസിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 120 എംഎം നീളവും കൂടുതലാണ്. 3 സീരീസ് ഗ്രാൻഡ് ലിമോസിൻ 258 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (330 Li), 190 എച്ച്പി പവർ നിർമ്മിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എൻജിൻ (320 Ld) എന്നിങ്ങനെ രണ്ട് എഞ്ചിനുകളിൽ ലഭിക്കും. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയർബോക്സ് ഓപ്ഷൻ.






